മൊസൂൾ പിടിക്കാൻ യുദ്ധം തുടങ്ങി
മൊസൂൾ പിടിക്കാൻ യുദ്ധം തുടങ്ങി
Monday, October 17, 2016 11:52 AM IST
ബാഗ്ദാദ്: മാസങ്ങൾ നീണ്ട കാത്തിരിപ്പിനുശേഷം ഇറാക്കിലെ മൊസൂൾ നഗരം ഐഎസിൽനിന്നു തിരിച്ചുപിടിക്കാൻ ഇറാക്കിസൈന്യം യുദ്ധം ആരംഭിച്ചു. 2011ൽ യുഎസ് സൈന്യം ഇറാക്കിൽനിന്നു പിന്മാറിയശേഷമുള്ള ഏറ്റവും വലിയ സൈനികമുന്നേറ്റമാണിത്. വിജയത്തിന്റെ ദിനം സമാഗതമായി. വൈകാതെ ഇറാക്കിന്റെ പതാക മൊസൂളിൽ ഉയരും– യുദ്ധം തുടങ്ങിയ വിവരം അറിയിച്ച് രാജ്യവ്യാപകമായി സംപ്രേഷണം ചെയ്ത ടിവി പ്രസംഗത്തിൽ ഇറാക്ക് പ്രധാനമന്ത്രി ഹൈദർ അൽ അബാദി പ്രഖ്യാപിച്ചു.

ഇറാക്കിസൈന്യത്തിനു പുറമേ, കുർദിഷ് പെഷ്മാർഗസേന, അർധസൈനിക വിഭാഗങ്ങൾ, സുന്നി, ഷിയാവിഭാഗങ്ങളുടെ ഭടന്മാർ തുടങ്ങിയവർ നാലു ദിശകളിൽനിന്നു മൊസൂളിനു നേരേ മുന്നേറുകയാണ്. ഇതിനകം മൊസൂൾ പ്രാന്തത്തിലുള്ള ഒമ്പതു ഗ്രാമങ്ങൾ പിടിച്ചതായി ഇറാക്ക് സേന അവകാശപ്പെട്ടു. അമേരിക്കയുടെയും ഇറാക്കിന്റെയും യുദ്ധവിമാനങ്ങളുടെ പിൻബലത്തോടെയാണു സൈനിക മുന്നേറ്റം. നിനവേ പ്രവിശ്യാ തലസ്‌ഥാനമായ മൊസൂൾ വീണാൽ ഐഎസിന് അതു കനത്ത തിരിച്ചടിയാവും.

ഇറാക്കിലും സിറിയയിലുമുള്ള പ്രദേശങ്ങൾ ചേർത്തു കാലിഫേറ്റ് രൂപീകരിച്ച ഐഎസിന്റെ ഇറാക്കിലെ അവസാന ശക്‌തികേന്ദ്രമാണ് മൊസൂൾ. സുന്നികൾക്കു പ്രാമുഖ്യമുള്ള ഈ നഗരത്തിൽ വച്ചാണ് അൽബാഗ്ദാദി കാലിഫേറ്റ് രൂപീകരണം പ്രഖ്യാപിച്ചത്.

വീടിനുള്ളിൽ കഴിയാനും സൈന്യവുമായി സഹകരിക്കാനും നിനവേ ഗവർണർ നൗഫൽ ഹമ്മാദി അൽ സുൽത്താൻ മൊസൂൾ ജനതയോട് അഭ്യർഥിച്ചു. ഐഎസിന്റെ ഹെഡ്ക്വാർട്ടേഴ്സിൽനിന്നു അകന്നുനിൽക്കണമെന്നും സുൽത്താൻ ജനങ്ങളോട് അഭ്യർഥിച്ചു.

ഇറാക്കിൽനിന്നു 400 കിലോമീറ്റർ അകലെയുള്ള മൊസൂളിന്റെ നിയന്ത്രണം 2014 ജൂണിലാണ് ഐഎസിന്റെ കൈകളിൽ എത്തിയത്. മൊസൂളിലുണ്ടായിരുന്ന സർക്കാർ സേന ഐഎസിന്റെ പടയോട്ടത്തെത്തുടർന്ന് ആയുധം ഉപേക്ഷിച്ചു പലായനം ചെയ്യുകയായിരുന്നു.

ഐഎസിനെ തുരത്തിയശേഷം മൊസൂളും നിനവേയിലെ മറ്റു പട്ടണങ്ങളും പുതുക്കിപ്പണിയുമെന്ന് പ്രധാനമന്ത്രി ഹൈദർ അൽ അബാദി ഉറപ്പു നൽകി. സൈന്യവുമായി സഹകരിക്കാനും അദ്ദേഹം മൊസൂൾ നിവാസികളോട് അഭ്യർഥിച്ചു. മൊസൂളിന്റെ അതിർത്തിയിലെത്തിക്കഴിഞ്ഞാൽ ഇറാക്കി സൈന്യവും പോലീസും യുദ്ധത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്നും അവർ മാത്രമേ നഗരത്തിൽ കടക്കുകയുള്ളുവെന്നും അൽ അബാദി ഉറപ്പു നൽകി.


ഇതിനിടെ മൊസൂൾ ആക്രമണത്തിനു തൊട്ടുമുമ്പ് നടന്ന വ്യോമാക്രമണത്തിൽനിന്നു ഐഎസ് നേതാവ് അൽബാഗ്ദാദി രക്ഷപ്പെട്ടതായി സുരക്ഷാസൈനികരെ ഉദ്ധരിച്ച് റഷ്യൻ വാർത്താ ഏജൻസി അറിയിച്ചു. മൊസൂളിൽ ഐഎസ് കമാൻഡർമാരുടെ യോഗം നടക്കുമ്പോഴാണ് വ്യോമാക്രമണം ഉണ്ടായത്.

ഐഎസിനെ വഞ്ചിച്ച് മൊസൂളിന്റെ നിയന്ത്രണം ഇറാക്കിസൈന്യത്തിനു കൈമാറാൻ ശ്രമിച്ച അൽബാഗ്ദാദിയുടെ വിശ്വസ്തൻ ഉൾപ്പെടെ 58പേരെ ഐഎസ് ഭീകരർ വെള്ളത്തിൽ മുക്കിക്കൊന്നതായി നേരത്തെ റിപ്പോർട്ടു വന്നിരുന്നു.

പത്തുലക്ഷം പേർ അഭയാർഥികളാവും

യുണൈറ്റഡ് നേഷൻസ്: മൊസൂൾ പിടിക്കാനുള്ള യുദ്ധം ആരംഭിച്ചതോടെ നഗരത്തിലെ 15 ലക്ഷം വരുന്ന സാധാരണക്കാരുടെ സ്‌ഥിതി ആശങ്കാജനകമായെന്നു യുഎൻ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ സ്റ്റീഫൻ ഒബ്രിയൻ പറഞ്ഞു. യുദ്ധം കനക്കുന്നതോടെ പത്തുലക്ഷം പേരെങ്കിലും വീടുവിട്ടു പലായനം ചെയ്യാൻ നിർബന്ധിതരായേക്കാം.

സൈന്യത്തിന്റെയും ഐഎസ് ഭീകരരുടെയും വെടിവയ്പിൽ സാധാരണക്കാർക്കു ജീവഹാനി നേരിടാനും സാധ്യതയേറെയാണ്. ആയിരക്കണക്കിനു പൗരന്മാരെ പ്രത്യേകിച്ചു കുട്ടികളെയും യുവാക്കളെയും സ്ത്രീകളെയും മറ്റും ഭീകരർ മനുഷ്യപ്പരിചയായി ഉപയോഗിക്കാനുള്ള സാധ്യതയും തള്ളാനാവില്ല.

ഐഎസിനു മാരക പ്രഹരം ഏല്പിക്കാനുള്ള അവസരമാണു വന്നിരിക്കുന്നതെന്നു യുഎസ് പ്രതിരോധ സെക്രട്ടറി ആഷ് കാർട്ടർ പറഞ്ഞു.ഇറാക്കിസൈന്യം യുദ്ധത്തിൽ വിജയിക്കുമെന്നു തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.