മദർ തെരേസയുടെ നാമകരണം: പരിപാടികളുടെ രൂപരേഖയായി
മദർ തെരേസയുടെ നാമകരണം: പരിപാടികളുടെ രൂപരേഖയായി
Sunday, August 21, 2016 11:08 AM IST
<ആ>വത്തിക്കാനിൽനിന്ന് റവ.ഡോ. റ്റൈജു തളിയത്ത് സിഎംഐ

വാഴ്ത്തപ്പെട്ട മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങുകളുമായി ബന്ധപ്പെട്ട ആഘോഷ പരിപാടികളുടെ രൂപരേഖ വത്തിക്കാനും മിഷനറീസ് ഓഫ് ചാരിറ്റിയും പ്രഖ്യാപിച്ചു. സമൂഹത്തിലെ ഏറ്റവും താഴേക്കിടയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ വാരിപ്പുണർന്നു തന്നോടു ചേർത്തുനിർത്തിയ മദർ തെരേസയുടെ കാരുണ്യത്തെ അനുസ്മരിക്കുന്ന ആഘോഷപരിപാടികളാണു സഭ സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ ഒന്നിനു തുടങ്ങുന്ന വിവിധ പരിപാടികൾ എട്ടുവരെ നീണ്ടുനിൽക്കും.

മദർ തെരേസ സ്‌ഥാപിച്ച സന്യാസിനീ സമൂഹമായ മിഷനറീസ് ഓഫ് ചാരിറ്റിയുടെ അഞ്ചു ശാഖകൾ (സന്യാസിനികളുടെ രണ്ടും വൈദികരുടെയും സഹോദരങ്ങളുടെയും അല്മായ മിഷനറിമാരുടെയും ഓരോന്നും) ചേർന്നു നടത്തുന്ന “പാവങ്ങളുടെ തിരുനാൾ” റോമിലെ തിയറ്റർ ഒളിമ്പിക്കോയിൽ സെപ്റ്റംബർ ഒന്നിനു പ്രാദേശിക സമയം വൈകുന്നേരം അഞ്ചു മുതൽ എട്ടു വരെ നടക്കും. കുറവിലങ്ങാട് സ്വദേശിയും മിഷനറീസ് ഓഫ് ചാരിറ്റി സഭാ സമൂഹങ്ങളുടെ സഹ സ്‌ഥാപകനും സഭയുടെ അല്മായപ്രസ്‌ഥാന സ്‌ഥാപകനും വൈദിക വിഭാഗത്തിന്റെ ഇപ്പോഴത്തെ സുപ്പീരിയർ ജനറലുമായ ഫാ. സെബാസ്റ്റ്യൻ വാഴക്കാല എം.സി. സ്വാഗതം ആശംസിക്കും. രാജി തരകനും സംഘവും അവതരിപ്പിക്കുന്ന ഭാരതീയ തനിമ വിളിച്ചോതുന്ന രംഗപൂജ അവതരിപ്പിക്കും.

അസതോമാ സത്ഗമയ” എന്നു തുടങ്ങുന്ന ബൃഹദാരണ്യക ഉപനിഷത്തിലെ വരികൾ എലിസബത്ത് ജോയ് വെള്ളാഞ്ചിയിലും സംഘവും “ആലപിക്കും. കർദിനാൾ ആഞ്ജലോ കോമാസ്റ്ററിയും മിഷനറീസ് ഓഫ് ചാരിറ്റിയുടെ റോമിലുള്ള ഒൻപതു സമൂഹങ്ങളുടെ പ്രതിനിധികളും ഇപ്പോഴത്തെ സുപ്പീരിയർ ജനറൽ സിസ്റ്റർ മേരി പ്രേമ പിയേരിക്കും പ്രഭാഷണം നടത്തും. മദർ തെരേസയുടെ ജീവചരിത്രം രണ്ടുമണിക്കൂർ ദൈർഘ്യമുള്ള ബാലെയായി അവതരിപ്പിക്കും. തുടർന്ന് ആലംബഹീനരോടൊപ്പമുള്ള വിരുന്നിൽ മിഷനറീസ് ഓഫ് ചാരിറ്റിയിലെ എല്ലാവരും പങ്കെടുക്കും. സാധുജനങ്ങൾക്കായി വിരുന്നിന്റെ ഭാഗമായി രണ്ടായിരം ഭക്ഷണപ്പൊതികൾ തയാറാക്കുന്നുണ്ട്. രണ്ടിനു റോമിലെ സെന്റ് അനസ്റ്റാസിയ ബസിലിക്കയിൽ രാവിലെ ഒൻപതിനു റാഞ്ചി ആർച്ച്ബിഷപ് കർദിനാൾ ടെലസ്ഫോർ ടോപ്പോ ഇംഗ്ലീഷിലും പത്തരയ്ക്കു ബിഷപ് എമിലിയോ ബെർളിയെ സ്പാനിഷിലും പന്ത്രണ്ടിനു കർദിനാൾ ആഞ്ജലോ കോമാസ്റ്ററി ഇറ്റാലിയനിലും വിശുദ്ധ കുർബാന അർപ്പിക്കും. വൈകുന്നേരം അഞ്ചിന് മിഷനറീസ് ഓഫ് ചാരിറ്റി സന്യാസ സമൂഹങ്ങളിലെ വൈദികരുടെയും കന്യാസ്ത്രീകളുടെയും സഹോദരങ്ങളുടെയും വ്രതനവീകരണം സുപ്പീരിയർ ജനറൽ ഫാ. സെബാസ്റ്റ്യൻ വാഴക്കാലയുടെ നേതൃത്വത്തിലുള്ള സമൂഹബലി മധ്യേ നടക്കും. രാത്രി എട്ടര മുതൽ പത്തു വരെ റോമാ രൂപതയുടെ കത്തിഡ്രൽ സെന്റ് ജോവാന്നി ലാറ്ററൻ ബസിലിക്കയിൽ രൂപതയുടെ വികാരി ജനറൽ കർദിനാൾ അഗസ്റ്റിനോ വല്ലിനിയുടെ നേതൃത്വത്തിൽ ദിവ്യകാരുണ്യ ആരാധന നടക്കും.

മൂന്നിനു കരുണയുടെ വർഷത്തിലെ തീർഥാടനത്തിന്റെ സെന്റ് പീറ്റേഴ്സ് സ്ക്വയർ പൊതുദർശനപരിപാടിയുടെ പ്രാർഥനയിൽ ഫ്രാൻസിസ് മാർപാപ്പ പങ്കെടുക്കും. വൈകുന്നേരം അഞ്ചിനു സെന്റ് ആൻഡ്രിയ ഡെല്ലാ വാലി ബസിലിക്കയിൽ മദർ തെരേസയെക്കുറിച്ചു വിവിധ കലാ– സാഹിത്യ പരിപാടികളും ഗാനമേളയും നടക്കും. വിവിധ ഭാഷകളിലുള്ള ഈ ഗാനമേളയിൽ ഉഷാ ഉതുപ്പ് ഇംഗ്ലീഷിലും ബംഗാളിയിലും മദർ തെരേസയെക്കുറിച്ച് ഗാനങ്ങൾ ആലപിക്കും. രാത്രി ഏഴിനു ദിവ്യബലിയും തുടർന്നു മദർ തെരേസയുടെ തിരുശേഷിപ്പിന്റെ വണക്കവും നടക്കും.


നാലിനാണ് മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നത്. അന്നു രാവിലെ 10.30ന് ഫ്രാൻസിസ് മാർപാപ്പയുടെ നേതൃത്വത്തിലുള്ള സമൂഹബലിമധ്യേ വിശുദ്ധ പദവി പ്രഖ്യാപനം നട

ക്കും. ഭാരതസഭയുടെ പ്രതിനിധികളായി സിബിസിഐയുടെ അധ്യക്ഷനും മലങ്കര കത്തോലിക്കാസഭ മേജർ ആർച്ച്ബിഷപ്പുമായ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, സീറോ മലബാർസഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മുംബൈ ആർച്ച്ബിഷപ് കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്, റാഞ്ചി ആർച്ച്ബിഷപ് കർദിനാൾ ടെലസ്ഫോർ ടോപ്പോ, കോൽക്കത്ത ആർച്ച്ബിഷപ് ഡോ. തോമസ് ഡിസൂസ, സുപ്പീരിയർ ജനറൽ ഫാ. സെബാസ്റ്റ്യൻ വാഴക്കാല എംസി, മുംബൈയിലെ കൃപ ഡിഅഡിക്ഷൻ സെന്റർ നടത്തുന്ന ഫാ. ജോ പെരേര, പോസ്റ്റുലേറ്റർ ജനറൽ റവ. ഡോ. ബ്രെയിൻ കോവോജയ്ചുക് എന്നിവരും നിരവധി കർദിനാൾമാരും മെത്രാന്മാരും വൈദികരും സഹ കാർമികരായിരിക്കും.

മദർ തെരേസയുടെ തിരുശേഷിപ്പ് മിഷനറീസ് ഓഫ് ചാരിറ്റിയുടെ സുപ്പീരിയർ ജനറൽ സിസ്റ്റർ മേരി പ്രേമ പിയേരിയും മറ്റു സഹോദരങ്ങളും അൾത്താരയിലേക്കു സംവഹിക്കും. വിശുദ്ധപദ നാമകരണത്തിന് ആവശ്യമായ അദ്ഭുത രോഗശാന്തി നേടിയ ബ്രസീലിൽനിന്നുള്ള മാർസിലിയോ ഹദാദ് അൻഡ്രിനോയും കുടുംബവും സന്നിഹിതരായിരിക്കും.

വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട മദർ തെരേസയുടെ ആദ്യത്തെ തിരുനാൾ അഞ്ചിന് ആഘോഷപൂർവം നടത്തപ്പെടും. സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ നന്ദി സൂചകമായി അർപ്പിക്കപ്പെടുന്ന ദിവ്യബലിക്ക് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പെട്രോ പരോളിനിയാണു നേതൃത്വം നൽകുക. അന്നു മദർ തെരേസയുടെ തിരുശേഷിപ്പ് സെന്റ് ജോവാന്നി ലാറ്ററൻ ബസലിക്കയിൽ വണക്കത്തിനായി സ്‌ഥാപിക്കും.

ആറിനും ഈ ദേവാലയത്തിൽ മദറിന്റെ തിരുശേഷിപ്പ് വണങ്ങാനുള്ള അവസരം ലഭിക്കും. അന്നു രാവിലെ ഒൻപതരയ്ക്ക് കാസെറീനയിലെ മിഷനറീസ് ഓഫ് ചാരിറ്റി സിസ്റ്റേഴ്സിന്റെ മഠത്തിന്റെ അടുത്തുള്ള സെന്റ് ബർണബാസ് ദേവാലയത്തിൽ സുപ്പീരിയർ ജനറൽ ഫാ. സെബാസ്റ്റ്യൻ വാഴക്കാലയുടെ നേതൃത്വത്തിൽ കൃതജ്‌ഞതാബലി അർപ്പിക്കും.

ഏഴിനും എട്ടിനും സെന്റ് ഗ്രിഗറി ദ ഗ്രേറ്റ് ദേവാലയത്തിൽ മദർതെരേസയുടെ തിരുശേഷിപ്പ് വണക്കത്തിനു വയ്ക്കും. സെന്റ് ഗ്രിഗറി കോൺവെന്റിൽ മദർ തെരേസ ഉപയോഗിച്ചിരുന്ന മുറി സന്ദർശിക്കാനുള്ള അവസരം ഈ ദിനങ്ങളിൽ വിശ്വാസികൾക്കു ലഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.