മിഷിഗണും ട്രംപിന് : ഇലക്ടറൽ വോട്ട് 306 ആയി
മിഷിഗണും ട്രംപിന് : ഇലക്ടറൽ വോട്ട് 306 ആയി
Tuesday, November 29, 2016 1:56 PM IST
വാഷിംഗ്ടൺ: തെരഞ്ഞെടുപ്പു നടന്നു മൂന്നാഴ്ചയ്ക്കുശേഷം മിഷിഗൺ സംസ്‌ഥാനത്തെ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചപ്പോൾ നിയുക്‌ത യുഎസ് പ്രസിഡന്റ് ട്രംപിന് 16 ഇലക്ടറൽ വോട്ടുകൾകൂടി കിട്ടി.
ഇതോടെ ട്രംപിനു ലഭിച്ച മൊത്തം ഇലക്ടറൽ കോളജ് വോട്ടുകളുടെ എണ്ണം 306 ആയി. ഹില്ലരിക്കു ലഭിച്ച ഇലക്ടറൽ കോളജ് വോട്ടുകൾ 232 ആണ്. ജയിക്കാൻ വേണ്ടത് 270 വോട്ടുകൾ.

1988നുശേഷം മിഷിഗണിൽ വിജയിക്കുന്ന ആദ്യത്തെ റിപ്പബ്ളിക്കൻ സ്‌ഥാനാർഥിയാണു ട്രംപ്.പെൻസിൽവേനിയ, മിഷിഗൺ, വിസ്കോൺസിൻ എന്നിവിടങ്ങളിൽ റീ കൗണ്ടിംഗിന് ഗ്രീൻ പാർട്ടി സ്‌ഥാനാർഥി ജിൽ സ്റ്റെയിൻ നീക്കം നടത്തുന്നതിനിടെയാണ് മിഷിഗണിലെ ഔദ്യോഗിക ഫല പ്രഖ്യാപനം. വിസ്കോൺസിനിൽ വീണ്ടും വോട്ടെണ്ണാൻ ഉത്തരവിട്ടു കഴിഞ്ഞു.


മറ്റു രണ്ടു സംസ്‌ഥാനങ്ങളിൽക്കൂടി റീ കൗണ്ടിംഗിനുള്ള നീക്കം ആരംഭിച്ചു. റീ കൗണ്ടിംഗ് അനാവശ്യമാണെന്നും തന്റെ വിജയം എല്ലാവരും അംഗീകരിച്ചതാണെന്നും ട്രംപ് ചൂണ്ടിക്കാട്ടി.

എന്നാൽ റീ കൗണ്ടിംഗുമായി സഹകരിക്കാനാണു ഹില്ലരി ക്യാമ്പിന്റെ പദ്ധതി. പോൾ ചെയ്ത എല്ലാ വോട്ടുകളും സംസ്‌ഥാന അധികൃതരുടെ മേൽനോട്ടത്തിൽ ഓരോന്നായി എടുത്ത് എണ്ണണമെന്നാണു റീ കൗണ്ടിംഗ് ചട്ടത്തിലെ വ്യവസ്‌ഥ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.