ഐഎസിനെ തുടച്ചുനീക്കും: തുർക്കി
ഐഎസിനെ തുടച്ചുനീക്കും: തുർക്കി
Monday, August 22, 2016 12:11 PM IST
അങ്കാറ: തുർക്കിയോടു ചേർന്നുള്ള സിറിയൻ മേഖലയിൽനിന്ന് ഐഎസിനെ തുടച്ചുനീക്കുമെന്നു തുർക്കി വിദേശകാര്യമന്ത്രി മെവ്ലുട് കവുസോഗ്ലു വ്യക്‌തമാക്കി.

കഴിഞ്ഞദിവസം വിവാഹപാർട്ടിയെ ലക്ഷ്യമിട്ട് തുർക്കിയിൽ ഐഎസ് നടത്തിയ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 54 ആയി. തെക്കുകിഴക്കൻ തുർക്കിയിലെ ഗസിയാന്റപ് നഗരത്തിലെ സ്ഫോടനത്തിനു പിന്നിൽ ഐഎസ് ചാവേറാണെന്നു പ്രസിഡന്റ് എർദോഗൻ അറിയിച്ചു. 12നും 14നും ഇടയ്ക്കു പ്രായമുള്ള കുട്ടിയാണു ചാവേറായി എത്തിയത്. സംഭവസ്‌ഥലത്തുനിന്ന് ചാവേർ ഉപയോഗിച്ച ബൽറ്റ് കിട്ടിയിട്ടുണ്ട്.


കുട്ടി അറിയാതെ അക്രമികൾ അവന്റെ ദേഹത്തു സ്ഫോടകവസ്തു നിറച്ച ബൽറ്റ് കെട്ടിയിരിക്കാനുള്ള സാധ്യതയും പരിശോധിക്കുമെന്ന് ഉദ്യോഗസ്‌ഥർ പറഞ്ഞു. ബുദ്ധി വൈകല്യമുള്ള കുട്ടിയെ ഉപയോഗിച്ച് ആക്രമണം നടത്തിയതാവാനും സാധ്യതയുണ്ട്.

സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ 22 പേർ 14 വയസിനു താഴെ പ്രായമുള്ളവരാണ്.തുർക്കി അതിർത്തിക്കു സമീപമുള്ള സിറിയൻ പട്ടണമായ ജരാബ്ളസ് ഐഎസിന്റെ കൈയിൽനിന്നു പിടിച്ചെടുക്കുന്നതിനു തുർക്കിയുടെ പിന്തുണയുള്ള സിറിയൻ വിമതർ നീക്കം ആരംഭിച്ചുകഴിഞ്ഞെന്ന് ഒരു മുതിർന്ന ഉദ്യോഗസ്‌ഥൻ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.