ഹില്ലരി വന്നാൽ മൂന്നാം ലോകമഹായുദ്ധം: ട്രംപ്
ഹില്ലരി വന്നാൽ മൂന്നാം ലോകമഹായുദ്ധം: ട്രംപ്
Wednesday, October 26, 2016 11:59 AM IST
ന്യൂയോർക്ക്: ഹില്ലരിയുടെ സിറിയൻ നയം അപകടകരമാണെന്നും അവർ ഭരണത്തിലെത്തിയാൽ മൂന്നാം ലോക മഹായുദ്ധത്തിനു തുടക്കം കുറിക്കുമെന്നും ട്രംപ്. സിറിയൻ പ്രസിഡന്റ് അസാദിനെ താഴെയിറക്കുന്നതിനെക്കാൾ മുൻഗണന നൽകേണ്ടത് ഐഎസിനെ തോല്പിക്കുന്നതിനാണെന്ന് വിദേശനയം സംബന്ധിച്ചു നൽകിയ അഭിമുഖത്തിൽ ട്രംപ് ചൂണ്ടിക്കാട്ടി. അമേരിക്ക ഇപ്പോൾ തുടരുന്ന നയത്തിനു കടകവിരുദ്ധമാണിത്.

ഹില്ലരി ഭരണത്തിൽ വന്നാൽ സിറിയൻ പ്രശ്നത്തിൽ ആണവശക്‌തിയായ റഷ്യയുമായി യുദ്ധത്തിനു സാധ്യതയുണ്ട്. ഇതു മൂന്നാം ലോകമഹായുദ്ധത്തിലേക്കു നയിക്കും. പുടിനെ രൂക്ഷമായി വിമർശിച്ച ഹില്ലരിക്ക് അദ്ദേഹവുമായി എങ്ങനെ ചർച്ച നടത്താനാവുമെന്നും ട്രംപ് ചോദിച്ചു.


ഐഎസിനെ പരാജയപ്പെടുത്തുന്നതിനാണു താൻ മുൻഗണന നൽകുകയെന്നും അസാദിന്റെ കാര്യം രണ്ടാമതേ വരുന്നുള്ളുവെന്നും ട്രംപ് പറഞ്ഞു.

റിപ്പബ്ളിക്കൻ പാർട്ടി നേതാക്കൾ തന്റെ പിന്നിൽ ഉറച്ചുനിന്നാൽ തെരഞ്ഞെടുപ്പിൽ ജയം ഉറപ്പാണെന്നും ട്രംപ് പറഞ്ഞു. നേതാക്കളുടെ നിലപാടിൽ ജനത്തിന് അമർഷമുണ്ട്. ഒബാമയുടെ വിദേശനയത്തെ വിമർശിച്ച ട്രംപ് ഫിലിപ്പീൻസുമായുള്ള ബന്ധം വഷളായതിനെയും പരാമർശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.