ചിത്തഭ്രമം മനോരോഗമല്ല: പാക് സുപ്രീംകോടതി
ചിത്തഭ്രമം മനോരോഗമല്ല: പാക് സുപ്രീംകോടതി
Friday, October 21, 2016 12:31 PM IST
ഇസ്ലാമാബാദ്: ചിത്തഭ്രമം (ഷിസോഫ്രീനിയ) മനോരോഗമല്ലെന്നു പാക് സുപ്രീം കോടതി. 2002ൽ മതപുരോഹിതനെ വധിച്ച കേസിൽ തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ട ഇംദാദ് അലി(50) എന്ന പ്രതിക്കുവേണ്ടി ഭാര്യ സമർപ്പിച്ച അപ്പീലിന്മേലാണു കോടതിയുടെ നിർണായക വിധി. ജയിലിൽ വച്ച് അലിക്കു ചിത്തഭ്രമം പിടിപെട്ടതായി ഡോക്ടർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ അലിയെ കുറ്റവിമുക്‌തനാക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ സഫിയാ ബാനുവാണു സുപ്രീംകോടതിയിൽ ഹർജി നൽകിയത്. എന്നാൽ കോടതി അപ്പീൽ തള്ളി. മരുന്നും പുനരധിവാസ ചികിത്സയും നൽകി സുഖപ്പെടുത്താവുന്ന മാനസിക ക്രമക്കേടാണ് ഷിസോഫ്രീനിയയെന്നും ഇതു മനോരോഗമല്ലെന്നും കോടതി വിധിന്യായത്തിൽ വ്യക്‌തമാക്കി. അലിയുടെ വധശിക്ഷ നടപ്പാക്കുന്നതിനുള്ള തടസം ഇതോടെ നീങ്ങി.


കുറ്റത്തെക്കുറിച്ചോ ശിക്ഷയെക്കുറിച്ചോ മനസിലാക്കാനുള്ള ശേഷിയില്ലാത്തയാളാണ് അലിയെന്ന് അഭിഭാഷകർ ചൂണ്ടിക്കാട്ടി .അലിയെ വധശിക്ഷയ്ക്കു വിധേയനാക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് ആംനസ്റ്റി ഇന്റർനാഷണൽ ചൂണ്ടിക്കാട്ടി. ചിത്തഭ്രമം ഗൗരവാഹമായ സ്‌ഥിതിവിശേഷമല്ലെന്ന പാക് ജഡ്ജിമാരുടെ നാട്യം മനോരോഗിയെ തൂക്കിലേറ്റാൻ ഇടവരുത്തുന്നുവെന്ന കാര്യം ചിന്തിക്കാൻപോലും പേടി തോന്നുന്നുവെന്ന് റിപ്രീവ് ഡയറക്ടർ മയാ ഫോയും പറഞ്ഞു. പാക് പ്രസിഡന്റ് ഇക്കാര്യത്തിൽ ഇടപെടണമെന്നും ഫോ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.