ഒന്നും മിണ്ടാതെ ബോബ് ഡിലൻ....അന്വേഷിച്ചു മടുത്തു സ്വീഡിഷ് അക്കാഡമി
ഒന്നും മിണ്ടാതെ ബോബ് ഡിലൻ....അന്വേഷിച്ചു മടുത്തു സ്വീഡിഷ് അക്കാഡമി
Tuesday, October 18, 2016 11:56 AM IST
സ്റ്റോക്ക്ഹോം: സാഹിത്യനൊബേൽ നേടിയ ബോബ് ഡിലനെ തപ്പി സ്വീഡിഷ് അക്കാദമി. അവാർഡ് പ്രഖ്യാപിച്ച് ആറുദിവസം പിന്നിട്ടിട്ടും അദ്ദേഹത്തെ നേരിട്ട് ബന്ധപ്പെടാൻ കഴിയാതെ കുഴങ്ങുകയാണ് അക്കാദമി ഭാരവാഹികൾ. നൊബേൽ നേട്ടം അറിഞ്ഞിട്ട് ബോബ് ഡിലനും ഇതുവരെ പ്രതികരിച്ചിട്ടില്ല.

പുരസ്കാര പ്രഖ്യാപനത്തിനുശേഷം യുഎസിലെ ലാസ്വേഗസിൽ സംഗീതക്കച്ചേരി നടത്തിയ ഡിലൻ പുരസ്കാരത്തെക്കുറിച്ച് ഒരക്ഷരം പോലും ഉരിയാടിയില്ല. എന്നാൽ ഫേസ്ബുക്ക് പേജിൽ അവാർഡ് വിവരം ഡിലൻ പോസ്റ്റ് ചെയ്തിട്ടുണ്ട്. ബോബ് ഡിലനോട് നേരിട്ട് അവാർഡ് വിവരം സംസാരിക്കാൻ കഴിഞ്ഞില്ലെങ്കിലും അദ്ദേഹത്തിന്റെ അടുത്ത അനുയായിയെ വിവരം ധരിപ്പിച്ചിട്ടുണ്ടെന്നാണ് അക്കാദമി സെക്രട്ടറി സാറ ഡാനിയസ് പറഞ്ഞത്. ഡിസംബർ 10നാണ് നൊബേൽ പുരസ്കാരം നൽകുന്നത്. അന്ന് അദ്ദേഹം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.


അമേരിക്കൻ സംഗീതപാരമ്പര്യത്തിനു നൂതന കാവ്യശോഭ പകർന്നതിനാണ് 75കാരനായ ഡിലനെ അക്കാദമി ആദരിച്ചത്. ഗാനരചനയ്ക്കു നൊബേൽ നേടുന്ന ആദ്യത്തെ പ്രതിഭയെന്ന ഖ്യാതിയും ഡിലനുമാത്രം അവകാശപ്പെട്ടതാണ്.

സാഹിത്യത്തിനുള്ള നൊബേൽ സ്വന്തമാക്കിയിട്ടുള്ള പലരും അവാർഡ് സ്വീകരിക്കാൻ എത്താതിരുന്ന സംഭവങ്ങളും ഇതിനുമുമ്പ് ഉണ്ടായിട്ടുണ്ട്.

ആൾക്കൂട്ടത്തോടുള്ള ഭയം മൂലം എൽഫ്രിഡ് ജെലിനെക് 2004ലും ഹാരോൾഡ് പിന്ററും ആലിസ് മൺറോയും ആരോഗ്യപ്രശ്നങ്ങൾ മൂലം 2005, 2013 വർഷങ്ങളിലും അവാർഡ് നൽകുന്ന ചടങ്ങിൽ എത്തിയിരുന്നില്ല. രണ്ടുപേരാണ് ഇതുവരെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം നിഷേധിച്ചിട്ടുള്ളത്. ബോറിസ് പാസ്റ്റർനാക് 1958ലും ഷാൻ പോൾ സാർത്ര 1964ലും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.