കാബൂളിലെ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ ഭീകരാക്രമണം
കാബൂളിലെ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ ഭീകരാക്രമണം
Wednesday, August 24, 2016 11:44 AM IST
കാബൂൾ: അഫ്ഗാനിസ്‌ഥാൻ തലസ്‌ഥാനമായ കാബൂളിലെ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ ഇന്നലെ വൈകുന്നേരം ഭീകരാക്രമണം. നൂറുകണക്കിനു വിദ്യാർഥികളും വിദേശികളായ അധ്യാപകരും യൂണിവേഴ്സിറ്റിക്കകത്ത് അകപ്പെട്ടിരിക്കുകയാണ്. തങ്ങൾ ക്ലാസ്മുറിയിൽ അകപ്പെട്ടിരിക്കുകയാണെന്നും എങ്ങും വെടിയൊച്ചയും സ്ഫോടനങ്ങളും പുകപടലങ്ങളുമാണെന്നും ഒരു വിദ്യാർഥി വാർത്താ ഏജൻസിയോടു ടെലിഫോണിൽ പറഞ്ഞു. അസോസിയേറ്റഡ് പ്രസ് ഫോട്ടോ ജേർണലിസ്റ്റും പുലിറ്റ്സർ സമ്മാന ജേതാവുമായ മസൂദ് ഹുസൈനിയും യൂണിവേഴ്സിറ്റിക്കകത്ത് അകപ്പെട്ടവരിൽ ഉൾപ്പെടുന്നു. സഹായം ആവശ്യപ്പെട്ട് നിരവധി വിദ്യാർഥികളുടെ ട്വീറ്റുകൾ പുറത്തുവന്നിട്ടുണ്ട്.


ആയുധധാരികളായ ഭീകരർ കാബൂളിലെ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ ആക്രമണം നടത്തിയെന്നും വെടിവയ്പും സ്ഫോടനങ്ങളും ഉണ്ടായെന്നും അഫ്ഗാൻ ആഭ്യന്തര മന്ത്രാലയം വ്യക്‌തമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഈ യൂണിവേഴ്സിറ്റിയിലെ അമേരിക്കയിൽ നിന്നും ഓസ്ട്രേലിയയിൽ നിന്നുമുള്ള രണ്ടു പ്രഫസർമാരെ ഈ മാസം ആദ്യം ഭീകരർ തട്ടിക്കൊണ്ടുപോയിരുന്നു. 2006ൽ ആരംഭിച്ച അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ 1700 വിദ്യാർഥികളുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.