ആലപ്പോ വ്യോമാക്രമണം: ഉത്തരവാദികൾ ദൈവത്തോടു മറുപടി പറയേണ്ടിവരുമെന്ന് മാർപാപ്പ
ആലപ്പോ വ്യോമാക്രമണം: ഉത്തരവാദികൾ ദൈവത്തോടു മറുപടി പറയേണ്ടിവരുമെന്ന് മാർപാപ്പ
Wednesday, September 28, 2016 12:52 PM IST
വത്തിക്കാൻ സിറ്റി: ആഭ്യന്തരയുദ്ധം നടക്കുന്ന സിറിയയിലെ വ്യാപാരനഗരമായ ആലപ്പോയിൽ വ്യോമാക്രമണം നടത്തി സാധാരണക്കാരെ കൊല്ലുന്നവർ ദൈവത്തോടു മറുപടി പറയേണ്ടിവരുമെന്നു ഫ്രാൻസിസ് മാർപാപ്പ. ആലപ്പോ നിലവിൽ രക്‌തസാക്ഷി നഗരമാണെന്നും അവിടെയുള്ള എല്ലാവരും മരിച്ചുകൊണ്ടിരിക്കുകയാണെന്നും സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ പൊതുദർശനത്തിനിടെ മാർപാപ്പ പറഞ്ഞു.

വിമതരുടെ നിയന്ത്രണത്തിലുള്ള കിഴിക്കൻ മേഖലയിൽ റഷ്യയുടെ പിന്തുണയോടെയാണു സിറിയൻ സൈന്യം ആക്രമണം നടത്തുന്നത്. കഴിഞ്ഞദിവസം ആലപ്പോയിൽ റഷ്യനടത്തിയ വ്യോമാക്രമണത്തിൽ നിരവധി ജീവനുകളാണു പൊലിഞ്ഞത്.

കുട്ടികളും പ്രായമായവരും സ്ത്രീകളും രോഗികളുമടക്കം നിരവധി ആളുകളാണു സിറിയയിൽ മരിക്കുന്നത്. നിരപരാധികളുടെ ജീവൻ സംരക്ഷിക്കാൻ എല്ലാ നടപടിയും സ്വീകരിക്കണം. സിറിയയിൽ ബോംബിംഗ് നടത്തുന്നവർ ഒരു ദിവസം ദൈവത്തിനു മറുപടി നല്കേണ്ടിവരും– മാർപാപ്പ പറഞ്ഞു.

ആശുപത്രി തകർത്തു


ഡമാസ്കസ്: വിമതരുടെ നിയന്ത്രണത്തിലുള്ള ആലപ്പോ നഗരത്തിൽ സിറിയൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ ഇന്നലെ എട്ടു പേർ മരിച്ചു. ആശുപത്രിക്കും ബേക്കറിക്കും നേരേയാണ് ഇന്നലെ ബോംബിംഗ് ഉണ്ടായത്. പുലർച്ചെ നാലോടെയാണ് ആക്രമണം ഉണ്ടായതെന്ന് സിറിയൻ അമേരിക്കൻ മെഡിക്കൽ സൊസൈറ്റിയിലെ ആദം സഹ്്ലോൽ പറഞ്ഞു.

ആലപ്പോയിൽ നിലവിൽ ആറ് ആശുപത്രി മാത്രമേ പ്രവർത്തിക്കുന്നുള്ളൂയെന്നും ഇവയ്ക്കു നേരേയാണ് ഇപ്പോൾ വ്യോമാക്രമണം ഉണ്ടായതെന്നും യുഎൻ നിരീക്ഷകർ പറഞ്ഞു. ഒരാഴ്ചത്തെ വെടിനിർത്തലിനു ശേഷം കഴിഞ്ഞദിവസം രാത്രിയാണു സിറിയൻ സൈന്യം വ്യോമാക്രമണം വീണ്ടും ആരംഭിച്ചത്. റഷ്യയുടെ പിന്തുണയോടെയാണ് ആസാദ് സൈന്യം ആലപ്പോയിൽ ആക്രമണം നടത്തുന്നത്. റഷ്യയുടെ ഈ നടപടിയെ ഐക്യരാഷ്ട്രസഭാ സെക്യൂരിറ്റി കൗൺസിലിൽ അമേരിക്കയും ബ്രിട്ടനും വിമർശിച്ചിരുന്നു. എന്നാൽ, ഇത്തരത്തിലുള്ള വാക്പോര് ബന്ധം വഷളാക്കുമെന്നു റഷ്യ തിരിച്ചടിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.