എൻജിനിൽ പുക; നേപ്പാൾ എയർലൈൻസ് ജെറ്റ് അടിയന്തരമായി നിലത്തിറക്കി
എൻജിനിൽ പുക; നേപ്പാൾ എയർലൈൻസ് ജെറ്റ് അടിയന്തരമായി നിലത്തിറക്കി
Monday, September 26, 2016 11:00 AM IST
കാഠ്മണ്ഡു: 163 യാത്രക്കാരുമായി ന്യൂഡൽഹിയിൽനിന്നു വന്ന ലുംബിനി (എ–320–220) നേപ്പാൾ എയർബസ് കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്രവിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി.

12,500 അടി ഉയരത്തിൽ സഞ്ചരിക്കുമ്പോൾ വിമാനത്തിൽനിന്നു പുക ഉയർന്നതിനെത്തുടർന്നാണു വിമാനം അടിയന്തരമായി നിലത്തിറക്കിയത്. അപകടം സൂചിപ്പിക്കുന്ന അലാറം മുഴങ്ങിയതിനെത്തുടർന്നു വിമാനം ഇറക്കാൻ പൈലറ്റ് അനുമതി ആവശ്യപ്പെടുകയായിരുന്നു. വിമാനം നിലത്തിറങ്ങി അരമണിക്കൂറിനുള്ളിൽ യാത്രക്കാരെ സുരക്ഷിതരായി പുറത്തെത്തിച്ചതായി എയർപോർട്ട് അധികൃതർ അറിയിച്ചു.


സംഭവത്തെത്തുടർന്നു റൺവേ അടച്ചതുമൂലം ത്രിഭുവൻ അന്താരാഷ്ട്രവിമാനത്താവളത്തിൽ വ്യോമഗതാഗതം തടസപ്പെട്ടു. വിമാനത്തിന്റെ തകരാർ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.