ഇന്ത്യ–പാക് ചർച്ചയ്ക്കു മധ്യസ്‌ഥനാകാം: ബാൻ കി മൂൺ
ഇന്ത്യ–പാക് ചർച്ചയ്ക്കു മധ്യസ്‌ഥനാകാം: ബാൻ കി മൂൺ
Saturday, October 1, 2016 11:41 AM IST
യുണൈറ്റഡ് നേഷൻസ്: ഇന്ത്യയും പാക്കിസ്‌ഥാനും നയതന്ത്രത്തിലൂടെ പരസ്പര പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ഐക്യരാഷ്ട്ര സഭ ജനറൽ സെക്രട്ടറി ബാൻ കി മൂൺ.

കാഷ്മീർ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ചർച്ചയിലൂടെയും സമാധാനമാർഗത്തിലാണു പരിഹരിക്കേണ്ടത്. ഇന്ത്യക്കും പാക്കിസ്‌ഥാനും സ്വീകാര്യമെങ്കിൽ തന്റെ മധ്യസ്‌ഥതയിൽ ചർച്ചകൾ ആകാമെന്നും ബാൻ കി മൂൺ അറിയിച്ചു. എത്രയും വേഗം സമാധാനം പുനഃസ്‌ഥാപിക്കാനുള്ള ഉപായം കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇരു രാജ്യങ്ങളും സംയമനം പാലിക്കുകയും പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കുകയും വേണമെന്നു ബാൻ കി മൂണിന്റെ വക്‌താവ് കഴിഞ്ഞ ദിവസം പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. ഇപ്പോഴത്തെ സംഭവങ്ങൾ ഗൗരവത്തോടെയാണു കാണുന്നതെന്നും നിയന്ത്രണ രേഖയിലുള്ള വെടിനിർത്തൽ കരാർ ലംഘനങ്ങൾ ആശങ്കപ്പെടുത്തുന്നുവെന്നും പ്രസ്താവനയിൽ സൂചിപ്പിച്ചിരുന്നു.


നഷ്‌ടം ഇന്ത്യ മിണ്ടുന്നില്ല: പാക്കിസ്‌ഥാൻ

ഇസ്ലാമാബാദ്: മിന്നലാക്രമണത്തിൽ ഇന്ത്യൻ സൈന്യത്തിനു നഷ്‌ടമുണ്ടായെന്നു പാക്കിസ്‌ഥാൻ സൈനിക വക്‌താവ് ലഫ്. ജനറൽ അസിം സലിം ബാജ്വ. നിയന്ത്രണരേഖയിൽ ഇന്ത്യ നടത്തിയ വെടിവയ്പിനു ശക്‌തമായ തിരിച്ചടി നൽകിയെന്നും ബാജ്വ പറഞ്ഞതായി റേഡിയോ പാക്കിസ്‌ഥാൻ റിപ്പോർട്ട് ചെയ്തു. ഏതുസാഹചര്യത്തെ നേരിടാനും പാക് സൈന്യം സജ്‌ജമാണ്. എന്നാൽ, ആരും യുദ്ധം ആഗ്രഹിക്കുന്നില്ല. പാക് പ്രവിശ്യയിൽ മിന്നലാക്രമണം നടത്തിയെന്ന ഇന്ത്യയുടെ അവകാശവാദം അടിസ്‌ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

പാക് അധിനിവേശ കാഷ്മീരിൽ എന്താണ് സംഭവിച്ചതെന്ന് അയൽ രാജ്യത്തിന് ഇപ്പോഴും പിടിയില്ലെന്നായിരുന്നു കേന്ദ്ര പ്രതിരോധമന്ത്രി മനോഹർ പരീക്കറിന്റെ പ്രതികരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.