ഫാ.കോൾവൻ ബാക്ക് അന്തരിച്ചു
Tuesday, November 29, 2016 1:56 PM IST
റോം: ഈശോസഭയുടെ മുൻ സുപ്പീരിയർ ജനറൽ ഫാ. പീറ്റർ ഹാൻസ് കോൾവൻബാക്ക് ബെയ്റൂട്ടിൽ ശനിയാഴ്ച അന്തരിച്ചു. 88–ാംജന്മദിനത്തിന് ഏതാനും ദിവസം മുമ്പായിരുന്നു അന്ത്യം.

1983മുതൽ 2008വരെയായിരുന്നു അദ്ദേഹം സുപ്പീരിയർ ജനറൽ പദവി വഹിച്ചത്. രാജിവയ്ക്കുന്ന ആദ്യത്തെ ജസ്വിറ്റ് സുപ്പീരിയർ ജനറൽ കോൾവൻബാക്കാണ്. തുടർന്ന് ഫാ. അഡോൾഫോ നിക്കോളാസ് സുപ്പീരിയർ ജനറലായി.

രാജിക്കുശേഷം ഫാ. കോൾവൻബാക്ക് ലബനൻ തലസ്‌ഥാനമായ ബെയ്റൂട്ടിലെ സെന്റ് ജോസഫ്സ് യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് ലൈബ്രേറിയനായി പ്രവർത്തിച്ചുവരികയായിരുന്നു. ഫാ കോൾവൻബാക്കിന്റെ നിര്യാണത്തിൽ ഫ്രാൻസിസ് മാർപാപ്പ അനുശോചിച്ചു.


ക്രിസ്തുവിനോടും സുവിശേഷത്തോടും വിശ്വസ്തത പുലർത്തിയ ഫാ.കോൾവൻബാക്ക് സഭയ്ക്കുവേണ്ടി ചെയ്ത സേവനങ്ങൾ പ്രശംസാർഹമാണെന്ന് ഈശോസഭാ സുപ്പീരിയർ ജനറൽ ഫാ. അർത്തുറോ സോസയ്ക്ക് അയച്ചുകൊടുത്ത അനുശോചന സന്ദേശത്തിൽ മാർപാപ്പ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.