സൈനികതാവളങ്ങൾ പരസ്പരം ഉപയോഗിക്കാൻ ഇന്ത്യ–യുഎസ് കരാർ
സൈനികതാവളങ്ങൾ പരസ്പരം ഉപയോഗിക്കാൻ ഇന്ത്യ–യുഎസ് കരാർ
Tuesday, August 30, 2016 12:02 PM IST
വാഷിംഗ്ടൺ: പ്രതിരോധമേഖലയിലെ സഹകരണം കൂടുതൽ ആഴത്തിലുള്ളതാക്കി യുദ്ധ കപ്പലുകളുടെയും മറ്റും അറ്റകുറ്റപ്പണികൾക്ക് സൈനികതാവളങ്ങൾ പരസ്പരം ഉപയോഗിക്കാനുള്ള കരാറിൽ ഇന്ത്യയും അമേരിക്കയും ഒപ്പിട്ടു.

ഇരുരാജ്യങ്ങളുടെയും സൈനിക വാഹനങ്ങളുടെയും കപ്പലുകളുടെയും വിമാനങ്ങളുടെയും അറ്റകുറ്റപ്പണിക്കും ഇന്ധനം നിറയ്ക്കുന്നതിനും കര–വ്യോമ–നാവിക താവളങ്ങൾ ഉപയോഗിക്കുന്നതിനാണു കരാർ. സംയുക്‌ത സൈനികനീക്കങ്ങളും സൈനിക പരിശീലനങ്ങളും രക്ഷൗദൗത്യങ്ങളും ഇതുവഴി എളുപ്പത്തിൽ സാധ്യമാകും.

തിങ്കളാഴ്ച പ്രതിരോധമന്ത്രി മനോഹർ പരീക്കറും യുഎസ് പ്രതിരോധ സെക്രട്ടറി ആഷ്കാർട്ടറും ചേർന്നു യുഎസ് സൈനിക ആസ്‌ഥാനമായ പെന്റഗണിലാണു കരാറിലൊപ്പിട്ടത്. ഇന്നലെ സംയുക്‌ത വാർത്താസമ്മേളനത്തിൽ ഇരുവരും വിശദാംശങ്ങൾ അറിയിക്കുകയും ചെയ്തു.

ഇന്ത്യയിലെ സൈനികതാവളങ്ങൾ യുഎസ് സൈന്യത്തിന് ഉപയോഗിക്കാൻ കഴിയുന്ന ഒരു ചട്ടവും കരാറിലില്ലെന്നും മന്ത്രി വ്യക്‌തമാക്കി. ലോജിസ്റ്റിക് എസ്ചേഞ്ച് മെമ്മോറാണ്ടം ഓഫ് എഗ്രിമെന്റ് (എൽഇഎഒഎ) എന്നറിയപ്പെടുന്നതാണു കരാർ. സൈനികർക്കുള്ള സേവനങ്ങളും ഉപകരണങ്ങളും കൈമാറുകയെന്നതാണു മുഖ്യലക്ഷ്യം. സൈനികരുടെ ഭക്ഷണം, വെള്ളം, താത്കാലികമായ താമസം, ഗതാഗതസൗകര്യം, പെട്രോൾ ഉൾപ്പെടെ ഇന്ധനം, വസ്ത്രം, ചികിത്സാസഹായം, യന്ത്രഭാഗങ്ങളും ഉപകരണങ്ങളും, പരിശീലനം തുടങ്ങിയവ നൽകാനാണു ധാരണ. സേവനങ്ങൾക്കു പ്രതിഫലം നൽകണമെന്നും കരാറിൽ വ്യക്‌തമാക്കുന്നു.


തെക്കൻ ചൈനാ കടലിൽ ചൈനീസ് സേന സാന്നിധ്യം ശക്‌തിപ്പെടുത്തിയ സാഹചര്യത്തിൽ ഇന്ത്യയുടെയും യുഎസിന്റെയും സൈനിക കരാറിനു വലിയ പ്രാധാന്യമാണുള്ളത്. ഇന്ത്യയും യുഎസും തമ്മിൽ സാധാരണ നിലയിലുള്ള സഹകരണമാണ് കരാറിലൂടെ പ്രതിഫലിക്കുന്നതെന്നാണു ചൈനയുടെ പ്രതികരണം.

എന്നാൽ, കരാറിനെതിരേ ചൈനയുടെ ഔദ്യോഗിക വാർത്താമാധ്യമം രൂക്ഷമായ പ്രതികരണങ്ങൾ നടത്തി. കരാറിലൂടെ ഇരു സൈന്യങ്ങളുടെയും സംയുക്‌ത സൈനികാഭ്യാസവും സൈനിക സഹകരണവും കാര്യക്ഷമവും എളപ്പവുമാകുമെന്നു പ്രതിരോധമന്ത്രി മനോഹർ പരീക്കർ പറഞ്ഞു.

പ്രതിരോധമേഖലയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പരസ്പര സഹകരണത്തിന്റെയും ഉഭയകക്ഷി താത്പര്യത്തിന്റേതുമാണെന്ന് ഇരുവരും ചേർന്നു പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ലോകസമാധാനവും സുരക്ഷിതവുമാണു ലക്ഷ്യം. സൈനികാവശ്യങ്ങൾക്ക് സൈനികകേന്ദ്രങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് കരാറിൽ പരാമർശമൊന്നുമില്ല.

ചൈനയെ സമ്മർദത്തിലാക്കാൻ ഇന്ത്യയുമായി ശക്‌തമായ സൈനികബന്ധം വേണമെന്ന യുഎസ് തീരുമാനത്തിന്റെ ഭാഗമായാണു കരാർ. റഷ്യയുടെയും ചൈനയുടെയും എതിർപ്പ് നിലനിൽക്കുന്നതിനാൽ ഡോ. മൻമോഹൻ സിംഗിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാർ കരാർ നടപ്പാക്കുന്നതു വൈകിക്കുകയായിരുന്നു.

മോദി സർക്കാർ അധികാരത്തിൽ വന്നതിനെത്തുടർന്ന് കഴിഞ്ഞ ഏപ്രിലിൽ ഇക്കാര്യത്തിൽ പ്രാഥമികധാരണയിലെത്തുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.