സ്ഫോടന പരമ്പര; തുർക്കിയിൽ 14 മരണം
സ്ഫോടന പരമ്പര; തുർക്കിയിൽ 14 മരണം
Thursday, August 18, 2016 12:40 PM IST
അങ്കാറ: തുർക്കിയിൽ സുരക്ഷാസൈനികരെ ലക്ഷ്യമിട്ട് കുർദിഷ് ഗറില്ലകൾ നടത്തിയ സ്ഫോടനങ്ങളിൽ 14 പേർ കൊല്ലപ്പെടുകയും 226 പേർക്കു പരിക്കേൽക്കുകയും ചെയ്തു. കിഴക്കൻ തുർക്കിയിൽ പോലീസ് സ്റ്റേഷനുകളെ ലക്ഷ്യമിട്ട് രണ്ടു കാർബോംബ് സ്ഫോടനങ്ങളും തെക്കുകിഴക്കൻ തുർക്കിയിൽ സൈനികവാഹനത്തെ ലക്ഷ്യമിട്ട് ബോംബാക്രമണവുമാണു നടത്തിയത്,

കിഴക്കൻ തുർക്കിയിലെ വാൻ പ്രവിശ്യയിലെ പോലീസ് സ്റ്റേഷനെ ലക്ഷ്യമിട്ടു ബുധനാഴ്ച നടത്തിയ സ്ഫോടനത്തിൽ ഒരു പോലീസ് ഓഫീസറും രണ്ടു സിവിലിയന്മാരും കൊല്ലപ്പെട്ടു. 20 പോലീസ് ഓഫീസർമാർ ഉൾപ്പെടെ നിരവധി പേർക്കു പരിക്കേറ്റു. മണിക്കൂറുകൾക്കുശേഷം ഇലാസിക് നഗരത്തിലെ പോലീസ് ആസ്‌ഥാനത്തുണ്ടായ കാർബോംബ് സ്ഫോടനത്തിൽ മൂന്നു പോലീസ് ഓഫീസർമാർക്കു ജീവഹാനി നേരിട്ടു. പരിക്കേറ്റവരുടെ എണ്ണം 200ൽ അധികമാണ്.

പോലീസ് ഹെഡ്ക്വാർട്ടേഴ്സ് പരിസരത്തുണ്ടായിരുന്ന നിരവധി കാറുകൾ അഗ്നിക്കിരയായെന്ന് ഇലാസിഗ് ഡെപ്യൂട്ടി മേയർ മഹ്മൂദ് വരോൾ ഹാബർ ടർക്ക് ടിവിയോടു പറഞ്ഞു. സമീപത്തെ നാലുനിലക്കെട്ടിടത്തിന്റെ ജനാലച്ചില്ലുകൾ പൊട്ടിത്തകർന്നു.


തെക്കുകിഴക്കൻ പ്രവിശ്യയായ ബിറ്റിലിസിൽ നടന്ന ബോംബ് സ്ഫോടനത്തിൽ മൂന്നു സൈനികർ മരിക്കുകയും ആറുപേർക്കു പരിക്കേൽക്കുകയും ചെയ്തെന്നു ദോഗൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

നിരോധിത കുർദിസ്‌ഥാൻ വർക്കേഴ്സ് പാർട്ടിയാണ്(പികെകെ) ബോംബ് സ്ഫോടനങ്ങൾക്കു പിന്നിലെന്നു തുർക്കി സർക്കാർ ആരോപിച്ചു. കുർദിഷ് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി 1984മുതൽ സമരം നടത്തുന്ന പാർട്ടിയാണു പികെകെ. പികെകെയുമായി സർക്കാർ സമാധാനക്കരാർ ഉണ്ടാക്കിയെങ്കിലും അല്പായുസായിരുന്നു.

സമാധാന പ്രക്രിയ അവതാളത്തിലായതിനെത്തുടർന്ന് തുർക്കി സൈന്യവും കുർദ് പോരാളികളും തമ്മിലുള്ള പോരാട്ടം കഴിഞ്ഞവർഷം പുനരാരംഭിച്ചു. അതിനുശേഷം ഇതുവരെ 600 തുർക്കി സൈനികരും ആയിരക്കണക്കിന് പികെകെ പോരാളികളും കൊല്ലപ്പെട്ടിട്ടുണ്ടെന്നു തുർക്കി സർക്കാർ ഉടമസ്‌ഥതയിലുള്ള അനഡോളു വാർത്താ ഏജൻസി ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.