തെരഞ്ഞെടുപ്പ് ഫലം ട്രംപ് അംഗീകരിക്കില്ല?
തെരഞ്ഞെടുപ്പ് ഫലം ട്രംപ് അംഗീകരിക്കില്ല?
Thursday, October 20, 2016 11:43 AM IST
ലാസ്വേഗസ്: നവംബർ എട്ടിലെ വോട്ടെടുപ്പിന്റെ ഫലം ഹില്ലരിക്ക് അനുകൂലമായാൽ അംഗീകരിക്കുമോ എന്നു വ്യക്‌തമാക്കാൻ ഡൊണാൾഡ് ട്രംപ് വിസമ്മതിച്ചു. റിപ്പബ്ളിക്കൻ,ഡെമോക്രാറ്റിക് സ്‌ഥാനാർഥികൾ തമ്മിലുള്ള മൂന്നാമത്തേതും അവസാനത്തേതുമായ ടിവി സംവാദത്തിലാണ് അമേരിക്കയെ ഞെട്ടിച്ച ട്രംപിന്റെ പ്രഖ്യാപനം.

ലാസ്വേഗസിലെ യൂണിവേഴ്സിറ്റി ഓഫ് നെവാഡയിൽ നടത്തിയ സംവാദത്തിൽ മോഡറേറ്ററായിരുന്ന ഫോക്സ് ന്യൂസിലെ ക്രിസ് വാലസിന്റെ ചോദ്യത്തിനുത്തരമായാണു എന്നും വിവാദങ്ങളുടെ കൂടെപ്പിറപ്പായ റിപ്പബ്ളിക്കൻ സ്‌ഥാനാർഥി ട്രംപ് നിലപാടു വ്യക്‌തമാക്കിയത്. തെരഞ്ഞെടുപ്പു ഫലം എതിരായാൽ അംഗീകരിക്കുമോ എന്നായിരുന്നു വാലസിന്റെ ചോദ്യം. ഇപ്പോൾ അതേക്കുറിച്ചു ചിന്തിക്കുന്നില്ല. ഫലം വരട്ടെ, മറുപടി അപ്പോൾ പറയാമെന്നായിരുന്നു ട്രംപിന്റെ ഉത്തരം. എല്ലാവരെയും സസ്പെൻസിൽ നിർത്താനാണ് ഉദ്ദേശിക്കുന്നതെന്നും ട്രംപ് പറഞ്ഞു.

ട്രംപിന്റെ പ്രഖ്യാപനം ഞെട്ടിക്കുന്നതാണെന്നു ഡെമോക്രാറ്റിക് സ്‌ഥാനാർഥി ഹില്ലരി ക്ലിന്റൺ പ്രതികരിച്ചു. 240 വർഷമായി സ്വതന്ത്രവും നീതിയുക്‌തവുമായരീതിയിൽ തെരഞ്ഞെടുപ്പു നടത്തുന്നു. ഫലം ബന്ധപ്പെട്ടവർ അംഗീകരിക്കുന്നു. ഇപ്പോൾ ട്രംപ് ജനാധിപത്യം അട്ടിമറിക്കാനാണു ശ്രമിക്കുന്നത്–ഹില്ലരി പറഞ്ഞു.

തെരഞ്ഞെടുപ്പു ഫലം അംഗീകരിക്കുമെന്നു വ്യക്‌തമാക്കാൻ പ്രമുഖ പാർട്ടി സ്‌ഥാനാർഥി വിസമ്മതിക്കുന്ന സംഭവം ഇതിനു മുമ്പുണ്ടായിട്ടില്ലെന്നു സിഎൻഎൻ ചൂണ്ടിക്കാട്ടി. ജയിക്കുന്ന സ്‌ഥാനാർഥിക്കു ആശംസ നേരുകയും സ്വന്തം തോൽവി അംഗീകരിക്കുകയുമാണ് പരാജയപ്പെട്ടയാൾ ചെയ്യേണ്ടത്. സുഗമമായ അധികാരകൈമാറ്റത്തിന് ഇതാവശ്യമാണ്. അഭിപ്രായ സർവേകളിൽ പിന്നിലായ ട്രംപിന്റെ പുതിയ നിലപാട് വോട്ടർമാരിൽ ഉണ്ടാക്കുന്ന പ്രതികരണത്തിന്റെ വ്യാപ്തി അറിയാറായിട്ടില്ല. ഇതിനിടെ, സത്യസന്ധത തൊട്ടുതെറിക്കാത്ത ചില മാധ്യമങ്ങൾ വോട്ടർമാരുടെ മനസ് വിഷലിപ്തമാക്കുകയാണെന്നും തെരഞ്ഞെടുപ്പിൽ തിരിമറി നടക്കുമെന്നും ട്രംപ് ആരോപിച്ചു.


90 മിനിറ്റ് ദീർഘിച്ച മൂന്നാംവട്ട സംവാദത്തിൽ ഹില്ലരിക്കാണു മേൽക്കൈയെന്നാണ് സർവേ ഫലം. ഹില്ലരി ജയിച്ചെന്ന് 52 ശതമാനം പേരും ട്രംപ് ജയിച്ചെന്ന് 39 ശതമാനം പേരും പറഞ്ഞെന്നു സിഎൻഎൻ ചൂണ്ടിക്കാട്ടി. മറ്റു രണ്ടു സംവാദങ്ങളിലും ഹില്ലരിക്കു തന്നെയായിരുന്നു മുൻതൂക്കം. ലാസ്വേഗസ് സംവാദത്തിൽ മുൻ സംവാദങ്ങളെ അപേക്ഷിച്ച് ട്രംപ് കൂടുതൽ പക്വമായ സമീപനമാണു സ്വീകരിച്ചത്. സുരക്ഷ, കുടിയേറ്റം, റഷ്യ തുടങ്ങിയ വിഷയങ്ങളിൽ ഇരുവരും നിലപാടു വ്യക്‌തമാക്കി. റഷ്യൻ പ്രസിഡന്റ് പുടിന്റെ പാവയാണു ട്രംപെന്നു ഹില്ലരി ആരോപിച്ചു.

ഇന്ത്യയെയും ചൈനയെയും അപേക്ഷിച്ച് വളരെ പിന്നിലാണ് അമേരിക്കയുടെ സാമ്പത്തിക വളർച്ചയെന്നു ട്രംപ് ആരോപിച്ചു. ചൈനയിൽനിന്നും മറ്റു രാജ്യങ്ങളിലും നിന്ന് അമേരിക്ക എല്ലാം ഇറക്കുമതി ചെയ്യുകയാണ്. ഉത്പാദനമേഖല സ്തംഭിച്ചു. തൊഴിലില്ലായ്മ വർധിച്ചു. ഹില്ലരിയുടെ സാമ്പത്തി നയങ്ങളും നികുതി പദ്ധതികളും കൂടുതൽ ദോഷം ചെയ്യുകയേ ഉള്ളുവെന്നും ട്രംപ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.