ഏഷ്യയിലെ മെത്രാന്മാരുടെ സമ്മേളനത്തിന് തുടക്കമായി
ഏഷ്യയിലെ മെത്രാന്മാരുടെ സമ്മേളനത്തിന് തുടക്കമായി
Tuesday, November 29, 2016 1:56 PM IST
കൊളംബോ: ഏഷ്യയിലെ മെത്രാന്മാരുടെ പതിനൊന്നാമത് പ്ലീനറി സമ്മേളനം ശ്രീലങ്കയുടെ തലസ്‌ഥാനമായ കൊളംബോയിലെ നിഗംബോയിൽ ആരംഭിച്ചു.

ഫ്രാൻസിസ് മാർപാപ്പയുടെ പ്രത്യേക പ്രതിനിധിയായി പങ്കെടുക്കുന്ന റാഞ്ചിയിലെ ആർച്ചുബിഷപ് കർദിനാൾ ടെലസ്ഫോർ ടോപ്പോയുടെ മുഖ്യകാർമികത്വത്തിലുള്ള വിശുദ്ധ കുർബാനയോടുകൂടിയാണ് സമ്മേളനം ആരംഭിച്ചത്. തുടർന്നു നടന്ന ഉദ്ഘാടനചടങ്ങിൽ ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമസിംഹെ ഏഷ്യൻ മെത്രാൻസംഘത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. ഒരാഴ്ച നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ ഏഷ്യയിലെ വിവിധ രാജ്യങ്ങളിൽനിന്നുള്ള 11 കർദിനാളന്മാരും 100 തെരഞ്ഞെടുക്കപ്പെട്ട മെത്രാന്മാരും പങ്കെടുക്കുന്നുണ്ട്. “ഏഷ്യയിലെ കത്തോലിക്കാ കുടുംബങ്ങൾ – കരുണയുടെ പ്രേഷിതർ’ എന്നതാണ് പ്ലീനറി സമ്മേളനത്തിന്റെ ചർച്ചാവിഷയം. സീറോ മലബാർസഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, കാഞ്ഞിരപ്പള്ളി ബിഷപ് മാർ മാത്യു അറയ്ക്കൽ, പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, അഡിലാബാദ് ബിഷപ് മാർ പ്രിൻസ് പാണേങ്ങാടൻ, കോഴിക്കോട് ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ, കട്കി അപ്പസ്തോലിക് എക്സാർക് തോമസ് മാർ അന്തോണിയൂസ് തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.


സമ്മേളനത്തിന്റെ ആദ്യ സെഷനിൽ ഫിലിപ്പീൻസിലെ കർദിനാൾ ഒർളാന്തോ കൊവേദോ വിഷയം അവതരിപ്പിക്കും. തുടർന്ന് ഏഷ്യയിലെ കുടുംബങ്ങൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചു പ്രാഥമിക ചർച്ച നടക്കും. വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള ക്ഷണിക്കപ്പെട്ട പ്രതിനിധികൾ സമ്മേളനത്തിന് ആശംസകൾ നേർന്നു സംസാരിച്ചു.

ഇന്ന് ഏഷ്യയിലെ വിവിധ ബിഷപ്സ് കോൺഫ്രൻസുകളിൽ നിന്നുള്ള ഓരോ പ്രതിനിധികൾ കുടുംബത്തെ സംബന്ധിച്ചുള്ള പ്രബന്ധങ്ങൾ അവതരിപ്പിക്കും. തുടർന്ന് ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേന സ്വവസതിയിൽ മെത്രാൻ സംഘത്തിന് അത്താഴവിരുന്ന് നൽകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.