ആത്മബന്ധത്തിന്റെ നേർസാക്ഷ്യങ്ങളായി വിശുദ്ധ ജോൺപോൾ രണ്ടാമനും മദർ തെരേസയും
ആത്മബന്ധത്തിന്റെ നേർസാക്ഷ്യങ്ങളായി വിശുദ്ധ ജോൺപോൾ രണ്ടാമനും മദർ തെരേസയും
Friday, August 26, 2016 12:00 PM IST
<ആ>വത്തിക്കാനിൽനിന്നു റവ. ഡോ. റ്റൈജു തളിയത്ത് സിഎംഐ

ആഴമേറിയ സൗഹൃദമായിരുന്നു വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയും വാഴ്ത്തപ്പെട്ട മദർ തെരേസയും തമ്മിലുണ്ടായിരുന്നത്. ഇരുവരും പരസ്പരം കണ്ടുമുട്ടുന്നതുതന്നെ അക്കാലത്ത് വലിയ വാർത്തയായിരുന്നു. ധാർമിക ശബ്ദമായിരുന്നു ജോൺ പോൾ രണ്ടാമൻ മാർപാപ്പയെങ്കിൽ കരുണയുടെ മാലാഖയായിട്ടാണു മദർ തെരേസായെ ലോകം കണ്ടത്.

ഭാരത സന്ദർശനത്തോടനുബന്ധിച്ച് 1986 ഫെബ്രുവരി മൂന്നിന് കോൽക്കത്തയിലെത്തിയ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ, മദർ തെരേസയുമായി നടത്തിയ കൂടിക്കാഴ്ച കൗതുകത്തോടെയാണു ലോകം ശ്രദ്ധിച്ചത്. അന്നു മദറിനൊപ്പം മാർപാപ്പ നിർമൽ ഹൃദയ ആശ്രമം സന്ദർശിക്കുകയും ചെയ്തു. മറ്റുള്ളവർക്ക് ഒരേസമയം ധൈര്യവും വിശ്വാസവും പ്രത്യാശയും പകർന്നു നൽകുന്ന ഇടമായിട്ടാണു നിർമൽ ഹൃദയ ആശ്രമത്തെ മാർപാപ്പ വിശേഷിപ്പിച്ചത്. പാവപ്പെട്ടവർക്കും രോഗികൾക്കുമായി ജീവിതം മാറ്റിവച്ച മദറിനോടുള്ള സ്നേഹം മാർപാപ്പ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു.


ഗർഭഛിദ്രത്തിനെതിരേ ഇരുവരും അതിശക്‌തമായ പോരാട്ടങ്ങളാണു നടത്തിയത്. ഫാത്തിമാ മാതാവിന്റെ ഭക്‌തരായിരുന്ന മാർപാപ്പയും മദറും ജപമാല പ്രാർഥന മുടക്കിയിരുന്നില്ല. 1950 ഒക്ടോബർ ഏഴിനാണു മദർ തെരേസ കോൽക്കത്തയിൽ മിഷണറീസ് ഓഫ് ചാരിറ്റി സഭ സ്‌ഥാപിച്ചത്. ജപമാല റാണിയുടെ തിരുനാളാണ് ഒക്ടോബർ ഏഴ്. വത്തിക്കാനിലെത്തുന്ന അവസരങ്ങളിലെല്ലാം മദർ തെരേസ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയെ സന്ദർശിച്ചിരുന്നു. റോമിലെ പാവപ്പെട്ടവരെ ശുശ്രൂഷിക്കാനായി ജോൺ പോൾ രണ്ടാമൻ വത്തിക്കാനിലെ ഒരു ഭവനം മദറിനു കൈമാറുകയും ചെയ്തു. അവിടെ ഇന്നും മിഷനറീസ് ഓഫ് ചാരിറ്റിയിലെ സഹോദരിമാർ പാവങ്ങളെ ശുശ്രൂഷിക്കുന്നു. എല്ലാദിവസവും ഇവിടെ പാവപ്പെട്ടവർക്ക് ഉച്ചഭക്ഷണവും വിതരണം ചെയ്യുന്നുമുണ്ട്.

മദറിന്റെ നാമകരണനടപടികൾ മരണശേഷം പതിവുള്ള അഞ്ചുവർഷത്തെ കാത്തിരിപ്പില്ലാതെ അതിവേഗത്തിലാക്കുന്നതിനും ജോൺ പോൾ രണ്ടാമൻ തീരുമാനിക്കുകയുണ്ടായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.