ദാവൂദ് ഇബ്രാഹിം പാക്കിസ്‌ഥാനിലുണ്ടെന്നു യുഎൻ സ്‌ഥിരീകരണം
ദാവൂദ് ഇബ്രാഹിം പാക്കിസ്‌ഥാനിലുണ്ടെന്നു യുഎൻ സ്‌ഥിരീകരണം
Tuesday, August 23, 2016 12:24 PM IST
യുണൈറ്റഡ് നേഷൻസ്: അധോലോകനായകനും ഇന്ത്യ തേടുന്ന കൊടുംകുറ്റവാളിയുമായ ദാവൂദ് ഇബ്രാഹിം പാക്കിസ്‌ഥാനിലുണ്ടെന്നു യുഎൻ സ്‌ഥിരീകരണം. ദാവൂദിന്റേതായി ഇന്ത്യ കൈമാറിയ പാക്കിസ്‌ഥാനിലെ ഒമ്പത് വിലാസങ്ങളിൽ മൂന്നെണ്ണം തെറ്റാണെന്നു യുഎൻ സമിതി സ്‌ഥിരീകരിച്ചു. ഇതേത്തുടർന്ന് ഐഎസ്–അൽക്വയ്ദ എന്നിവയ്ക്കെതിരേയുള്ള ഉപരോധങ്ങൾ തീരുമാനിക്കുന്ന യുഎൻ സമിതി മൂന്നു വിലാസങ്ങൾ പട്ടികയിൽനിന്ന് ഒഴിവാക്കി. ഇതിലൊന്ന് യുഎന്നിലെ പാക്കിസ്‌ഥാൻ പ്രതിനിധി മാലീഹ ലോധിയുടെ വിലാസത്തിനു സമാനമാണ്.

കറാച്ചിയിലെ ക്ലിഫ്ടണിൽ തൽവാർ ഏരിയയിലെ മെഹ്റാൻ സ്ക്വയറിലുള്ള എട്ടാം നിലയിലെ വിലാസം, കറാച്ചിയിലെതന്നെ ഡിഫൻസ് ഹൗസിംഗ് മേഖലയിലെ 6–എ കൗജ്ബാം താൻസീം എന്ന വിലാസവും തെറ്റാണെന്നു കണ്ടെത്തി.

ദാവൂദിനു പാക്കിസ്‌ഥാൻ അഭയം നൽകിയിരിക്കുകയാണെന്ന ഇന്ത്യയുടെ വാദങ്ങൾ ശരിവയ്ക്കുന്നതാണ് ഐക്യരാഷ്ട്രസഭയുടെ സ്‌ഥിരീകരണമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ദാവൂദ് പാക്കിസ്‌ഥാനിലാണു കഴിയുന്നതെന്നും വിവിധ സ്‌ഥലങ്ങളിൽ മാറിമാറി താമസിക്കുകയാണെന്നുമാണ് ഇന്ത്യൻ നിലപാട്. ഇതിനുള്ള തെളിവായാണു വിലാസങ്ങൾ ഇന്ത്യ കൈമാറിയത്. 2013 സെപ്റ്റംബറിൽ ദാവൂദ് വാങ്ങിയ പുതിയ വീടിന്റെ വിവരങ്ങൾ, ദാവൂദിന്റെ മൂന്നു പാസ്പോർട്ടുകളുടെ നമ്പറുകൾ എന്നിവയും ഇന്ത്യ കൈമാറിയിരുന്നു. എന്നിട്ടും ദാവൂദ് തങ്ങളുടെ രാജ്യത്തല്ല കഴിയുന്നതെന്നാണു പാക്കിസ്‌ഥാന്റെ വാദം.


പട്ടികയിൽ ചേർത്തിരിക്കുന്ന ദാവൂദിന്റെ മറ്റു വിലാസങ്ങളായ ക്ലിഫ്ടണിലെ സൗദി മോസ്കിനു സമീപമുള്ള വൈറ്റ്ഹൗസ്, കറാച്ചിയിലെ ഹൗസിംഗ് അഥോറിറ്റിയിലെ 30–ാം തെരുവിലെ 37–ാം വീട്, കറാച്ചിയിലെ നൂറാബാദിലെ ബംഗ്ലാവ് എന്നിവയിൽ ഭേദഗതി വരുത്തിയിട്ടില്ല.

കൈമാറിയ രേഖയിൽ പിതാവിന്റെ പേര് ഷെയ്ക് ഇബ്രാഹിം അലി കാസ്കാർ എന്നും അമ്മയുടെ പേര് അമിനാബി എന്നുമാണു രേഖപ്പെടുത്തിയിരിക്കുന്നത്. ഭാര്യയുടെ പേര് മെഹ്ജ്ബീൻ ഷെയ്ക്.

കഴിഞ്ഞവർഷം ഓഗസ്റ്റിലാണ് ഈ പട്ടിക ഇന്ത്യ തയാറാക്കിയത്. പാക്കിസ്‌ഥാൻ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് സർതാജ് അസീസുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ കൈമാറാനായിരുന്നു ഇത്. എന്നാൽ, കൂടിക്കാഴ്ച നടന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.