ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നു മ്യാൻമർ
ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നു മ്യാൻമർ
Monday, August 22, 2016 12:11 PM IST
നയ്പിറ്റോ: രാജ്യാതിർത്തിയിൽ ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നു മ്യാൻമർ പ്രസിഡന്റ് യു ഹിതിൻ ക്യോവു ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ അറിയിച്ചു. മ്യാൻമർ പ്രസിഡന്റ് യു ഹിതിൻ ക്യോവുമായും വിദേശകാര്യമന്ത്രി ആംഗ് സാൻ സ്യൂകിയുമായും സുഷമ കൂടിക്കാഴ്ച നടത്തി. അതിർത്തി കടന്നുള്ള തീവ്രവാദവും ഉഭയകക്ഷി ബന്ധവുമായിരുന്നു ചർച്ചാവിഷയമെന്നു വിദേശകാര്യവക്‌താവ് വികാസ് സ്വരൂപ് പറഞ്ഞു.

ജനാധിപത്യ ഭരണത്തിന്റെ ഉദാത്ത മാതൃകയാണ് ഇന്ത്യയെന്നും മ്യാൻമർ പ്രസിഡന്റ് യു ഹിതിൻ ക്യോവു പറഞ്ഞു. ഇന്ത്യയുമായി സൗഹൃദബന്ധമാണു മ്യാൻമർ ആഗ്രഹിക്കുന്നത്. അതിർത്തിയിൽ സമാധാനവും സുരക്ഷയുമൊരുക്കാൻ ഇരു രാജ്യങ്ങളും പ്രതിജ്‌ഞാബദ്ധമാണ്. ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾക്കായി മ്യാൻമർ അതിർത്തി ഉപയോഗിക്കാൻ ആരെയും അനുവദിക്കില്ലെന്നും പ്രസിഡന്റ് വ്യക്‌തമാക്കി.

നാഗാലാൻഡിൽ നാഗാ തീവ്രവാദികളുമായി സൈന്യം ഏറ്റുമുട്ടിയതിനു പിന്നാലെയാണു സുഷമ സ്വരാജ് മ്യാൻമർ സന്ദർശിച്ചത്. ഏറ്റുമുട്ടലിനിടെ മ്യാൻമറിലേക്കു കടന്ന തീവ്രവാദികളെ ഇന്ത്യൻ സൈനികർ അതിർത്തി കടന്ന് ആക്രമിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഇന്ത്യ പിന്നീട് ഇതു നിഷേധിച്ചു. ദശകങ്ങളായി സൈനികഭരണത്തിനു കീഴിലായിരുന്ന മ്യാൻമർ കഴിഞ്ഞ മാർച്ചിലാണ് തെരഞ്ഞെടുപ്പിലൂടെ ജനാധിപത്യഭരണത്തിലേക്കു മാറിയത്.


പാരമ്പര്യേതര ഊർജം, ഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം, ഐടി, മാനവവിഭവശേഷി വികസനം, സാംസ്കാരികം എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും സഹകരിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചു. കൂടാതെ മോറേ– താമു പദ്ധതിപ്രദേശത്തുകൂടി മ്യാൻമറിനു മൂന്നു മെഗാവാട്ട് വൈദ്യുതി നല്കുന്നതു സംബന്ധിച്ചും മ്യാൻമറിൽനിന്ന് ഇന്ത്യയിലേക്കു പയറുവർഗങ്ങൾ ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ചും ഉദ്യോഗസ്‌ഥതല ചർച്ചകൾ നടന്നു. സ്യൂകിയുമായുള്ള കൂടിക്കാഴ്ച 45 മിനിറ്റ് നീണ്ടു. സ്യൂകിയുടെ തെരഞ്ഞെടുപ്പു വിജയത്തെ അഭിനന്ദിച്ച സുഷമ, മ്യാൻമറിന്റെ ജനാധിപത്യപ്രക്രിയയിൽ ഇന്ത്യയുടെ സജീവ പങ്കാളിത്തം ഉറപ്പു നല്കി. ഇന്ത്യ സന്ദർശിക്കാൻ പ്രസിഡന്റിനെയും വിദേശകാര്യമന്ത്രിയെയും ക്ഷണിച്ചു.

ചൈനാസന്ദർശനം പൂർത്തിയാക്കി കഴിഞ്ഞദിവസമാണു സ്യൂകി തിരിച്ചെത്തിയത്. മ്യാൻമർ ജനാധിപത്യ രാഷ്ട്രമായെങ്കിലും ആഭ്യന്തരം, പ്രതിരോധം, അതിർത്തിസംരക്ഷണം എന്നീ മേഖലകൾ സൈന്യത്തിന്റെ നിയന്ത്രണത്തിൽത്തന്നെയാണ്. പാർലമെന്റിലെ 25 ശതമാനം സീറ്റുകളും സൈനികർക്കായി ഒഴിച്ചിട്ടിരിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.