ഫാ. സെബാസ്റ്റ്യൻ വാഴക്കാലയ്ക്ക് ഇതു ധന്യതയുടെ നിമിഷങ്ങൾ
ഫാ. സെബാസ്റ്റ്യൻ വാഴക്കാലയ്ക്ക് ഇതു ധന്യതയുടെ നിമിഷങ്ങൾ
Sunday, August 28, 2016 11:56 AM IST
<ആ>വത്തിക്കാനിൽനിന്നു റവ.ഡോ. റ്റൈജു തളിയത്ത് സിഎംഐ

മദർ തെരേസയുടെ വ്യക്‌തിപ്രഭാവം അനശ്വരതയിലേക്കുള്ള പ്രവേശനകവാടവും സ്വർഗത്തിലേക്കുള്ള വീസയുമാണെന്നു മിഷനറീസ് ഓഫ് ചാരിറ്റിയുടെ വൈദിക വിഭാഗത്തിന്റെ ഇപ്പോഴത്തെ സുപ്പീരിയർ ജനറൽ ഫാ. സെബാസ്റ്റ്യൻ വാഴക്കാല എംസി. മിഷനറീസ് ഓഫ് ചാരിറ്റി സഭാ സമൂഹങ്ങളുടെ സഹസ്‌ഥാപകനും 1984 ഏപ്രിൽ 16ന് മിഷനറീസ് ഓഫ് ചാരിറ്റി അല്മായപ്രസ്‌ഥാന സ്‌ഥാപകനും 30 വർഷം മദർ തെരേസയുടെ സഹപ്രവർത്തകനുമായി പ്രവർത്തിക്കാൻ സാധിച്ചതിന്റെ ചാരിതാർഥ്യത്തിലാണു കുറവിലങ്ങാട് സ്വദേശിയായ അദ്ദേഹം.

‘മദർ എന്നെ കാരുണ്യം, സഹാനുഭൂതി എന്നിവ പഠിപ്പിച്ചു. ഇതുപോലെ ലക്ഷോപലക്ഷം ആളുകളെ ആർദ്രതയും, സഹതാപമുള്ളവരുമാകാൻ മദർ സ്വാധീനിച്ചിട്ടുണ്ട‘്: ഫാ. സെബാസ്റ്റ്യൻ വാഴക്കാല പറഞ്ഞു. മദർ തെരേസയുടെ അപ്പസ്തോലദൗത്യം പിന്തുടർന്നുകൊണ്ട് ‘നിത്യ നഗരം‘ എന്നു വിളിക്കപ്പെടുന്ന റോമാ നഗരത്തിൽ അനേകകർക്കു ശുശ്രൂഷയുടെ തണലേകിക്കൊണ്ടിരിക്കുകയാണ് അദ്ദേഹം.

കുറവിലങ്ങാട്ടുനിന്ന് 1950 ൽ മലബാറിലേക്കു കുടിയേറിയതാണു ഫാ. സെബാസ്റ്റ്യൻ വാഴക്കാലയുടെ കുടുംബം. 1964 ൽ അദ്ദേഹം തലശേരി സെന്റ് ജോസഫ് മൈനർ സെമിനാരിയിൽ ചേർന്നു. രണ്ടു വർഷത്തെ പഠനത്തിനുശേഷം സ്വന്തം ആഗ്രഹപ്രകാരം വടക്കുകിഴക്കൻ ഇന്ത്യയിലെ മിഷനു പോയി. ജാർഖണ്ഡിൽ റാഞ്ചിയിലെ സെന്റ് ആൽബർട്സ് കോളജിൽ തത്ത്വചിന്ത പഠിച്ചു. ആ കാലയളവിലാണ് അദ്ദേഹം കോൽക്കത്തയിലെ മദർ തെരേസയുടെ ജീവിതത്തെയും അപ്പസ്തോലദൗത്യത്തെയും മിഷനറീസ് ഓഫ് ചാരിറ്റിയെയും കുറിച്ച് അറിയുന്നത്. 1967 ൽ മിഷനറീസ് ചാരിറ്റി ബ്രദേഴ്സിൽ ചേർന്ന ആദ്യത്തെ 12 നവസന്യാസികളിൽ ഒരാളായ അദ്ദേഹം 1971 ഒക്ടോബർ 23നു മിഷനറീസ് ഓഫ് ചാരിറ്റിയിലെ ആദ്യത്തെ വൈദികനായി തിരുപ്പട്ടം സ്വീകരിച്ചു.

കോൽക്കത്തയിൽ മദർ തെരേസയുടെ കൂടെ 1967 മുതൽ ജോലി ചെയ്തു. തുടർന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്ത് 1978 ൽ അമേരിക്കയയിലെ ലോസ് ആഞ്ചലസിൽ നിന്നു റോമിലെത്തി. കഴിഞ്ഞ 38 വർഷമായി റോമിലെ പാവപ്പെട്ടവക്കുവേണ്ടി പ്രവർത്തിച്ചുവരികയാണ്. ഫാ. സെബാസ്റ്റ്യന് 2008 ൽ റോമിലെ മേയർ വാൾട്ടർ വേൽത്രോണി ‘ക്യാമ്പിദോലിയോ അവാർഡും അക്കൊല്ലം തന്നെ റോമിലെ മേയർ ജാന്നി അലെമാന്നോ ‘റോമൻ സമാധാനം അവാർഡും 2015 ന് അൽബേനിയൻ പ്രസിഡന്റ് ബുജർ നിഷാനി ഏറ്റവും ഉയർന്ന അൽബേനിയൻ ദേശീയ അവാർഡായ ‘മദർ തെരേസ മെഡലും കൊടുത്ത് ആദരിക്കുകയുണ്ടായി.


മദറിന്റെ ശുശ്രുഷകൾക്കിടയിൽ തന്നെ ഏറ്റവും സ്വാധീനിച്ച വചനമായി അദ്ദേഹം പറയുന്ന വചനം ഇതാണ്: ‘ഈ ആളുകളെ മരിക്കാൻ പോകുന്നതിനു തൊട്ടുമുമ്പ് നമുക്ക് ലഭിക്കുന്നു. അവർ തെരുവുകളിൽ തങ്ങൾക്കു ആവശ്യമായുള്ളത് ലഭിക്കാതെ മൃഗങ്ങളെന്നപോലെ ജീവിച്ചു. ഇനി അവർ സ്നേഹത്തിലും സമാധാനത്തിലും മാലാഖകളെപ്പോലെ മരിക്കും.‘

സെപ്റ്റംബർ ഒന്നിനു വൈകുന്നേരം അഞ്ചിനു റോമിലെ തിയറ്റർ ഒളിമ്പിക്കോയിൽ നടക്കുന്ന ‘പാവങ്ങളുടെ തിരുനാൾ‘ ചടങ്ങിൽ ഫാ. സെബാസ്റ്റ്യൻ വാഴക്കാല സ്വാഗതം ആശംസിക്കും. സാധുജനങ്ങൾക്കായി മിഷനറീസ് ഓഫ് ചാരിറ്റി സന്യാസ സമൂഹം ഒരുക്കുന്ന വിരുന്നിന്റെ ഭാഗമായി രണ്ടായിരം ഭക്ഷണപ്പൊതികൾ തയാറാക്കുന്നുണ്ട്്.

സെപ്റ്റംബർ രണ്ടിനു വൈകുന്നേരം അഞ്ചിനു റോമിലെ സാന്ത അനസ്താസിയ ബസലിക്കയിൽ നടക്കുന്ന മിഷനറീസ് ഓഫ് ചാരിറ്റി സന്യാസ സമൂഹങ്ങളിലെ വൈദികരുടെയും കന്യാസ്ത്രീകളുടെയും സഹോ ദരങ്ങളുടെയും വ്രതനവീകരണം സുപ്പീരിയർ ജനറൽ ഫാ. സെബാസ്റ്റ്യൻ വാഴക്കാലയുടെ നേതൃത്വത്തിലുള്ള സമൂഹദിവ്യബലി മധ്യേ നടക്കും. സെപ്റ്റംബർ നാലിനു രാവിലെ 10.30നു മദറിനെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ഫ്രാൻസിസ് മാർപാപ്പയുടെ നേതൃത്വത്തിലുള്ള സമൂഹദിവ്യബലിയിൽ ഫാ. സെബാസ്റ്റ്യൻ വാഴക്കാല സഹകാർമികനായിരിക്കും. വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട മദർ തെരേസയുടെ ആദ്യത്തെ തിരുനാൾ നടക്കുന്ന സെപ്റ്റംബർ അഞ്ചിനു സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ നന്ദിസൂചകമായി അർപ്പിക്കപ്പെടുന്ന ദിവ്യബലിയിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പെട്രോ പരോളിനോടൊപ്പം ഫാ. വാഴക്കാല സഹകാർമികനായിരിക്കും. ആറിനു രാവിലെ ഒൻപതരയ്ക്ക് കാസെറീനയിലെ മിഷനറീസ് ഓഫ് ചാരിറ്റി സിസ്റ്റേഴ്സിന്റെ മഠത്തിന്റെ അടുത്തുള്ള സെന്റ് ബർണബാസ് ദേവാലയത്തിൽ ഫാ. സെബാസ്റ്റ്യൻ വാഴക്കാലയുടെ നേതൃത്വത്തിൽ കൃതജ്‌ഞതാബലി അർപ്പിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.