കന്യാസ്ത്രീകളുടെ വധം: യുഎസ് പോലീസ് അന്വേഷണം തുടങ്ങി
Friday, August 26, 2016 12:00 PM IST
വാഷിംഗ്ടൺ : അമേരിക്കയിലെ മിസിസിപ്പിയിൽ രണ്ടു കന്യാസ്ത്രീകൾ കുത്തേറ്റുമരിച്ച സംഭവത്തിൽ പ്രതികൾക്കു വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു. സി. പൗളാ മെറിൽ, സി. മാർഗരറ്റ് ഹെൽഡ് എന്നിവരാണ് കൊല്ലപ്പെട്ടത്. നഴ്സുമാരായ ഇരുവരും പടിഞ്ഞാറൻ മിസിസിപ്പിയിലെ ഡുറാന്റിൽ പാവങ്ങൾക്കായി സഭ നടത്തുന്ന ക്ലിനിക്കിൽ വർഷങ്ങളായി സേവനം ചെയ്തുവരികയായിരുന്നു.ക്ലിനിക്കിലെ സേവനത്തിനു പുറമേ, പാവപ്പെട്ട വിദ്യാർഥികൾക്കു പുസ്തകവും സ്കൂൾ സാമഗ്രികളും മറ്റും ഇവർ വിതരണം ചെയ്തിരുന്നു.


വ്യാഴാഴ്ച ക്ലിനിക്കിൽ ജോലിക്കെത്താതിനെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും താമസസ്‌ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. മോഷണത്തിനെത്തിയ അക്രമികളാണ് ഘാതകരെന്നാണു സൂചന. കന്യാസ്ത്രീകൾ ഉപയോഗിച്ചിരുന്ന ടൊയോട്ട കൊറോള കാർ ഒരു മൈലകലെ പലചരക്കുകടയ്ക്കു പിറകിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. സി. പൗളാ മെറിൽ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് നസ്രത് സഭാംഗവും സി. മാർഗരറ്റ് സ്കൂൾ ഓഫ് സിസ്റ്റേഴ്സ് ഓഫ് സെന്റ് ഫ്രാൻസിസ് സഭാംഗവുമാണ്.