യുഎസിനെ വിട്ട് ചൈനയുമായി ഫിലിപ്പീൻസ് അടുക്കന്നു
യുഎസിനെ വിട്ട് ചൈനയുമായി ഫിലിപ്പീൻസ് അടുക്കന്നു
Thursday, October 20, 2016 11:43 AM IST
ബെയ്ജിംഗ്: യുഎസുമായി ബന്ധം വിടർത്തുകയാണെന്നു ഫിലിപ്പീൻസ് പ്രസിഡന്റ് റൊഡ്രിഗോ ഡുട്ടെർട്ടെ. ചൈനയിൽ സന്ദർശനത്തിനെത്തിയ ഫിലിപ്പീൻസ് പ്രസിഡന്റ്് ദക്ഷിണചൈനാ സമുദ്രം സംബന്ധിച്ച തർക്കം മാറ്റിവച്ച് ബെയ്ജിംഗുമായി 13 കരാറുകളിൽ ഒപ്പിട്ടു.

ബെയ്ജിംഗിലെ ഗ്രേറ്റ് ഹാളിൽ ഉപപ്രധാനമന്ത്രി ഷാങ് ഗോളിയുടെ സാന്നിധ്യത്തിൽ നടത്തിയ ബിസിനസ് യോഗത്തിലാണ് ദീർഘകാല സുഹൃത്തായ അമേരിക്കയുമായി വേർപിരിയുകയാണെന്നു ഡുട്ടെർട്ടെ പ്രഖ്യാപിച്ചത്.

ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗുമായി ഡുട്ടെർട്ടെ പിന്നീടു കൂടിക്കാഴ്ച നടത്തി. ദക്ഷിണചൈനാ സമുദ്രം സംബന്ധിച്ചുള്ള തർക്കത്തിനു തത്കാലം വിരാമമിടാനും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനും ചിൻപിംഗ് ഡുട്ടെർട്ടെയെ ഉപദേശിച്ചു.


ദക്ഷിണചൈനാ സമുദ്രം തങ്ങളുടെ സ്വന്തമാണെന്നാണു ചൈനയുടെ നിലപാട്. ധാതുസമ്പത്തുള്ള ഈ മേഖലയിൽ ഫിലിപ്പീൻസ്, വിയറ്റ്നാം, മലേഷ്യ, തായ്വാൻ തുടങ്ങിയ രാജ്യങ്ങളും അവകാശം ഉന്നയിക്കുന്നുണ്ട്. ചൈനയ്ക്ക് ഇവിടെ പ്രത്യേക അവകാശമില്ലെന്ന് അടുത്തയിടെ അന്തർദേശീയ ട്രൈബ്യൂണൽ വിധിച്ചിരുന്നു. ഫിലിപ്പീൻസിന്റെ ആവശ്യപ്രകാരം രൂപീകരിച്ച ട്രൈബ്യൂണലിന്റെ വിധി അംഗീകരിക്കുകയില്ലെന്നു ചൈന വ്യക്‌തമാക്കിയിരുന്നു.

ഈ സാഹചര്യത്തിൽ ഡുട്ടെർട്ടെ ചൈനയിലെത്തിത് തർക്കം പരിഹരിക്കുന്നതിനു സഹായിക്കുമെന്നു കരുതപ്പെടുന്നു. അടുത്തയിടെ യുഎസ് പ്രസിഡന്റ് ഒബാമയ്ക്കെതിരേ ഡുട്ടെർട്ടെ സഭ്യേതരമായ ഭാഷയിൽ സംസാരിച്ചതിനെത്തുടർന്ന് ഫിലിപ്പീൻസ്–യുഎസ് ബന്ധം ഉലഞ്ഞിരുന്നു,
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.