ഇറാൻ ആണവനിലയത്തിന്റെ രക്ഷയ്ക്ക് റഷ്യൻ മിസൈലുകൾ
ഇറാൻ ആണവനിലയത്തിന്റെ രക്ഷയ്ക്ക് റഷ്യൻ മിസൈലുകൾ
Monday, August 29, 2016 11:07 AM IST
ടെഹ്റാൻ: ഫോർഡോ ഭൂഗർഭ ആണവനിലയത്തിനു സംരക്ഷണം നൽകുന്നതിന് റഷ്യൻ നിർമിത എസ്–300 മിസൈലുകൾ നിലയത്തിനു ചുറ്റും വിന്യസിച്ചതായി ഇറാൻ അറിയിച്ചു. ടെഹ്റാനിൽനിന്ന് നൂറു കിലോമീറ്റർ തെക്കുമാറിയുള്ള ഫോർഡോ നിലയം ഭൂനിരപ്പിൽനിന്നു 90മീറ്റർ താഴ്ചയിലാണു നിർമിച്ചിരിക്കുന്നത്. രഹസ്യമായി അണ്വായുധം നിർമിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണു നിലയം നിർമിച്ചിരിക്കുന്നതെന്ന് ഇറാന്റെ എതിരാളികൾ ആരോപിക്കുന്നു.

എസ്–300 ഇനത്തിൽപ്പെട്ട മിസൈലുകൾ ഇറക്കുമതി ചെയ്യുന്നതിനു റഷ്യയുമായി ഇറാൻ 2007ൽ കരാർ ഒപ്പിട്ടിരുന്നതാണ്. എന്നാൽ ആണവപദ്ധതിയുടെ പേരിൽ ഇറാനെതിരേ ഉപരോധം നിലവിലുള്ളതിനാൽ ഇറക്കുമതി നടന്നില്ല.

ഈയിടെ വൻശക്‌തികളുമായി ഇറാൻ ആണവക്കരാർ ഉണ്ടാക്കിയ സാഹചര്യത്തിൽ ഉപരോധത്തിൽ അയവുവരുത്തി. ഇതെത്തുടർന്നാണു മിസൈൽ ഇറക്കുമതി ചെയ്തത്.


എന്നിട്ടും ഇത്തരം മിസൈലുകൾ ഇറാനു കിട്ടാതിരിക്കാൻ അമേരിക്ക ശ്രമം നടത്തി.എസ്–300 മിസൈലുകൾ ആക്രമണത്തിനുള്ളതല്ലെന്നും പ്രതിരോധത്തിനുമാത്രമാണെന്നും ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ളാ അലി ഖമനയ് പറഞ്ഞു.ഇസ്രേലി, യുഎസ് വ്യോമാക്രമണത്തിൽനിന്നു ഫോർഡോ നിലയത്തെ സംരക്ഷിക്കാനാണ് മിസൈലുകൾ വിന്യസിച്ചിട്ടുള്ളത്.

റഡാറിന്റെ കണ്ണുവെട്ടിച്ചു പറക്കുന്ന ശത്രുവിമാനങ്ങളുടെ സാന്നിധ്യം കണ്ടെത്താൻ സഹായിക്കുന്ന പുതിയ റഡാർ സംവിധാനവും ഇന്നലെ ഉദ്ഘാടനം ചെയ്തതായി ഇറാൻ അറിയിച്ചു. നസീർ സിസ്റ്റം എന്നു പേരിട്ടിരിക്കുന്ന ഈ സംവിധാനത്തിന് ബാലിസ്റ്റിക്, ക്രൂസ് മിസൈലുകളും 3000മീറ്റർ ഉയരത്തിൽ പറക്കുന്ന ഡ്രോണുകളും കണ്ടെത്താനാവും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.