കൊളംബിയൻ സമാധാന കരാറിനു പാർലമെന്റിന്റെ അംഗീകാരം
കൊളംബിയൻ സമാധാന കരാറിനു പാർലമെന്റിന്റെ അംഗീകാരം
Thursday, December 1, 2016 2:42 PM IST
ബോഗട്ട: ഫാർക് ഗറില്ലകൾക്ക് രാഷ്ട്രീയ മുഖ്യധാരയിൽ പ്രവർത്തിക്കുന്നതിന് അനുമതി നൽകുന്ന പുതുക്കിയ കൊളംബിയൻ സമാധാനക്കരാർ കൊളംബിയൻ പാർലമെന്റിന്റെ അധോസഭ ഏകകണ്ഠമായി അംഗീകരിച്ചു.സെനറ്റ് നേരത്തെ ഇതു പാസാക്കിയിരുന്നു.

ആദ്യത്തെ കരാർ ജനഹിത പരിശോധനയിൽ തള്ളപ്പെട്ടതിനെത്തുടർന്നാണ് പരിഷ്കരിച്ച കരാറിനു രൂപംനൽകിയത്. പുതുക്കിയ കരാർ സംബന്ധിച്ച് ജനഹിത പരിശോധന നടത്തില്ലെന്ന് കൊളംബിയൻ പ്രസിഡന്റ് ഹുവാൻ മാനുവൽ സാന്റോസ് വ്യക്‌തമാക്കി. അരനൂറ്റാണ്ടു ദീർഘിച്ച ആഭ്യന്തരയുദ്ധത്തിന് അന്ത്യം കുറിക്കുന്ന കരാർ കൊളംബിയയിൽ സമാധാനയുഗത്തിനു തുടക്കം കുറിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.

നീതിയും സമാധാനവും ഒത്തുപോകണമെന്നും അക്രമം നടത്തിയ ഗറില്ലകൾക്ക് ശിക്ഷ നൽകുന്ന കാര്യത്തിൽ പുതുക്കിയ കരാർ മൗനം പാലിക്കുകയാണെന്നും മുൻ കൊളംബിയൻ പ്രസിഡന്റും പ്രതിപക്ഷ നേതാവുമായ അൽവാരോ യൂറീബ് കുറ്റപ്പെടുത്തി. സെനറ്റിലെ ചർച്ചാവേളയിൽ യുറീബിന്റെ നേതൃത്വത്തിലുള്ള എംപിമാർ വാക്കൗട്ട് നടത്തിയിരുന്നു.


എണ്ണായിരത്തിലധികം വരുന്ന ഫാർക് ഗറില്ലകൾ അവരുടെ പക്കലുള്ള ആയുധങ്ങൾ താമസിയാതെ യുഎൻ നിരീക്ഷകർക്ക് കൈമാറിത്തുടങ്ങുമെന്നു പ്രസിഡന്റ് സാന്റോസ് പറഞ്ഞു. എന്നാൽപൊതുമാപ്പു നൽകിക്കൊണ്ടുള്ള നിയമം പാസാക്കണമെന്നും പ്രത്യേക സമാധാന ട്രൈബ്യൂണലുകൾ രൂപീകരിക്കണമെന്നും ഫാർക്കിന്റെ പത്തംഗ സെക്രട്ടേറിയറ്റ് അംഗമായ പാസ്റ്റർ അലാപെ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.