ബംഗ്ലാദേശിനു ചൈനയുടെ വൻ സഹായം
ബംഗ്ലാദേശിനു ചൈനയുടെ വൻ സഹായം
Friday, October 14, 2016 11:48 AM IST
ധാക്ക: ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് ഇന്നലെ നടത്തിയ ബംഗ്ലാദേശ് സന്ദർശനം 40 ഉഭയകക്ഷി കരാറുകൾക്കു വഴിതെളിച്ചു. ഇവവഴി ബംഗ്ലാദേശിനു 2000 കോടി ഡോളർ (1.32 ലക്ഷം കോടി രൂപ) വായ്പയും ഗ്രാന്റും ലഭിക്കും.

ബംഗ്ലാദേശിനെ മിത്രമാക്കാൻ ചൈന കിണഞ്ഞുശ്രമിക്കുന്നതിന്റെ ഭാഗമാണിത്. കഴിഞ്ഞവർഷം പ്രധാനമന്ത്രി നരേന്ദ്രമോദി ധാക്കയിലെത്തിയപ്പോൾ 200 കോടി ഡോളർ സഹായമാണു പ്രഖ്യാപിച്ചത്. ചൈന–ബംഗ്ലാദേശ്–മ്യാന്മർ സാമ്പത്തിക ഇടനാഴി, ഹൈവേകൾ, താപവൈദ്യുത നിലയം, തുറമുഖം തുടങ്ങിയവ ചൈന സഹായിക്കുന്ന പദ്ധതികളിൽപ്പെടുന്നു.

ദ്വിദിന സന്ദർശനത്തിനെത്തിയ ചിൻപിംഗിനു ചുവപ്പു പരവതാനി വിരിച്ച് 21 ആചാരവെടികളോടെ ഉജ്വല സ്വീകരണമാണു നൽകിയത്. മുപ്പതുവർഷത്തിനുള്ളിൽ ബംഗ്ളാദേശ് സന്ദർശിക്കുന്ന പ്രഥമ ചൈനീസ് രാഷ്ര്‌ടത്തലവനണു ചിൻപിംഗ്.


ഹസറത് ഷഹജ്ലാൽ അന്തർദേശീയ വിമാനത്താവളത്തിലെ വിവിഐപി ടെർമിനലിൽ സ്പെഷൽ എയർ ചൈനാ വിമാനത്തിലെത്തിയ ചിൻപിംഗിനെ പ്രസിഡന്റ് അബ്ദുൾഹമീദ് സ്വീകരിച്ചു. ബംഗ്ളാദേശ് വ്യോമാതിർത്തിയിലെത്തിയ ചൈനീസ് വിമാനത്തെ നാല് ബംഗ്ളാ വ്യോമസേനാ വിമാനങ്ങൾ അകമ്പടി സേവിച്ചാണ് വിമാനത്താവളത്തിലേക്ക് ആനയിച്ചത്.

ഉഭയകക്ഷി, പ്രാദേശിക, അന്തർദേശീയ ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതു സംബന്ധിച്ച് ചിൻപിംഗുമായി ഫലപ്രദമായ ചർച്ച നടത്തിയെന്നു കരാർ ഒപ്പുവയ്ക്കൽ ചടങ്ങിനുശേഷം പ്രധാനമന്ത്രി ഷേക്ക് ഹസീന പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.