പന്ത്രണ്ടുകാരൻ ചാവേറായി; തുർക്കിയിൽ 51 പേർ കൊല്ലപ്പെട്ടു
പന്ത്രണ്ടുകാരൻ ചാവേറായി; തുർക്കിയിൽ 51 പേർ കൊല്ലപ്പെട്ടു
Sunday, August 21, 2016 11:08 AM IST
അങ്കാറ: തുർക്കിയിൽ കുർദ് വിഭാഗത്തിന്റെ വിവാഹാഘോഷത്തിനിടെ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരസംഘടനയുടെ ചാവേറായ പന്ത്രണ്ടുകാരൻ നടത്തിയ സ്ഫോടനത്തിൽ 51 പേർ മരിച്ചു. നൂറോളം പേർക്കു പരിക്കേറ്റു.

ശനിയാഴ്ച രാത്രി സിറിയൻ അതിർത്തിയിലുള്ള ഗാസിയാൻടെപ് നഗരത്തിലായിരുന്നു സ്ഫോടനം. സിറിയൻ അതിർത്തിയിൽനിന്നു 40 കിലോമീറ്റർ അകലെയുള്ള ഗാസിയാൻടെപ് ഇസ്ലാമിക് സ്റ്റേറ്റിനു സ്വാധീനമുള്ള പ്രദേശമാണ്.

പന്ത്രണ്ടിനും പതിന്നാലിനും ഇടയിൽ പ്രായമുള്ള ആളാണു ചാവേറെന്നും സ്ഫോടനത്തിനു പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ് ആണെന്നു സംശയിക്കുന്നതായും തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗൻ പറഞ്ഞു.

വധുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായ അതിഥികളാണു ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടത്. പരിക്കേറ്റവരിൽ 17 പേരുടെ നില അതീവ ഗുരുതരമാണ്. സ്ഫോടനത്തിൽ വരനു പരിക്കേറ്റു. എന്നാൽ, വധു പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മരിച്ചവരിലേറെയും സ്ത്രീകളും കുട്ടികളുമാണ്. വിവാഹാഘോഷത്തിന്റെ ഭാഗമായി തെരുവിൽ ജനങ്ങൾ നൃത്തം ചെയ്യുന്നതിനിടെയാണു സ്ഫോടനമുണ്ടായത്.


കുർദുകളെ ലക്ഷ്യമിട്ടാണ് ഇസ്ലാമിക് സ്റ്റേറ്റ് സ്ഫോടനം ആസൂത്രണം ചെയ്തത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ കുർദ് അനുകൂല തൊഴിലാളി പ്രവർത്തകരുടെ റാലിക്കു നേർക്ക് ഐഎസ് നടത്തിയ ചാവേറാക്രമണത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടിരുന്നു.

സിറിയയിൽ സമാധാനം പുനഃസ്‌ഥാപിക്കാൻ തുർക്കി ഇടപെടുമെന്നുള്ള പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെയാണു രാജ്യത്തെ നടുക്കിയ സ്ഫോടനമുണ്ടായത്. ഈ വർഷം തുർക്കിയിൽ നടന്ന ഏറ്റവും വലിയ സ്ഫോടനമാണിത്. ജൂണിൽ ഈസ്താംബുൾ വിമാനത്താവളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ സ്ഫോടനത്തിൽ 44 പേർ കൊല്ലപ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.