പാക് സംഘം ലോകബാങ്കിൽ
പാക് സംഘം ലോകബാങ്കിൽ
Wednesday, September 28, 2016 12:23 PM IST
ഇസ്ലാമാബാദ്: സിന്ധു നദീജല കരാറിലെ വ്യവസ്‌ഥകളിൽനിന്നു പിന്മാറാനുള്ള ഇന്ത്യയുടെ നീക്കത്തിനെതിരേ പരാതിയുമായി പാക്കിസ്‌ഥാൻ ലോകബാങ്കിനെ സമീപിച്ചു. കരാർവ്യവസ്‌ഥകൾ പാലിക്കാൻ സമയബന്ധിതമായി ഇടപെടാമെന്നു ലോകബാങ്ക് വാഗ്ദാനം ചെയ്തുവെന്നാണു കൂടിക്കാഴ്ചയ്ക്കുശേഷം പാക്കിസ്‌ഥാൻ അവകാശപ്പെടുന്നത്. 56 വർഷം പഴക്കമുള്ള കരാറിന്റെ ഇടനിലക്കാർ ലോകബാങ്കായിരുന്നു.

പാക്കിസ്‌ഥാൻ അറ്റോണി ജനറൽ അഷ്തർ യൂസഫ് അലിയുടെ നേതൃത്വത്തിലുള്ള സംഘമാണു വാഷിംഗ്ടണിൽ ലോകബാങ്ക് ആസ്‌ഥാനത്ത് മുതിർന്ന ഉദ്യോഗസ്‌ഥരെ കണ്ട് ആശങ്ക അറിയിച്ചത്.


ജലതർക്കങ്ങൾ, പ്രത്യേകിച്ചും ജലവൈദ്യുതി പദ്ധതികളുമായി ബന്ധപ്പെട്ടവ, പരിഹരിക്കുന്നതിനു തർക്കപരിഹാര കോടതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നു പാക്കിസ്‌ഥാൻ ജല–വൈദ്യുതി മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു. പ്രശ്നത്തിൽ വരുംദിവസങ്ങളിൽ ലോകബാങ്ക് തീരുമാനമെടുക്കും. നിഷ്പക്ഷമായി തുടർന്ന്, സമയബന്ധിതമായി കരാറിലെ വ്യവസ്‌ഥകൾ സാക്ഷാത്കരിക്കുന്നതിനു ഇടപെടാമെന്നു ലോകബാങ്ക് സമ്മതിച്ചുവെന്ന് പാക്കിസ്‌ഥാൻ എംബസി വാഷിംഗ്ടണിലും പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.