ദക്ഷിണകൊറിയൻ പ്രസിഡന്റ് പാർക്കിനെ ഇംപീച്ച് ചെയ്തു
ദക്ഷിണകൊറിയൻ പ്രസിഡന്റ് പാർക്കിനെ ഇംപീച്ച് ചെയ്തു
Friday, December 9, 2016 2:35 PM IST
സിയൂൾ: അഴിമതി ആരോപണക്കേസിൽ കുടുങ്ങിയ ദക്ഷിണകൊറിയയിലെ പ്രഥമ വനിതാ പ്രസിഡന്റ് പാർക് ഗ്യൂൻഹൈയ്ക്ക് എതിരേയുള്ള ഇംപീച്ച്മെന്റ് പ്രമേയം പാർലമെന്റ് വൻഭൂരിപക്ഷത്തോടെ പാസാക്കി. ആക്ടിംഗ് പ്രസിഡന്റായി പ്രധാനമന്ത്രി ഹ്വാങ് ക്യോഹൻ ചുമതലയേറ്റു.

ഇംപീച്ച്മെന്റ് നടപടി പൂർത്തിയാകണമെങ്കിൽ ഭരണഘടനാ ബഞ്ചിന്റെ തീർപ്പു വരണം. ഇതിന് 180 ദിവസത്തെ സാവകാശമുണ്ട്. ഇക്കാലയളവിൽ പാർക്കിന് പ്രസിഡന്റിന്റെ കൊട്ടാരത്തിൽ(ബ്ലൂഹൗസ്) താമസിക്കാനും ആനുകൂല്യങ്ങൾ കൈപ്പറ്റാനും അവകാശമുണ്ട്. എന്നാൽ ഔദ്യോഗിക ചുമതലകൾ നിറവേറ്റാനാവില്ല.

പാർലമെന്റിന്റെയും ജനങ്ങളുടെയും തീരുമാനം അംഗീകരിക്കുന്നുവെന്നും ഭരണഘടനാ കോടതിയുടെ നടപടികളോടു സഹകരിക്കുമെന്നും ഇംപീച്ച്മെന്റ് വോട്ടിനുശേഷം ചേർന്ന കാബിനറ്റ് യോഗത്തിൽ 64കാരിയായ പാർക് പറഞ്ഞു. ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിന് അവർ മാപ്പു ചോദിച്ചു.

പാർക്കിനെ ഇംപീച്ച് ചെയ്യുന്നതിന് അനുകൂലമായി 300 അംഗ പാർലമെന്റിലെ 234 അംഗങ്ങൾ വോട്ടു ചെയ്തു. 56 പേരാണ് എതിർത്തത്. പാർക്കിന്റെ പാർട്ടിയായ സെന്യൂരിയിലെ 60 അംഗങ്ങൾ ഇംപീച്ച്മെന്റ് പ്രമേയത്തെ അനുകൂലിച്ചെന്നാണു വോട്ടിംഗ് ഫലം തെളിയിക്കുന്നത്. വോട്ടിംഗ് ഫലം അറിവായ ഉടൻ പാർലമെന്റിനു വെളിയിൽ തടിച്ചുകൂടിയ ജനങ്ങൾ ഹർഷാരവം മുഴക്കി. ജനങ്ങളുടെ വിജയം, ന്യൂ റിപ്പബ്ളിക് ഓഫ് കൊറിയ തുടങ്ങിയ മുദ്രാവാക്യങ്ങൾ എഴുതിയ ബാനറുകളുമായാണു പലരും എത്തിയത്.


ചോയി സൂൺസിൽ എന്ന സുഹൃത്തിനു ഭരണത്തിൽ ഇടപെടാൻ അവസരം നൽകിയെന്നാണ് പാർക്കിനെതിരേയുള്ള ആരോപണം. പാർക്കും ചോയിയും ചേർന്ന്് രാജ്യത്തെ പ്രമുഖ കമ്പനികളിൽ സമ്മർദം ചെലുത്തി വൻതുക ചോയിയുടെ വക കമ്പനികളിലേക്കൊഴുക്കി.

പ്രസിഡന്റെന്ന നിലയിൽ നിയമപരിരക്ഷയുള്ളതിനാൽ പാർക്കിനെ പ്രോസിക്യൂട്ടർമാർ ഇതുവരെ ചോദ്യം ചെയ്തില്ല. താൻ തെറ്റു ചെയ്തില്ലെന്നും എന്നാൽ തന്റെ ഭാഗത്ത് അശ്രദ്ധ സംഭവിച്ചെന്നും ഇതിനു മാപ്പു ചോദിക്കുന്നുവെന്നും പാർക് പലവട്ടം വ്യക്‌തമാക്കിയിട്ടുണ്ട്. പാർക്കിന്റെ രാജി ആവശ്യപ്പെട്ട് ഒരുമാസത്തിലേറെയായി അവരുടെ വസതിയായ ബ്ലൂഹൗസിനു മുന്നിൽ ജനങ്ങൾ പ്രകടനം നടത്തിവരികയായിരുന്നു.

ആക്ടിംഗ് പ്രസിഡന്റായി ചുമതലയേറ്റ പ്രധാനമന്ത്രി ഹ്വാങ് പാർക്കിന്റെ വിശ്വസ്തനാണ്. അതിനാൽ നയങ്ങളിൽ മാറ്റം പ്രതീക്ഷിക്കുന്നില്ല. ഉത്തരകൊറിയ പ്രകോപനത്തിനു തുനിഞ്ഞേക്കുമെന്ന ആശങ്കയിൽ സൈന്യത്തിനു ജാഗ്രതാ ഉത്തരവു നൽകാൻ പ്രതിരോധമന്ത്രിക്കു ആക്ടിംഗ് പ്രസിഡന്റ് ഹാങ് നിർദേശം നൽകി. ഭരണഘടനാ കോടതി പാർക്കിനെതിരേയുള്ള നടപടി സ്‌ഥിരീകരിച്ചാൽ 60 ദിവസത്തിനകം പുതിയ തെരഞ്ഞെടുപ്പു നടത്തണമെന്നാണു ചട്ടം. ഇംപീച്ച്മെന്റ് നേരിട്ട രണ്ടാമത്തെ പ്രസിഡന്റാണു പാർക്.

2004ൽ അന്നത്തെ പ്രസിഡന്റ് റോമൂൺ ഹ്യൂയിയെ പാർലമെന്റ് ഇംപീച്ച്ചെയ്തെങ്കിലും ഭരണഘടനാ കോടതി അദ്ദേഹത്തിന്റെ പദവി പുനഃസ്‌ഥാപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.