ബ്രസീൽ ക്ലബ് ഫുട്ബോൾ ടീമിന്റെ വിമാനം തകർന്ന് 76 മരണം
ബ്രസീൽ ക്ലബ് ഫുട്ബോൾ ടീമിന്റെ വിമാനം തകർന്ന് 76 മരണം
Tuesday, November 29, 2016 1:56 PM IST
ബോഗട്ട (കൊളംബിയ): ബ്രസീൽ ക്ലബ് ഫുട്ബോൾ ടീം അംഗങ്ങളുമായി സഞ്ചരിച്ച ചാർട്ടേഡ് വിമാനം കൊളംബിയൻ മലനിരകളിൽ തകർന്നുവീണ് 76 പേർ കൊല്ലപ്പെട്ടു. മൂന്നു കളിക്കാർ ഉൾപ്പെടെ അഞ്ചു പേർ അദ്ഭുതകരമായി രക്ഷപ്പെട്ടു. വൈദ്യുത തകരാറിനെത്തുടർന്ന് അടിയന്തര ലാൻഡിംഗിനു ശ്രമിക്കുന്നതിനിടെ മെഡെലിൻ നഗരത്തിനു സമീപമാണു വിമാനം തകർന്നുവീണത്. ലാമിയ എയർലൈൻസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. പ്രാദേശിക സമയം രാത്രി പത്തിനു ശേഷമായിരുന്നു അപകടം. ബ്രസീൽ ഒന്നാം ഡിവിഷൻ ക്ലബ്ബായ ചാപെകോയൻസ് താരങ്ങൾ, പരിശീലകർ, ക്ലബ് വൈസ് പ്രസിഡന്റ്, ഓഫീഷ്യലുകൾ, മാധ്യമപ്രവർത്തകർ തുടങ്ങിയവരുൾപ്പെടെ 72 യാത്രക്കാരും ഒമ്പത് ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

ആറു പേരെ രക്ഷപ്പെടുത്തിയെങ്കിലും ഒരാൾ ആശുപത്രിയിൽവച്ചു മരണത്തിനു കീഴടങ്ങിയതായി ദൗത്യസംഘങ്ങൾ അറിയിച്ചു. ബ്രസീൽ ഫുട്ബോൾ ടീം ഡിഫൻഡർ അലൻ റൂഷ്ചെൽ രക്ഷപ്പെട്ടവരിൽ ഉൾപ്പെടും. മാർകോസ് ഡാനിലോ പഡില്ല, ജാക്സൺ ഫോൾമൻ എന്നീ താരങ്ങളും രക്ഷപ്പെട്ടതായാണു വിവരം. ഒരു മാധ്യമപ്രവർത്തകനും ഒരു ക്രൂ അംഗവും രക്ഷപ്പെട്ടവരിൽപ്പെടും.

ബ്രസീലിലെ സാംപോളോയിൽനിന്നു പുറപ്പെട്ട വിമാനം ബൊളീവിയയിലെ സാന്റാ ക്രൂസിൽ ഇറക്കിയിരുന്നു. തുടർന്ന് കൊളംബിയയിലേക്കുള്ള യാത്രാമധ്യേയാണു തകർന്നു വീണത്. കോപ്പ സുഡമേരികാന (ദക്ഷിണ അമേരിക്കൻ കപ്പ്) ഫുട്ബോൾ ഫൈനലിന്റെ ആദ്യപാദ മത്സരത്തിനായി പുറപ്പെട്ട ചാപെകോയൻസ് താരങ്ങളും സംഘവുമായിരുന്നു വിമാനത്തിൽ. ബുധനാഴ്ച കൊളംബിയൻ ക്ലബ്ബിനെതിരേയായിരുന്നു ഫൈനൽ. ദുരന്തത്തെത്തുടർന്നു മത്സരം റദ്ദാക്കി.


കൊളംബിയയിലെ മെഡെലിൻ രാജ്യാന്തര വിമാനത്താവളത്തിലാണു ലാമിയ എയർലൈൻസിന് ഇറങ്ങേണ്ടിയിരുന്നത്. പ്രാദേശികസമയം രാത്രി പത്തു മണിയോടെ വൈദ്യുത തകരാറിനെത്തുടർന്ന് അടിയന്തര ലാൻഡിംഗിനായി സന്ദേശം പുറപ്പെട്ടു. തുടർന്ന് 50 കിലോമീറ്റർകൂടി വിമാനം സഞ്ചരിച്ച് മെഡെജിനു സമീപമുള്ള സെറോ ഗോർഡോയിൽ തകർന്നുവീഴുകയായിരുന്നു എന്ന് വിമാനത്താവളത്തിൽനിന്നുള്ള പത്രക്കുറിപ്പിൽ പറയുന്നു.

സമുദ്രനിരപ്പിൽനിന്ന് 3,300 മീറ്റർ ഉയരത്തിലായിരുന്നു വിമാനം തകർന്നു വീണത്. കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് ഹെലികോപ്റ്റർ ഇറക്കാൻ സാധിക്കാത്തതിനാൽ രക്ഷാപ്രവർത്തനം നിർത്തിവയ്ക്കേണ്ടിവന്നതായും ലാ സെജ മേയർ എൽകിൻ ഒസ്പിന പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.