സിറിയ: നിസഹായത പ്രകടിപ്പിച്ച് കെറി
സിറിയ: നിസഹായത പ്രകടിപ്പിച്ച് കെറി
Saturday, October 1, 2016 11:41 AM IST
വാഷിംഗ്ടൺ: സിറിയയിൽ സൈനികാക്രമണം നടത്തണമെന്ന നിർദേശത്തിന് ഒബാമ ഭരണകൂടത്തിന്റെ പിന്തുണ കിട്ടിയില്ലെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറി. സിറിയൻ പ്രശ്നം പരിഹരിക്കുന്നതിനു നയതന്ത്രതലത്തിൽ ശ്രമം നടത്തുന്നതോടൊപ്പം സൈനികാക്രമണഭീഷണിയും പുറപ്പെടുവിക്കണമെന്ന് താൻ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്നു കെറി ഒരു സംഘം സിറിയക്കാരോടു പറഞ്ഞു.

സെപ്റ്റംബർ 22നു യുഎന്നിലെ ഡച്ച് മിഷനിൽ നടന്ന 40മിനിറ്റ് സംഭാഷണത്തിന്റെ ടേപ്പ് ന്യൂയോർക് ടൈംസിനു ലഭിച്ചു. വെടിനിർത്തൽ പാളുകയും ആലപ്പോയിൽ റഷ്യ വ്യോമാക്രമണം ശക്‌തമാക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു കെറിയും സിറിയൻ പ്രതിനിധികളും കൂടിക്കാഴ്ച നടത്തിയത്.

സിറിയയിൽ അസാദിന്റെ ഭരണകൂടത്തെ സഹായിക്കാനായി വിമതരുടെയും ഭീകരരുടെയും താവളങ്ങളിൽ റഷ്യ വ്യോമാക്രമണം ആരംഭിച്ചിട്ട് ഒരു വർഷം പിന്നിടുകയാണ്. റഷ്യൻ ഇടപെടലോടെ സിറിയയിലെ സ്‌ഥിതിയിൽ മാറ്റം വന്നു. അസാദിനെ പുറത്താക്കുന്നത് ഇനി അത്ര എളുപ്പമല്ല. എന്നാൽ, സിറിയൻ അഭയാർഥികൾക്ക് ഒരിക്കൽ അസാദിനെ പുറത്താക്കാനായേക്കുമെന്നു കെറി പറഞ്ഞു.


സിവിലിയന്മാർക്ക് എതിരേ അസാദ് ഭരണകൂടം അതിക്രമം തുടരുന്ന സാഹചര്യത്തിൽ അമേരിക്ക ഇടപെടണമെന്നു യോഗത്തിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടെങ്കിലും കെറി നിസഹായത പ്രകടിപ്പിക്കുകയായിരുന്നു. വിമതർക്ക് ആയുധം നൽകുന്നത് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുമെന്ന് കെറി പറഞ്ഞു. എന്നാലും അസാദിനെ നേരിടാൻ പുതിയ മാർഗം തേടും.

സ്വകാര്യ സംഭാഷണത്തിൽ കെറി പറഞ്ഞകാര്യങ്ങളെക്കുറിച്ചു പ്രതികരിക്കാനില്ലെന്നു സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റ് വക്‌താവ് ജോൺ കിർബി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.