യുഎന്നിനെതിരേ ഭീഷണിയുമായി ഫിലിപ്പീൻസ് പ്രസിഡന്റ്
യുഎന്നിനെതിരേ ഭീഷണിയുമായി ഫിലിപ്പീൻസ് പ്രസിഡന്റ്
Sunday, August 21, 2016 11:08 AM IST
മനില: മയക്കുമരുന്നു കള്ളക്കടത്തുകാരെ നിയമവിരുദ്ധമായി വകവരുത്തുന്ന നടപടി അവസാനിപ്പിക്കണമെന്ന യുഎൻ മനുഷ്യാവകാശ വിദഗ്ധരുടെ നിർദേശം ഫിലിപ്പീൻസ് പ്രസിഡന്റ് റൊഡ്രിഗോ ഡ്യൂട്ടെർട്ടെയെ ചൊടിപ്പിച്ചു. വേണ്ടിവന്നാൽ യുഎൻ അംഗത്വം ഉപേക്ഷിക്കാനും ഫിലിപ്പീൻസ് മടിക്കില്ലെന്ന് അദ്ദേഹം ഭീഷണി മുഴക്കി. യുഎന്നിനു ബദലായി പുതിയ സംഘടന രൂപീകരിക്കുന്നതിനു ചൈനയെയും ഇതര രാജ്യങ്ങളെയും ക്ഷണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മേയിൽ ഡ്യൂട്ടെർട്ടെ അധികാരത്തിലെത്തിയശേഷം നടത്തിയ മയക്കുമരുന്നുവേട്ടയിൽ ഇതിനകം ആയിരത്തോളം പേരാണു കൊല്ലപ്പെട്ടത്. എന്നാൽ പോലീസുമായുള്ള ഏറ്റുമുട്ടലിലല്ല ഇവർ കൊല്ലപ്പെട്ടതെന്നാണു പ്രസിഡന്റിന്റെ വാദം. നേരിട്ട് അന്വേഷണം നടത്തി ബോധ്യപ്പെടാൻ യുഎൻ വിദഗ്ധരോട് അദ്ദേഹം ആവശ്യപ്പെട്ടു. യുഎൻ മനുഷ്യാവകാശ വിദഗ്ധരെ വിഡ്ഢികൾ എന്നു വിളിച്ച ഡ്യൂട്ടെർട്ടെ യുഎൻ പ്രയോജനശൂന്യമായ സംഘടനയാണെന്നും ആരോപിച്ചു. ജന്മനാടായ ദവാവോയിൽ പത്രസമ്മേളനം നടത്തിയാണ് അദ്ദേഹം യുഎന്നിനെതിരേ ആഞ്ഞടിച്ചത്. പത്രസമ്മേളനത്തിന്റെ പൂർണരൂപം ജിഎംഎ ന്യൂസ് ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എന്നെപ്പറ്റി മോശമായ ഒരു കാര്യം യുഎൻ പറയുമ്പോൾ യുഎന്നിനെപ്പറ്റി പത്തു മോശം കാര്യങ്ങൾ എനിക്കു പറയാനാവും. പട്ടിണി യും ഭീകരതയും അകറ്റാൻ യുഎൻ എന്താണു ചെയ്തത്? സിറിയയിലും ഇറാക്കിലും ഗ്രാമങ്ങളിൽ ബോംബിട്ട് സിവിലിയന്മാരെ വൻശക്‌തികൾ കൊല്ലുകയാണ്. ഇതു നിർത്താൻ നിങ്ങൾക്കായോ?


യുഎന്നിൽനിന്നു വിട്ടുപോകുന്നതിനെക്കുറിച്ചു ഞങ്ങൾക്കു തീരുമാനിക്കേണ്ടിവരും–ഡ്യൂട്ടെർട്ടെ പറഞ്ഞു. യുഎന്നിനു ബദലായി മറ്റൊരു സംഘടന രൂപീകരിക്കുന്നതിനായി ചൈനയെയും ആഫ്രിക്കൻ രാജ്യങ്ങളെയും ക്ഷണിക്കുന്ന കാര്യവും ആലോചിക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. കറുത്തവർഗക്കാരെ കൊല്ലുന്ന യുഎസ് പോലീസിനെതിരേയും അദ്ദേഹം രൂക്ഷവിമർശനം ഉയർത്തി. മിൻഡനാവോ ദ്വീപസമൂഹത്തിലെ ദവാവോയിൽ 1988ൽ മേയറായതോടെയാണ് ഡ്യൂട്ടെർട്ടെ യുടെ രാഷ്ട്രീയജീവിതം ആരംഭിക്കുന്നത്. കഴിഞ്ഞ മേയിൽ ഫിലിപ്പീൻസ് പ്രസിഡന്റായി ചുമതല യേറ്റ അദ്ദേഹം വധശിക്ഷ പുനഃസ്‌ഥാപിക്കുകയും മയക്കുമരുന്നു വേട്ട ഊർജിതമാക്കുകയും ചെയ്തു. ആറുമാസത്തിനകം മയക്കുമരുന്നു കച്ചവടം നിർമാർജനം ചെയ്യുമെന്നു വാഗ്ദാനം നൽകിയാണ് അദ്ദേഹം തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.