ഇലക്ഷൻ ക്രമക്കേട്: അമി ബെരായുടെ പിതാവിനു തടവ്
Friday, August 19, 2016 12:07 PM IST
വാഷിംഗ്ടൺ: ഇന്ത്യൻ വംശജനായ യുഎസ് കോൺഗ്രസംഗം അമി ബെരായുടെ പിതാവിനെ ഇലക്ഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ യുഎസ് ഡിസ്ട്രിക്ട് ജഡ്ജി ട്രോയി നുൻലെ ഒരു വർഷവും ഒരു ദിവസവും തടവിനുശിക്ഷിച്ചു.

കലിഫോർണിയയിൽനിന്നുള്ള കോൺഗ്രസംഗമായ അമി ബെരാ മൂന്നാംവട്ടവും കോൺഗ്രസിലേക്കു മത്സരിക്കാനിരിക്കെയാണു വിധി വന്നത്.അമിയുടെ തെരഞ്ഞെടുപ്പു ഫണ്ടിലേക്ക് ഫെഡറൽ നിയമങ്ങൾ ലംഘിച്ച് വൻതുക സംഭാവന ലഭ്യമാക്കാൻ സഹായിച്ചുവെന്നാണ് 83കാരനായ പിതാവ് ബാബുലാൽ ബെരായ്ക്ക് എതിരേയുള്ള കുറ്റം. നിയമവിരുദ്ധമായി 260,000ഡോളറാണ് ഇപ്രകാരം കൈമാറിയത്. റിട്ടയേർഡ് കെമിക്കൽ എൻജിനിയറായ ബാബുലാൽ കുറ്റം സമ്മതിച്ചു.

ബാബുലാലിന്റെ പ്രവർത്തനങ്ങളെപ്പറ്റി അമിക്കോ അദ്ദേഹത്തിന്റെ പ്രചാരണവിഭാഗത്തിനോ അറിയില്ലായിരുന്നുവെന്നു കേസ് വിചാരണയ്ക്കെടുക്കും മുമ്പ് ആക്ടിംഗ് യുഎസ് അറ്റോർണി ഫിലിപ്പ് ടാൽബർട്ട് പറഞ്ഞു. കേസന്വേഷണവുമായി അമിയും അദ്ദേഹത്തിന്റെ സ്റ്റാഫും സഹകരിച്ചെന്നും ടാൽബർട്ട് വ്യക്‌തമാക്കി.


ബാബുലാലിനു തെരഞ്ഞെടുപ്പു നിയമങ്ങളെക്കുറിച്ചു ഗ്രാഹ്യമുണ്ടായിരുന്നുവെന്നും വ്യാജ ദാതാക്കളിലൂടെ പണം ഫണ്ടിലേക്ക് ഒഴുക്കുകയായിരുന്നുവെന്നും സാക്രമെന്റോയിലെ എഫ്ബിഐ ഓഫീസർ മോണിക്കാ മില്ലർ പറഞ്ഞു.

പിതാവിന് 83 വയസും മാതാവിന് 82 വയസുമുണ്ട്. ഈ വിധി ഞങ്ങളെ ഏറെ വിഷമിപ്പിക്കുന്നു. എന്നാൽ പിതാവ് കുറ്റം സമ്മതിച്ചു. ഞാൻ അദ്ദേഹത്തെ ഏറെ സ്നേഹിക്കുന്നു– അമി ബെരാ പ്രസ്താവനയിൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.