വിസ്കോൺസിൻ റീകൗണ്ടിംഗിനെ എതിർത്ത് ട്രംപ്
വിസ്കോൺസിൻ റീകൗണ്ടിംഗിനെ എതിർത്ത് ട്രംപ്
Sunday, November 27, 2016 10:38 AM IST
വാഷിംഗ്ടൺ: അമേരിക്കയിലെ വിസ്കോൺസിൻ സംസ്‌ഥാനത്ത് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടുകൾ വീണ്ടും എണ്ണാനുള്ള തീരുമാനം റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് ക്യാമ്പുകളെ വിരുദ്ധചേരിയിലാക്കി.

ഗ്രീൻ പാർട്ടി സ്‌ഥാനാർഥി ജിൽ സ്റ്റെയിനിന്റെ ആവശ്യം അംഗീകരിച്ച് വിസ്കോൺസിൻ ഇലക്ഷൻ ബോർഡാണ് വീണ്ടും വോട്ടെണ്ണാൻ ഉത്തരവിട്ടത്. തന്റെ വിജയം അംഗീകരിക്കണമെന്നും അതു ചോദ്യം ചെയ്യുന്നത് അഴിമതിയാണെന്നും റിപ്പബ്ലിക്കൻ നേതാവും നിയുക്‌ത യുഎസ് പ്രസിഡന്റുമായ ഡോണൾഡ് ട്രംപ് പ്രതികരിച്ചു. ക്രമക്കേടു നടന്നെന്നു കരുതുന്നില്ലെങ്കിലും റീ കൗണ്ടിംഗ് നട ത്തുന്ന സാഹചര്യത്തിൽ അതുമായി സഹകരിക്കുകയാണെന്ന് ഹില്ലരി ക്ലിന്റന്റെ പ്രചാരണടീമിൽ അംഗമായ ഡെമോക്രാറ്റിക് അഭിഭാഷക മാർക് എറിക് ഏലിയാസ് വ്യക്‌തമാക്കി.

വിസ്കോൺസിൻ കൂടാതെ മിഷിഗൺ, പെൻസിൽവേനിയ എന്നീ സംസ്‌ഥാനങ്ങളിലെയും വോട്ടുകൾ വീണ്ടും എണ്ണണമെന്നു ഗ്രീൻ പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. ഇവിടങ്ങളിലും റീ കൗണ്ടിംഗ് അനുവദിച്ചാൽ സഹകരിക്കുമെന്ന് മാർക് ഏലിയാസ് പറഞ്ഞു.

വോട്ടെടുപ്പിനു മുമ്പ് ഇലക്ഷനിൽ തിരിമറി നടക്കാനിടയുണ്ടെന്നു പലവട്ടം ആരോപിച്ച ട്രംപിന് റീ കൗണ്ടിംഗ് തീരുമാനം ഒട്ടും ദഹിക്കുന്നില്ല. ജനം വിധിയെഴുതി. തെരഞ്ഞെടുപ്പു കഴിഞ്ഞു. ഹില്ലരി പറഞ്ഞതുപോലെ ഫലം അംഗീകരിക്കുകയും ഭാവിയിലേക്ക് ഉറ്റുനോക്കുകയുമാണ് ഇനി ചെയ്യേണ്ടത്–ട്രംപ് പ്രതികരിച്ചു.


ഡോണൾഡ് ട്രംപ് നേരിയ വിജയം നേടിയ സംസ്‌ഥാനമാണ് വിസ്കോൺസിൻ. നവംബർ എട്ടിലെ തെരഞ്ഞെടുപ്പിൽ വിസ്കോൺസിനിൽ ട്രംപിന് 47.9% ജനകീയവോട്ടും ഹില്ലരിക്ക് 46.9%വോട്ടും ജിൽ സ്റ്റെയിനിന് 1.1% വോട്ടും കിട്ടി. മുഴുവൻ ഇലക്ടറൽ വോട്ടുകളും(പത്തെണ്ണം) ട്രംപിനു കിട്ടി.

വിസ്കോൺസിനിൽ 20,000വോട്ടിനും പെൻസിൽവേനിയയിൽ 70,000വോട്ടിനും മിഷിഗണിൽ 10,000വോട്ടിനുമാണു ഹില്ലരി പരാജയപ്പെട്ടത്.

സർവേയിൽ ഹില്ലരി വിജയം നേടുമെന്നു പ്രവചിച്ചിരുന്ന സംസ്‌ഥാനങ്ങളാണ് ഇവ. വീണ്ടും വോട്ടെണ്ണുന്നതിനായി ഗ്രീൻ പാർട്ടി സ്‌ഥാനാർഥി ജിൽ സ്റ്റെയിൻ നടത്തിയ 59ലക്ഷം ഡോളറിന്റെ ഫണ്ടുശേഖരണം അഴിമതി നടത്താൻ വേണ്ടിയാണെന്നും ട്രംപ് ആരോപണമുന്നയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.