വിവിധ രാജ്യങ്ങളിലേക്കു പാക്കിസ്‌ഥാൻ പ്രത്യേക ദൂതരെ അയയ്ക്കുന്നു
Saturday, August 27, 2016 11:45 AM IST
ഇസ്ലാമാബാദ്: കാഷ്മീർ പ്രശ്നത്തിൽ ഇന്ത്യയെ കൂടുതൽ കുത്തിനോവിക്കാൻ പാക്കിസ്‌ഥാന്റെ ശ്രമം. കാഷ്മീരിലെ സംഘർഷത്തെക്കുറിച്ചു വിശദീകരിക്കാൻ വിവിധ രാജ്യങ്ങളിലേക്കു പാക്കിസ്‌ഥാൻ പ്രത്യേക ദൂതരെ അയയ്ക്കുകയാണ്. ഇതിനായി 22 പാർലമെന്റ് അംഗങ്ങളെ തെരഞ്ഞെടുത്തുവെന്നു പ്രധാനമന്ത്രി നവാസ് ഷരീഫ് പറഞ്ഞു.

കാഷ്മീരി ജനതയ്ക്കു സ്വയം നിർണയാവകാശം എന്ന യുഎൻ വാഗ്ദാനം ലോകരാജ്യങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുകയാണ് ഇവരുടെ ദൗത്യമെന്നു ഷരീഫ് പറഞ്ഞു.

കഴിഞ്ഞ മാസം എട്ടിനു ഹിസ്ബുൾ ഭീകരൻ ബുർഹൻ വാനി കാഷ്മീരിൽ സുരക്ഷാസേനയുടെ വെടിയേറ്റു മരിച്ചതിനെത്തുടർന്നാണ് താഴ്വരയിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. ബുർഹൻ വാനിയുടെ പേരിൽ ഇന്ത്യയും പാക്കിസ്‌ഥാനും വാക്പോര് തുടരുന്നതിനിടെ പ്രശ്നം അന്താരാഷ്ട്രവത്കരിക്കാൻ പാക്കിസ്‌ഥാൻ തിരക്കിട്ട ശ്രമങ്ങളാണു നടത്തുന്നത്. ഇതിന്റെ ഭാഗമായാണു പുതിയ നീക്കം. സെപ്റ്റംബറിൽ യുഎൻ സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനു മുന്നോടിയായി പ്രശ്നം ലോകരാജ്യങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താൻ ഇതിലൂടെ കഴിയുമെന്നാണു നവാസ് ഷരീഫിന്റെ പ്രതീക്ഷ.


കാഷ്മീരിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പോരാട്ടം നടത്താനാണ് അംഗങ്ങളെ അയയ്ക്കുന്നതെന്നു ഷരീഫ് പറഞ്ഞതായി റേഡിയോ പാക്കിസ്‌ഥാൻ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.