ഭീകരാക്രമണം: സോമാലിയയിൽ പത്തുപേർ കൊല്ലപ്പെട്ടു
ഭീകരാക്രമണം: സോമാലിയയിൽ പത്തുപേർ കൊല്ലപ്പെട്ടു
Tuesday, August 30, 2016 12:02 PM IST
മൊഗാദിഷു: സോമാലിയൻ പ്രസിഡന്റിന്റെ കൊട്ടാരത്തിനു സമീപമുള്ള ഹോട്ടലിൽ അൽഷബാബ് ഭീകര സംഘടന നടത്തിയ കാർ ബോംബ് ആക്രമണത്തിൽ സൈനികരും സാധാരണക്കാരും ഉൾപ്പെടെ പത്തുപേർ കൊല്ലപ്പെട്ടു. 30 പേർക്കു പരിക്കേറ്റിട്ടുണ്ട്.

പ്രസിഡന്റിന്റെ കൊട്ടാരം, മന്ത്രാലയങ്ങൾ, ഔദ്യോഗിക വസതികൾ എന്നിവ ഉൾക്കൊള്ളുന്ന വില്ലാ സോമാലിയ ഗവൺമെന്റ് കോംപ്ളക്സിന്റെ പ്രവേശനകവാടത്തിലുള്ള എസ്വൈഎൽ ഹോട്ടലിനു നേർക്കാണ് ആക്രമണം നടന്നത്. ഈ ഹോട്ടലിനും സമീപമുള്ള മറ്റൊരു ഹോട്ടലിനും സാരമായ നാശനഷ്‌ടം നേരിട്ടു.

എസ്വൈഎൽ ഹോട്ടലിൽ സുരക്ഷാ ഉദ്യോഗസ്‌ഥരുടെ യോഗം നടക്കുമ്പോഴാണു സ്ഫോടനം ഉണ്ടായത്. ഹോട്ടലിലുണ്ടായിരുന്ന ഒരു മന്ത്രിക്കും ഏതാനും ജേർണലിസ്റ്റുകൾക്കും പരിക്കേറ്റിട്ടുണ്ട്.

ഇതേസമയം, കാർബോംബ് ആക്രമണത്തിൽ 30 സൈനികർ കൊല്ലപ്പെട്ടെന്നും ഒരു എംപി ഉൾപ്പെടെ നിരവധി പേർക്കു പരിക്കേറ്റെന്നും അൽഷബാബിന്റെ റേഡിയോ അൻഡാലുസ് അവകാശപ്പെട്ടു. പാശ്ചാത്യ പിന്തുണയുള്ള സോമാലിയൻ സർക്കാരിനെ പുറത്താക്കി അധികാരം പിടിക്കാനുള്ള ശ്രമത്തിലാണ് അൽക്വയ്ദ പിന്തുണയുള്ള അൽഷബാബ് ഭീകരർ.


2011ൽ അൽഷബാബിനെ മൊഗാദിഷുവിൽനിന്നു തുരത്തിയെങ്കിലും അവർ രാജ്യത്തിന്റെ ഇതര ഭാഗങ്ങളിൽ നിലയുറപ്പിച്ച് മൊഗാദിഷുവിലും മറ്റു നഗരങ്ങളിലും ഭീകരാക്രമണം തുടരുകയാണ്. പാശ്ചാത്യ പിന്തുണയുള്ള സർക്കാരിന്റെ രക്ഷയ്ക്ക് ആഫ്രിക്കൻ യൂണിയന്റെ 22000 സൈനികരുള്ള സമാധാനസേന സോമാലിയയിൽ നിലയുറപ്പിച്ചിട്ടുണ്ട്. ആഫ്രിക്കൻ യൂണിയൻ സൈനികരുടെ കേന്ദ്രത്തിൽ തിങ്കളാഴ്ച അൽഷബാബ് നടത്തിയ മറ്റൊരു ആക്രമണത്തിൽ ഒരു സൈനികനും രണ്ടു ഭീകരരും കൊല്ലപ്പെട്ടെന്ന് പോലീസ് അറിയിച്ചു.

അടുത്തമാസങ്ങളിൽ നടത്താനിരിക്കുന്ന തെരഞ്ഞെടുപ്പിനുമുമ്പ് കൂടുതൽ ആക്രമണങ്ങൾ നടത്താനാണ് അൽഷബാബിന്റെ പദ്ധതിയെന്നു പറയപ്പെടുന്നു. കെനിയയിലും അൽഷബാബ് നിരവധി ഭീകരാക്രണങ്ങൾ നടത്തിയിട്ടുണ്ട്. സോമാലിയയ്ക്കു പുറമേ ജിബൂട്ടി, കെനിയ, എത്യോപ്യ, ടാൻസാനിയ, ഉഗാണ്ട എന്നിവിടങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാൻ അൽഷബാബ് പദ്ധതി തയാറാക്കിയതായി സുരക്ഷാവിശകലന വിദഗ്ധർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.