യുഎസിൽ ട്രെയിൻ അപകടം, ഒരാൾ മരിച്ചു; 100 പേർക്കു പരിക്ക്
യുഎസിൽ ട്രെയിൻ അപകടം,  ഒരാൾ മരിച്ചു; 100 പേർക്കു പരിക്ക്
Thursday, September 29, 2016 12:29 PM IST
ന്യൂയോർക്ക്: ന്യൂജേഴ്സിയിലെ ഹൊബോക്കൻ സ്റ്റേഷനിൽ ഇന്നലെയുണ്ടായ ട്രെയിൻ അപകടത്തിൽ ഒരാൾ മരിക്കുകയും നൂറോളം പേർക്കു പരിക്കേൽക്കുകയും ചെയ്തു. മൂന്നുപേർ മരിച്ചുവെന്നായിരുന്ന നേര ത്തെവന്ന വാർത്ത. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്.

അമിതവേഗത്തിൽ വന്ന ട്രെയിൻ ഹൊബോക്കൻ ടെർമിനലിലെ പാളത്തിന്റെ അറ്റത്തുള്ള ബമ്പിൽ ഇടിച്ചുതകരുകയായിരുന്നു. സ്റ്റേഷനും ട്രെയിനിനും കനത്തനാശമുണ്ടായി. സ്റ്റേഷനിൽ നിർത്താതെ മുന്നോട്ടു പാഞ്ഞ ട്രെയിൻ പാളം അവസാനിക്കുന്നിടത്തെ ബമ്പിൽ ഇടിച്ചതിനെത്തുടർന്നു ബോംബു പൊട്ടുന്ന പോലെ ഉഗ്രശബ്ദമുണ്ടായെന്ന് ഒരു ദൃക്സാക്ഷി പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ട്രെയിനിന്റെ മുൻവശം മുകളിലേക്ക് ഉയരുകയും സ്റ്റേഷൻ മന്ദിരത്തിന്റെ മേൽക്കൂര തകർക്കുകയും ചെയ്തു.


ഇന്നലെ രാവിലെ യാത്രക്കാരുടെ തിരക്കുള്ള സമയത്തായിരുന്നു അപകടം. ടിക്കറ്റ്ഹാളും റിസപ്ഷൻഹാളിന്റെ ഒരുഭാഗവും തകർത്താണു ട്രെയിൻനിന്നത്. ട്രെയിനിൽ 250നടുത്തു യാത്രക്കാരുണ്ടായിരുന്നുവെന്നു ന്യൂജേഴ്സി ട്രാൻസിറ്റ് വക്‌താവ് ജന്നിഫർ നെൽസൺ പറഞ്ഞു. ട്രെയിനിനുള്ളിൽ ഇനിയും ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്നു വ്യക്‌തമല്ല. മേൽക്കൂര തകർന്നുവീണും മറ്റും സ്റ്റേഷൻ പ്ളാറ്റ്ഫോമിൽ നിന്നിരുന്നവർക്കും പരിക്കേറ്റിട്ടുണ്ട്. ഹഡ്സൺ നദീതീരത്തുള്ള ഹൊബോക്കൻ സ്റ്റേഷന്റെ മറുകരയിലാണു ന്യൂയോർക്ക്സിറ്റി. ന്യൂയോർക്കിലേക്കു ബോട്ടുമാർഗം പോകാനുള്ള സൗകര്യമുള്ളതിനാൽ നിരവധി യാത്രക്കാർ ഈ സ്റ്റേഷനിൽ ഇറങ്ങാറുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.