ഫ്രാൻസിൽ ഫിയോൺ കൺസർവേറ്റീവ് സ്‌ഥാനാർഥി
ഫ്രാൻസിൽ ഫിയോൺ കൺസർവേറ്റീവ് സ്‌ഥാനാർഥി
Monday, November 28, 2016 11:15 AM IST
പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടി സ്‌ഥാനാർഥിയായി മുൻ പ്രധാനമന്ത്രി ഫ്രാൻസ്വാ ഫിയോൺ തെരഞ്ഞെടുക്കപ്പെട്ടു. ഒളാന്ദ് നേതൃത്വം നൽകുന്ന സോഷ്യലിസ്റ്റ് ഭരണത്തിൽ തൊഴിലില്ലായ്മ വർധിച്ചതും ഐഎസ് ആക്രമണങ്ങൾ ശക്‌തിപ്പെട്ടതും ജനങ്ങളിൽ ഭരണവിരുദ്ധ വികാരം വർധിപ്പിച്ച സാഹചര്യത്തിൽ ഏപ്രിൽ മാസത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ 62 കാരനായ ഫിയോൺ ഫ്രഞ്ച് പ്രസിഡന്റാവാൻ സാധ്യതയേറെയാണ്.

തീവ്രവലതുകക്ഷിയായ നാഷണൽ ഫ്രണ്ടിന്റെ നേതാവ് മരീ ലെ പെന്നായിരിക്കും പ്രസിഡന്റ് ഇലക്ഷനിൽ ഫിയോണിന്റെ മുഖ്യ എതിരാളിയാവുകയെന്നു കരുതപ്പെടുന്നു. ജനപ്രീതിയിൽ പിന്നിലായ നിലവിലുള്ള ഇടുതുപക്ഷ സോഷ്യലിസ്റ്റ് പാർട്ടി പ്രസിഡന്റ് ഫ്രാൻസ്വാ ഒളാന്ദ് സ്‌ഥാനാർഥിത്വത്തിനു ശ്രമിക്കുമോ എന്നു പോലും വ്യക്‌തമല്ല. ജനുവരിയിൽ നടക്കുന്ന പ്രൈമറിയിൽ ഒളാന്ദിന്റെ പ്രധാനമന്ത്രി മാനുവൽ വാൽസ് സ്‌ഥാനാർഥിത്വത്തിനായി മത്സരിക്കുമെന്ന് അഭ്യൂഹമുണ്ട്. യുഎസ് മോഡലിൽ ഞായറാഴ്ച നടത്തിയ റിപ്പബ്ളിക്കൻ പ്രൈമറിയിൽ ഫിയോണിന് 68ശതമാനം വോട്ടു കിട്ടി. നിക്കോളാസ് സർക്കോസിയുടെ കീഴിൽ പ്രധാനമന്ത്രിയായിരുന്ന ഫിയോണിെന്റ എതിരാളി മറ്റൊരു മുൻ പ്രധാനമന്ത്രിയായ അലൻഷുപ്പെയായിരുന്നു.


ഫിയോൺ ജയിക്കുമെന്ന് ഏതാനും ആഴ്ചമുമ്പുവരെ ആരും കരുതിയിരുന്നില്ല.സാമ്പത്തിക പരിഷ്കാരത്തിനും കുടുംബമൂല്യങ്ങൾക്കും പ്രാധാന്യം നൽകി അദ്ദേഹം നടത്തിയ പ്രചാരണം ജനങ്ങൾ കൈനീട്ടി സ്വീകരിച്ചുവെന്നാണു ഫലം തെളിയിക്കുന്നത്. ഉരുക്കുവനിതയെന്നറിയപ്പെടുന്ന മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി മാർഗരറ്റ്താച്ചറോടാണ് അദ്ദേഹത്തെ പലരും താരതമ്യപ്പെടുത്തുന്നത്.

വിരമിക്കൽ പ്രായം 65വയസായി കൂട്ടുമെന്നും സാമൂഹികസുരക്ഷാ പദ്ധതികൾ വെട്ടിച്ചുരുക്കുമെന്നും ആഴ്ചയിൽ 35 മണിക്കൂർ ജോലി പദ്ധതി റദ്ദാക്കുമെന്നും ഫിയോൺ വ്യക്‌തമാക്കിയിട്ടുണ്ട്. പൊതു ചെലവും വെട്ടിക്കുറയ്ക്കും.

ഐഎസിനെതിരേ പോരാടാൻ റഷ്യയുടെയും സിറിയൻ പ്രസിഡന്റ് അസാദിന്റെയും സഹകരണം തേടുമെന്നും ഫിയോൺ പറഞ്ഞു. നിലവിലുള്ള പ്രസിഡന്റ് ഫ്രാൻസ്വാ ഒളാന്ദ് പുലർത്തുന്ന നയത്തിനു കടകവിരുദ്ധമാണിത്.

അലൻഷുപ്പെയും നിക്കോളാസ് സർക്കോസിയും ഫിയോണിനു പിന്തുണ പ്രഖ്യാപിച്ചു. നിലവിലുള്ള ഇടതുപക്ഷ സർക്കാരിന്റെ നയങ്ങൾ മാറ്റിമറിക്കാൻ കെല്പുള്ള ഫിയോണിനെ അധികാരത്തിലേറ്റേണ്ടത് അത്യാവശ്യമാണെന്ന് സർക്കോസി പ്രസ്താവനയിൽ വ്യക്‌തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.