ഡോണൾഡ് ട്രംപ് ടൈം വാരികയുടെ ’പേഴ്സൺ ഓഫ് ദി ഇയർ‘
ഡോണൾഡ് ട്രംപ് ടൈം വാരികയുടെ ’പേഴ്സൺ ഓഫ് ദി ഇയർ‘
Wednesday, December 7, 2016 2:18 PM IST
ന്യൂയോർക്ക്: നിയുക്‌ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപാണു ടൈം വാരികയുടെ 2016ലെ പേഴ്സൺ ഓഫ് ദി ഇയറെന്ന് വാരികയുടെ എഡിറ്റർ–ഇൻ–ചീഫ് നാൻസി ഗിബ്സ് അറിയിച്ചു. ട്രംപിന്റെ മുഖചിത്രമുള്ള വാരികയുടെ പതിപ്പിൽ പ്രസിഡന്റ് ഓഫ് ദി ഡിവൈഡഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക എന്നെഴുതിയത് ശ്രദ്ധിക്കപ്പെട്ടു.

ടൈമിന്റെ മുഖചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നതു വലിയ ബഹുമതിയായി കണക്കാക്കുന്നുവെന്നു ട്രംപ് എൻബിസി ന്യൂസിനോടു പറഞ്ഞു. യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നതിനു പകരം ഡിവൈഡഡ് സ്റ്റേറ്റ്സ് എന്നെഴുതിയതിൽ ട്രംപ് അതൃപ്തി രേഖപ്പെടുത്തി. അമേരിക്കയെ ഭിന്നിപ്പിക്കുന്നതിന് ഒന്നും ചെയ്തിട്ടില്ല.

അമേരിക്കയെ വീണ്ടും ഒന്നിച്ചുനിർത്താനാണു ശ്രമിക്കുന്നത്.സൈന്യത്തെ ശക്‌തിപ്പെടുത്തുകയും അമേരിക്കയെ വൻ സാമ്പത്തികശക്‌തിയാക്കി മാറ്റുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെകളുടെ സംസ്കാരത്തെ തച്ചുടച്ച് നാളെയുടെ രാഷ്ട്രീയ സംസ്കാരത്തിനു വഴിയൊരുക്കുകയും നിശബ്ദ വോട്ടർമാരുടെ രോഷവും ഭീതിയും മുതലെടുക്കുകയും ചെയ്ത നേതാവാണു ട്രംപെന്നു ടൈം അഭിപ്രായപ്പെട്ടു.


ട്രംപിനോട് ഏറ്റുമുട്ടി പരാജയപ്പെട്ട ഹില്ലരി ക്ലിന്റനാണ് റണ്ണർ അപ്പ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, വ്ളാദിമിർ പുടിൻ, നൈഗൽ ഫരാഷ്, മാർക്ക് സുക്കർബർഗ് തുടങ്ങിയ 11 പേർ ചുരുക്കപ്പട്ടികയിലുണ്ടായിരുന്നു.

ഓൺലൈൻ വോട്ടെടുപ്പിൽ നരേന്ദ്ര മോദിയെയാണു പേഴ്സൺ ഓഫ് ദി ഇയർ ആയി വായനക്കാർ തെരഞ്ഞെടുത്തത്. എന്നാൽ അന്തിമ തെരഞ്ഞെടുപ്പു നടത്തുന്നതു ടൈമിന്റെ എഡിറ്റർമാരാണ്. വാർത്തകളിൽ നിറഞ്ഞുനിൽക്കുകയും ലോകത്തെ സ്വാധീനിക്കുകയും ചെയ്ത വ്യക്‌തികളെയാണു പേഴ്സൺ ഓഫ് ദി ഇയർ ബഹുമതി നൽകി ആദരിക്കുന്നത്. 1927ൽ ചാൾസ് ലിൻഡ്ബർഗിനാണ് ആദ്യമായി ഈ ബഹുമതി നൽകുന്നത്.

കഴിഞ്ഞവർഷം ആംഗല മെർക്കലായിരുന്നു പേഴ്സൺ ഓഫ് ദ ഇയർ. പ്രശസ്ത വ്യക്‌തികളെ മാത്രമല്ല കുപ്രസിദ്ധി നേടിയവരെയും ടൈം തെരഞ്ഞെടുത്തിട്ടുണ്ട്്. 1938ൽ ഹിറ്റ്ലറും 1939ൽ സ്റ്റാലിനും ടൈമിന്റെ ബഹുമതിപട്ടികയിൽ ഇടം പിടിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.