തീവ്രവാദ വിരുദ്ധ പോരാട്ടം: ഇന്ത്യക്ക് ഒപ്പമെന്നു ബംഗ്ലാദേശ്
തീവ്രവാദ വിരുദ്ധ പോരാട്ടം: ഇന്ത്യക്ക് ഒപ്പമെന്നു ബംഗ്ലാദേശ്
Wednesday, November 30, 2016 1:55 PM IST
ധാക്ക: അതിർത്തി കടന്നുള്ള തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യക്കൊപ്പം നിൽക്കുമെന്ന് ബംഗ്ലാദേശ് പ്രസിഡന്റ് അബ്ദുൾ ഹമീദ്. ബംഗ്ലാദേശിൽ സന്ദർശനം നടത്തുന്ന പ്രതിരോധ മന്ത്രി മനോഹർ പരീക്കറുമായി നടന്ന കൂടിക്കാഴ്ചക്കു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തീവ്രവാദത്തോട് ഒരിക്കലും യോജിച്ചു പോകാൻ ബംഗ്ലാദേശിനാവില്ല. മേഖലയിൽ തീവ്രവാദം ശക്‌തിപ്പെടുന്നത് വലിയ ആശങ്കയോടെയാണ് ബംഗ്ലാദേശ് കാണുന്നത്. ഇക്കാര്യത്തിൽ ഇന്ത്യയുമായി നടത്തിയ ചർച്ചകൾ വലിയ പ്രതീക്ഷയാണു നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ സുരക്ഷാ ഉപദേഷ്‌ടാവുമായും പരീക്കർ ചർച്ച നടത്തി.

സൈനിക–സുരക്ഷാ മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്‌തമാക്കാനുള്ള ചർച്ചയാണ് നടന്നത്. പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്‌ടാവ് റിട്ട. മേജർ ജനറൽ താരിഖ് അഹമ്മദുമായാണു പരീക്കർ കൂടിക്കാഴ്ച നടത്തിയത്. അടുത്ത ദിവസം പ്രധാനമന്ത്രി ഷേഖ് ഹസീനയുമായും പരീക്കർ കൂടിക്കാഴ്ച നടത്തും. ആഗോളതലത്തിൽ ലോക രാജ്യങ്ങൾ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണു തീവ്രവാദം. ഇന്ത്യ ഉൾപ്പെടുന്ന മേഖലകളിലെ തീവ്രവാദം അമർച്ച ചെയ്യാൻ ഇന്ത്യ പ്രതിജ്‌ഞാബദ്ധമാണെന്നും അതിനു ബംഗ്ലാദേശിന്റെ സഹകരണം അഭ്യർഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


ബംഗ്ലാദേശിൽ സന്ദർശനം നടത്തുന്ന ആദ്യ ഇന്ത്യൻ പ്രതിരോധ മന്ത്രിയാണു മനോഹർ പരീക്കർ. മൂന്നു പ്രതിരോധ സേനകളുടെയും മുതിർന്ന ഉദ്യോഗസ്‌ഥരടക്കം 11 പേർ മനോഹർ പരീക്കർക്കൊപ്പമുണ്ട്. ചിറ്റഗോംഗിലുള്ള ബംഗ്ലാദേശ് മിലിട്ടറി അസോസിയേഷനിലും പരീക്കർ സന്ദർശനം നടത്തും. ചൈനയുമായി ബംഗ്ലാദേശ് സൈനിക സഹകരണം വിപുലപ്പെടുത്തിയിരുന്നു. ചൈനയിൽനിന്നു മുങ്ങിക്കപ്പൽ ഉൾപ്പെടെ ബംഗ്ലാദേശ് സൈന്യത്തിനു ലഭിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിൽ പരീക്കറിന്റെ ബംഗ്ലാദേശ് സന്ദർശനത്തിനു വലിയ രാഷ്ട്രീയ പ്രാധാന്യവുമുണ്ട്. ഡിസംബർ മധ്യത്തോടെ ഷേഖ് ഹസീന ഇന്ത്യയിൽ സന്ദർശനം നടത്തിയേക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.