ദക്ഷിണകൊറിയ; ഇംപീച്ച്മെന്റ് വോട്ട് ഇന്ന്
ദക്ഷിണകൊറിയ;  ഇംപീച്ച്മെന്റ് വോട്ട്  ഇന്ന്
Thursday, December 8, 2016 2:39 PM IST
സിയൂൾ: ദക്ഷിണകൊറിയൻ പ്രസിഡന്റ് പാർക് ഗ്യൂൻഹൈക്ക് എതിരേയുള്ള ഇംപീച്ച്മെന്റ് പ്രമേയം ദക്ഷിണകൊറിയൻ പാർലമെന്റിൽ ചർച്ചയ്ക്കെടുത്തു. പ്രമേയത്തിന്മേൽ ഇന്നു വോട്ടിംഗ് നടന്നേക്കുമെന്നാണു സൂചന.

പ്രമേയം അവതരിപ്പിച്ച് 72 മണിക്കൂറിനകം വോട്ടിംഗ് നടത്തണമെന്നാണു നിബന്ധന. ഇപ്പോഴത്തെ പാർലമെന്റ് സമ്മേളനം ഇന്നവസാനിക്കും. ഈ സാഹചര്യത്തിൽ ഇന്നു തന്നെ വോട്ടിംഗ് നടക്കാനാണു സാധ്യത.

സ്വതന്ത്രർ ഉൾപ്പെടെ പ്രതിപക്ഷത്തിന് 300 അംഗപാർലമെന്റിൽ 172 പേരുടെ പിന്തുണയുണ്ട്. ഭരണകക്ഷിയിലെ ചിലരും പ്രമേയത്തെ അനുകൂലിക്കുമെന്നാണു കരുതുന്നത്.പ്രമേയം പാസായാൽ പിന്നീട് ഭരണഘടനാബഞ്ചിനാണ് പാർക്കിനെതിരേ നടപടിയെടുക്കാൻ അധികാരം. 180 ദിവസമാണു സമയപരിധി.കോടതിയുടെ തീരുമാനംവരുംവരെ പാർക്കിനെ സസ്പെൻഡു ചെയ്യുകയും ചുമതലകൾ പ്രധാനമന്ത്രിക്കു കൈമാറുകയും ചെയ്യും.


വിശ്വസ്ത സുഹൃത്ത് ചോയി സൂൺസിലിനെ ഭരണത്തിൽ ഇടപെടാൻ അനുവദിച്ചെന്നാണു പാർക്കിനെതിരേയുള്ള മുഖ്യ ആരോപണം. പാർക്കും ചോയിയും ചേർന്നു വൻകമ്പനികളിൽ സമ്മർദം ചെലുത്തി ചോയിയുടെ കമ്പനികളിലേക്കു പണം ഒഴുക്കുകയായിരുന്നുവത്രെ . ദക്ഷിണകൊറിയയുടെ പ്രഥമ വനിതാ പ്രസിഡന്റാണു പാർക് ഗ്യൂൻഹൈ.

ഇംപീച്ച്മെന്റ് വോട്ടിംഗ് നേരിടുന്ന രണ്ടാമത്തെ ദക്ഷിണകൊറിയൻ പ്രസിഡന്റും. 2004ൽ അന്നത്തെ പ്രസിഡന്റ് റോമൂൺ ഹ്യൂയിനെ തെരഞ്ഞെടുപ്പു തിരിമറിയുടെയും കഴിവുകേടിന്റെയും പേരിൽ പാർലമെന്റ് ഇംപീച്ചു ചെയ്തു.

എന്നാൽ രണ്ടു മാസത്തിനകം ഭരണഘടനാ കോടതി അദ്ദേഹത്തെ പ്രസിഡന്റ് പദത്തിൽ വീണ്ടും അവരോധിച്ചു. കാലാവധി പൂർത്തിയാക്കി വിരമിച്ച റോ 2009ൽ മറ്റൊരു അഴിമതി അന്വേഷണക്കേസ് നേരിട്ടപ്പോൾ സ്വയം ജീവനൊടുക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.