കുടുംബം മാനുഷികമൂല്യങ്ങൾ പഠിക്കാനുള്ള കലാലയം: മാർ ആൻഡ്രൂസ് താഴത്ത്
കുടുംബം മാനുഷികമൂല്യങ്ങൾ പഠിക്കാനുള്ള കലാലയം: മാർ ആൻഡ്രൂസ് താഴത്ത്
Wednesday, November 30, 2016 1:55 PM IST
കൊളംബൊ: മാനുഷികമൂല്യങ്ങൾ പഠിക്കാനും പരിശീലിക്കാനുമുള്ള കലാലയമാണു കുടുംബമെന്നു തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്. ഏഷ്യയിലെ മെത്രാന്മാരുടെ പതിനൊന്നാമതു പ്ലീനറി സമ്മേളനത്തിൽ സീറോ മലബാർ സഭയെ പ്രതിനിധീകരിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സീറോ മലബാർ കുടുംബങ്ങളിൽ നിലനില്ക്കുന്ന പരമ്പരാഗത മൂല്യങ്ങൾ, സായാഹ്ന പ്രാർത്ഥനകൾ, കുടുംബ ലിറ്റർജി തുടങ്ങിയവ ആർച്ചുബിഷപ് ചൂണ്ടിക്കാട്ടി. സീറോ മലബാർ സഭയുടെ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ളിയുടെ ചർച്ചാവിഷയം കുടുംബങ്ങൾ നേരിടുന്ന വെല്ലുവിളികളും അവയുടെ പരിഹാരമാർഗങ്ങളുമായിരുന്നു എന്നത് അദ്ദേഹം അനുസ്മരിച്ചു.

കുടുംബങ്ങൾ നേരിടുന്ന പ്രശ്നങ്ങളെ അജപാലനപരമായ കരുണയോടും കരുതലോടുംകൂടി പരിഹരിക്കാൻ അജപാലകരുടെയും സമർപ്പിതരുടെയും വിശ്വാസികളുടെയും കൂട്ടായ പരിശ്രമം ആവശ്യമാണ്. വിവാഹമോചനം, സ്വവർഗ വിവാഹം, വിവാഹത്തിനു മുമ്പുള്ള സഹവാസം, ഗർഭഛിദ്രം തുടങ്ങിയവ ചെറുക്കപ്പെടേണ്ടതു തന്നെ. വെല്ലുവിളികളെ നേരിടാൻ ഫലപ്രദമായ ഒരു വിശ്വാസ പരിശീലനരീതി ആവശ്യമാണ്. വിശുദ്ധ ഗ്രന്ഥത്തിന്റെയും സഭാപിതാക്കന്മാരുടെയും പ്രബോധനങ്ങളെ അടിസ്‌ഥാനമാക്കിയുള്ള കുടുംബത്തിന്റെ സുവിശേഷം നിരന്തരമായി പ്രഘോഷിക്കുവാൻ സഭ മുന്നിട്ടിറങ്ങണം. ഇതിനു കുടുംബ കൂട്ടായ്മകൾ, സമർപ്പിത കുടുംബങ്ങൾ, ജീസസ് യൂത്ത്, മറ്റു ഭക്‌തസംഘടനകൾ തുടങ്ങിയവയുടെ പ്രധാന്യം നിസ്തൂലമാണെന്ന് ആർച്ച്ബിഷപ് പറഞ്ഞു.


പ്രവാസികളായി വിവിധ രാജ്യങ്ങളിൽ പാർക്കുന്ന സീറോ മലബാർ കുടുംബങ്ങൾക്ക് അജപാലനസംവിധാനങ്ങൾ ഒരുക്കുാൻ ഏഷ്യയിലെ മെത്രാന്മാർ തയാറാകണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ഇന്ത്യയിലെ ലത്തീൻ സഭയെ പ്രതിനിധീകരിച്ച് ഡൽഹി ആർച്ച്ബിഷപ് ഡോ. അനിൽ കൂട്ടോയും സമ്മേളനത്തിൽ സംസാരിച്ചു.

ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേന സ്വവസതിയിൽ നല്കിയ അത്താഴവിരുന്നിൽ മെത്രാൻസംഘം പങ്കെടുത്തു. ഇന്നു നടക്കുന്ന ചർച്ചയിൽ ഹിന്ദു, ബുദ്ധ, മുസ്ലിം കുടുംബങ്ങളെക്കുറിച്ചു വിവിധ മതനേതാക്കൾ പ്രസംഗിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.