സിറിയയിലേക്ക് 200 യുഎസ് സൈനികർകൂടി
സിറിയയിലേക്ക് 200 യുഎസ് സൈനികർകൂടി
Saturday, December 10, 2016 2:07 PM IST
മനാമ: സിറിയയിൽ ഐഎസിനെതിരേ പോരാടുന്ന കുർദിഷ്, അറബി സൈനികരെ സഹായിക്കാനായി 200 യുഎസ് സൈനികരെക്കൂടി അയയ്ക്കുമെന്നു യുഎസ് പ്രതിരോധ സെക്രട്ടറി ആഷ് കാർട്ടർ അറിയിച്ചു.ബഹറിനിലെ മനാമയിൽ പശ്ചിമേഷ്യൻ സുരക്ഷയെക്കുറിച്ചുള്ള മനാമ ഡയലോഗിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിൽ 300 യുഎസ് സൈനികർ സിറിയയിലുണ്ട്. ഇവർക്കു പുറമേയാണ് സ്പെഷൽ സേനാ പരിശീലകർ, സ്ഫോടകവസ്തു വിദഗ്ധർ, ഉപദേഷ്ടാക്കൾ എന്നിവർ ഉൾപ്പെടുന്ന 200 അംഗ സൈനികടീമിനെ അയയ്ക്കുന്നതെന്നു കാർട്ടർ വ്യക്‌തമാക്കി. സിറിയയിൽ ഐഎസ് ആസ്‌ഥാനമായ റാഖാ പിടിക്കാൻ ശ്രമിക്കുന്ന കുർദിഷ് സൈന്യത്തെ സഹായിക്കുകയാണ് യുഎസ് സൈനികരുടെ മുഖ്യ ദൗത്യം.സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസാദിനെ പിന്തുണയ്ക്കുന്ന റഷ്യ സിറയയിലെ ആഭ്യന്തരയുദ്ധം ആളിക്കത്തിക്കാനാണു ശ്രമിച്ചതെന്നും സിറിയൻ ജനതയുടെ ദുരിതം വർധിപ്പിച്ചിരിക്കുകയാണെന്നും കാർട്ടർ ആരോപിച്ചു. ഇതിനിടെ സിറിയയിലെ രണ്ടാമത്തെ വലിയ നഗരമായ ആലപ്പോയുടെ 93ശതമാനവും അസാദിന്റെ സൈന്യം കൈയടക്കിയതായി റഷ്യൻ അധികൃതർ അറിയിച്ചു.

കഴിഞ്ഞദിവസങ്ങളിലായി അരലക്ഷത്തോളം സാധാരണക്കാർ വിമത മേഖലകളിൽനിന്നു സർക്കാർ മേഖലകളിലേക്കു പലായനം ചെയ്തു. ആലപ്പോ നഗരത്തിന്റെ കിഴക്കൻ മേഖലയിൽ വളരെ ചെറിയ ഭൂവിഭാഗം മാത്രമാണ് ഇനി വിമതരും അൽക്വയ്ദ ഭീകരരും ഉൾപ്പെടുന്ന ഗ്രൂപ്പിന്റെ അധീനതയിലുള്ളത്. പടിഞ്ഞാറൻ ആലപ്പോ നേരത്തെ തന്നെ സിറിയൻ സൈന്യം കൈയടക്കിയിരുന്നു. ട്രംപ് യുഎസിൽ അധികാരമേൽക്കുന്നതിനുമുമ്പ് ആലപ്പോ നഗരം പൂർണമായി തങ്ങളുടെ അധീനതയിലാക്കാനാണ് അസാദ് ഭരണകൂടം പ്ലാനിടുന്നത്. സിറിയൻ പ്രശ്നത്തിൽ റഷ്യയുമായി കൂടുതൽ സഹകരിച്ചു പ്രവർത്തിക്കുമെന്നുള്ള നിയുക്‌ത യുഎസ് പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവനയിൽ യൂറോപ്യൻ നേതാക്കൾ ആശങ്ക പ്രകടിപ്പിച്ചു.


ഐഎസിനെ പരാജയപ്പെടുത്തുന്നതിനാണു മുൻഗണനയെന്നും അസാദിനെ താഴെയിറക്കുന്നതിനല്ലെന്നും ട്രംപ് പറഞ്ഞിട്ടുണ്ട്.

എന്നാൽ സിറിയൻ പ്രശ്നത്തിനു രാഷ്ട്രീയ പരിഹാരം കാണാത്തപക്ഷം ഭീകരരെ ഒതുക്കുക അസാധ്യമാണെന്ന് പാശ്ചാത്യ നയതന്ത്രജ്ഞർ പറഞ്ഞു. ഇക്കാര്യം ട്രംപിന്റെ ഉപദേഷ്‌ടാക്കളെ അറിയിച്ചെന്നും അവർ വ്യക്‌തമാക്കി. ആലപ്പോയിൽ വെടിനിർത്തൽ നടപ്പാക്കണമെന്നു പാരീസിൽ സമ്മേളിച്ച സിറിയൻ വിമതരുടെയും യൂറോപ്യൻ, അറബി നയതന്ത്രപ്രതിനിധികളുടെയും യോഗം ആവശ്യപ്പെട്ടു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറിയും യോഗത്തിൽ പങ്കെടുത്തു.

ആലപ്പോയുടെ വിമത മേഖലകളിൽ കുടുങ്ങിയവർക്കു സുരക്ഷിതത്വം ഉറപ്പാക്കണമെന്നും അവർക്ക് ആവശ്യമായ ഭക്ഷണവും മരുന്നും ലഭ്യമാക്കണമെന്നും ഫ്രഞ്ച് വിദേശമന്ത്രി ഷാൻ മാർക് ഐരാൾട് ആവശ്യപ്പെട്ടു. വിമതരെ വകവരുത്തില്ലെന്നും ഉറപ്പുവരുത്തണം. യുഎസ്, റഷ്യൻ സൈനിക ഉപദേഷ്‌ടാക്കളും നയതന്ത്രജ്ഞരും സിറിയൻ പ്രശ്നം ചർച്ച ചെയ്യാൻ ജനീവയിൽ യോഗം ചേരുന്നുണ്ട്.

അസാദ് ഭരണകൂടവുമായി മുൻ ഉപാധികൂടാതെ സമാധാന ചർച്ചയ്ക്ക് തയാറാണെന്നും ഫ്രഞ്ച് വിദേശകാര്യമന്ത്രി വ്യക്‌തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.