സിറിയയിൽ യുഎൻ ട്രക്കുകൾക്കു നേരേ ആക്രമണം; 21 മരണം
സിറിയയിൽ യുഎൻ ട്രക്കുകൾക്കു നേരേ ആക്രമണം; 21 മരണം
Tuesday, September 20, 2016 11:58 AM IST
ജനീവ: സിറിയയിലെ ആലപ്പോ നഗരത്തിലേക്കു ജീവകാരുണ്യ സഹായവുമായി എത്തിയ യുഎൻ വാഹനവ്യൂഹത്തിനു നേർക്കുണ്ടായ ആക്രമണത്തിൽ കുറഞ്ഞത് 21 പേർ കൊല്ലപ്പെട്ടു. ഇതെത്തുടർന്നു സഹായവിതരണം നിർത്തിവച്ചതായി യുഎന്നും റെഡ്ക്രസന്റും അറിയിച്ചു. സിറിയയിൽ റഷ്യയും യുഎസും മുൻകൈയെടുത്തു നടപ്പാക്കിയ വെടിനിർത്തലിനും ഇതോടെ അന്ത്യമായി.

ആലപ്പോ പ്രവിശ്യയിലെ ഉം അൽകുർബായിലുള്ള റെഡ്ക്രസന്റ് കേന്ദ്രത്തിനു വെളിയിൽ പാർക്കു ചെയ്തിരുന്ന 31 ട്രക്കുകളിൽ 18 എണ്ണം തിങ്കളാഴ്ചത്തെ വ്യോമാക്രമണത്തിൽ തകർന്നു. റെഡ്ക്രസന്റ് സ്റ്റാഫംഗവും 20 സിവിലിയന്മാരും കൊല്ലപ്പെട്ടു. റെഡ്ക്രസന്റിന്റെ വെയർഹൗസിനു നേർക്കും ആക്രമണമുണ്ടായി.

റഷ്യൻ, സിറിയൻ യുദ്ധവിമാനങ്ങളാണ് വെടിനിർത്തൽ ലംഘിച്ച് ആക്രമണം നടത്തിയതെന്ന് ആരോപണമുണ്ട്. എന്നാൽ റഷ്യയോ സിറിയയോ ആക്രമണം നടത്തിയിട്ടില്ലെന്ന് റഷ്യൻ പ്രതിരോധമന്ത്രാലയ വക്‌താവ് അറിയിച്ചു.വിമതമേഖലയിലേക്കു കടന്നതിനുശേഷം വാഹനവ്യൂഹത്തിന്റെ നീക്കം സംബന്ധിച്ച വിവരങ്ങൾ വിമതർക്കുമാത്രമാണ് അറിയാമായിരുന്നതെന്നും റഷ്യ പറഞ്ഞു.


ആലപ്പോ നഗരത്തിന്റെ പകുതിഭാഗം സർക്കാർ സൈന്യത്തിന്റെ നിയന്ത്രണത്തിലും പകുതി വിമതരുടെയും തീവ്രവാദികളുടെയും നിയന്ത്രണത്തിലുമാണ്. വിമതമേഖലയിൽ ഒറ്റപ്പെട്ടു പോയവർക്ക് ഏറെ നാളായി അവശ്യവസ്തുക്കൾ കിട്ടുന്നില്ല. ഇവർക്കു നഗരം വിടാനും കഴിയുന്നില്ല. വെടിനിർത്തൽ നടപ്പാക്കിയ സാഹചര്യത്തിൽ ഇവർക്കു സഹായം എത്തിക്കാനാണു ട്രക്കുകൾ അയച്ചതെന്നു യുഎൻ ദൂതൻ സ്റ്റെഫാൻ മിസ്തുര പറഞ്ഞു. ഏറെ ചർച്ചകൾക്ക് ഒടുവിലാണ് സഹായവിതരണത്തിന് അവസരം ഒരുങ്ങിയത്. വ്യോമാക്രമണത്തോടെ അതില്ലാതായി. ട്രക്കുകൾക്കുനേരേ നടന്ന ആക്രമണം മനപ്പൂർവമാണെന്നു വ്യക്‌തമായാൽ അതു യുദ്ധക്കുറ്റമായി പരിഗണിക്കുമെന്ന് യുഎൻ സഹായവിതരണത്തിനു മേൽനോട്ടം വഹിക്കുന്ന സ്റ്റീഫൻ ഓബ്രിയൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.