വ്യോമാക്രമണം ശക്‌തം; ആലപ്പോ കത്തുന്നു
വ്യോമാക്രമണം ശക്‌തം; ആലപ്പോ കത്തുന്നു
Friday, September 23, 2016 11:52 AM IST
ആലപ്പോ: സിറിയയിലെ ആലപ്പോ നഗരത്തിൽ വിമതരുടെ കൈവശമുള്ള പ്രദേശങ്ങളിൽ സിറിയൻ, റഷ്യൻ യുദ്ധവിമാനങ്ങൾ അതിശക്‌തമായ ബോംബിംഗ് ആരംഭിച്ചു. വ്യാഴാഴ്ച ആരംഭിച്ച ആക്രമണങ്ങൾ ഇന്നലെയും തുടർന്നു. മൂന്നു കുട്ടികൾ ഉൾപ്പെടെ 27 സിവിലിയന്മാർ കൊല്ലപ്പെട്ടെന്നു സിറിയൻ ഒബ്സർവേറ്ററി പറഞ്ഞു. എന്നാൽ മരണസംഖ്യ 70ൽ അധികമാണെന്ന് കിഴക്കൻ ആലപ്പോയിലെ സിവിൽ ഡിഫൻസ് മേധാവി അമ്മാർ അൽസെൽമോ റോയിട്ടേഴ്സിനോടു പറഞ്ഞു. 40 കെട്ടിടങ്ങൾ ഇവിടെ തകർന്നിട്ടുണ്ട്.

റഷ്യയും അമേരിക്കയും ചേർന്നു പ്രഖ്യാപിച്ച വെടിനിർത്തലിന്റെ കഥ കഴിഞ്ഞതിനെത്തുടർന്ന് യുദ്ധം ശക്‌തമാവുമെന്നു സൂചനയുണ്ടായിരുന്നു. ആലപ്പോ നഗരം രണ്ടായി വിഭജിക്കപ്പെട്ടിരിക്കുകയാണ്. വിമതരുടെ കൈവശമുള്ള കിഴക്കൻ ആലപ്പോ തിരിച്ചുപിടിക്കുന്നതിനു വ്യോമാക്രമണത്തിനു പുറമേ കരയാക്രമണവും കൂടി നടത്തുമെന്നു സിറിയ വ്യക്‌തമാക്കി. ഭീകരരുടെ അധീനതയിലുള്ള മേഖലകളിൽ നിന്ന് ഒഴിഞ്ഞുപോകാൻ ആലപ്പോ നിവാസികളോട് സ്റ്റേറ്റ് ടിവിയിൽ നൽകിയ മുന്നറിയിപ്പിൽ സിറിയൻ ഭരണകൂടം ആവശ്യപ്പെട്ടു. കരയാക്രമണത്തിനുള്ള മുന്നോടിയായാണു മുന്നറിയിപ്പു നൽകിയതെന്നു കരുതപ്പെടുന്നു.

കിഴക്കൻ ആലപ്പോയിൽനിന്നു പുറത്തുകടക്കാൻ ആഗ്രഹിക്കുന്നവർക്ക് സുരക്ഷിത പാത ഒരുക്കുമെന്നു സൈനിക വക്‌താവ് പറഞ്ഞു. വിമതർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം.


വ്യോമാക്രമണത്തിലൂടെ ആലപ്പോയിലെ വിമതരുടെ പ്രതിരോധനിര തകർത്തശേഷമായിരിക്കും കരയാക്രമണം ആരംഭിക്കുകയെന്ന് ഒരു സൈനിക ഉദ്യോഗസ്‌ഥൻ സൂചിപ്പിച്ചു. ഇതിനു ദിവസങ്ങൾ എടുത്തേക്കാം. സിറിയൻ വിമാനങ്ങൾ ആലപ്പോയിൽ ബാരൽ ബോംബുകൾ വർഷിക്കുകയാണെന്നു ബ്രിട്ടൻ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന സിറിയൻ ഒബ്സർവേറ്ററിയുടെ മേധാവി റമി അബ്ദൽ റഹ്്മാൻ പറഞ്ഞു.

സിറിയയിലെ വിമതമേഖലകളിലെ വ്യോമാക്രമണങ്ങൾ നിർത്തിവയ്ക്കണമെന്നും പറക്കൽ നിരോധന മേഖല ഏർപ്പെടുത്തണമെന്നും ഈയിടെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറി ആവശ്യപ്പെട്ടിരുന്നു. ഇതു തള്ളിക്കൊണ്ടാണ് സിറിയയും റഷ്യയും വ്യോമാക്രമണം ശക്‌തമാക്കിയത്. ഇതിനിടെ അടുത്തയിടെ യുഎസ് വ്യോമാക്രമണത്തിൽ 62 സിറിയൻ സൈനികർ കൊല്ലപ്പെട്ടതിന് പ്രസിഡന്റ് ബഷാർ അൽ അസാദ് അമേരിക്കയെ രൂക്ഷമായി വിമർശിച്ചു. ഐഎസ് ഭീകരരെയാണു ലക്ഷ്യം വച്ചതെന്നും സിറിയൻ സൈനികർ കൊല്ലപ്പെട്ടത് നിർഭാഗ്യകരമായെന്നും അമേരിക്ക പറഞ്ഞു. എന്നാൽ അമേരിക്ക മനപ്പൂർവം സിറിയൻ സൈനികരെ കൊലപ്പെടുത്തുകയായിരുന്നുവെന്ന്് അസാദ് ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.