പഴയ ആലപ്പോ നഗരം സിറിയൻ സൈന്യം കൈയടക്കി
പഴയ ആലപ്പോ നഗരം സിറിയൻ സൈന്യം കൈയടക്കി
Wednesday, December 7, 2016 2:18 PM IST
ഡമാസ്കസ:് നാളുകൾ ദീർഘിച്ച പോരാട്ടത്തിനൊടുവിൽ പഴയ ആലപ്പോ നഗരം സിറിയൻ സൈന്യം പിടിച്ചു. നഗരംവിട്ട വിമതർ അഞ്ചുദിവസത്തെ വെടിനിർത്തൽ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നഗരത്തിൽ കുടുങ്ങിയ സാധാരണക്കാരെ ഒഴിപ്പിക്കാൻ വേണ്ടിയാണ് വെടിനിർത്തൽ ആവശ്യം ഉന്നയിച്ചത്.

സിറിയയിലെ രണ്ടാമത്തെ വലിയ നഗരമായ ആലപ്പോ രണ്ടായി വിഭജിക്കപ്പെട്ടിരിക്കുകയാണ്. കിഴക്കൻ ആലപ്പോയിൽ വിമതരും പടിഞ്ഞാറൻ ആലപ്പോയിൽ സൈന്യവുമാണു നിയന്ത്രണം കൈയാളുന്നത്. പഴയ ആലപ്പോ പിടിച്ചതോടെ വിമതരുടെ അധീനതയിൽ ഇനി കിഴക്കൻ ആലപ്പോയുടെ 25% പ്രദേശങ്ങളേ ഉള്ളു.

ട്രംപ് അമേരിക്കയിൽ അധികാരമേൽക്കുന്നതിനുമുമ്പ് ആലപ്പോ നഗരം പൂർണമായി കൈയടക്കാനുള്ള ശ്രമത്തിലാണ് അസാദ് ഭരണകൂടവും അവരെ പിന്തുണയ്ക്കുന്ന റഷ്യയും. റഷ്യൻ, സിറിയൻ യുദ്ധവിമാനങ്ങൾ ഇവിടെ നിരവധി തവണ വ്യോമാക്രമണം നടത്തി.


ആലപ്പോയെ സംബന്ധിച്ച് അമേരിക്കയ്ക്കു പ്രത്യേക നയമില്ലെന്ന് വിമതഗ്രൂപ്പിന്റെ വക്‌താവ് കുറ്റപ്പെടുത്തി. മുഴുവൻ വിമതരെയും അവരോടൊപ്പമുള്ള ഭീകരരെയും കിഴക്കൻ ആലപ്പോയിൽനിന്ന് തുരത്തണമെന്നതാണ് റഷ്യയുടെ അജൻഡ. അമേരിക്കയും ഇതിനോടു സഹകരിക്കുകയാണെന്നു തുർക്കിയിലുള്ള വിമത വക്‌താവ് പറഞ്ഞു.

ഇതിനിടെ വിമതസൈനികർ നടത്തിയ പീരങ്കി ആക്രമണത്തിൽ ആലപ്പോയിലെ റഷ്യൻ സൈനിക ഉപദേഷ്‌ടാവ് കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട ഉപദേഷ്‌ടാവിനു മരണാനന്തര സൈനിക ബഹുമതി നൽകുമെന്നു റഷ്യൻ പ്രതിരോധമന്ത്രാലയം വ്യക്‌തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.