സാന്റോസ് നൊബേൽ പുരസ്കാരം ഏറ്റുവാങ്ങി
സാന്റോസ് നൊബേൽ പുരസ്കാരം ഏറ്റുവാങ്ങി
Saturday, December 10, 2016 2:07 PM IST
ഓസ്ലോ: ഒരിക്കലും അവസാനിക്കില്ലെന്നു കരുതിയ കൊളംബിയയിലെ അരനൂറ്റാണ്ടു ദീർഘിച്ച രക്‌തച്ചൊരിച്ചിലിന് അന്ത്യം കുറിച്ചതിന്റെ ആഹ്ലാദം പങ്കുവച്ച് കൊളംബിയൻ പ്രസിഡന്റ് ഹുവാൻ മാനുവൽ സാന്റോസ് ഇന്നലെ സമാധാന നൊബേൽ പുരസ്കാരം ഏറ്റുവാങ്ങി. ഓസ്ലോ സിറ്റിഹാളിൽ നടന്ന ചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ടു നടത്തിയ പ്രസംഗത്തിൽ സാഹിത്യ നൊബേൽ ജേതാവ് ബോബ് ഡിലന്റെ ബ്ളോയിംഗ് ഇൻ ദ വിൻഡ് എന്ന പ്രശസ്ത യുദ്ധവിരുദ്ധഗാനത്തിലെ ഈരടിയും സാന്റോസ് ഉദ്ധരിച്ചു.

ദക്ഷിണാഫ്രിക്കയിലെയും വടക്കൻ അയർലൻഡിലെയും സമാധാന പ്രക്രിയയിൽനിന്നു പ്രചോദനം ഉൾക്കൊണ്ടാണ് കൊളംബിയൻ സർക്കാരും മാർക്സിസ്റ്റ് ഫാർക് ഗറില്ലകളും സമാധാനക്കരാറിൽ ഒപ്പുവച്ചതെന്നു സാന്റോസ് പറഞ്ഞു.


സ്വർണമെഡലും ഫലകവും 870,000 ഡോളറിന്റെ ചെക്കും സാന്റോസ് ഏറ്റുവാങ്ങി. ആഭ്യന്തരയുദ്ധത്തിൽ 32 ബന്ധുക്കൾ കൊല്ലപ്പെട്ട ലെയ്നർ പലാസിയോ ഉൾപ്പെടെ ഏതാനും പേരും വേദിയിൽ സാന്റോസിനൊപ്പം നിരന്നു. ഗറില്ലകൾ മാപ്പുചോദിച്ചു, പലാസിയോ അവരോടു ക്ഷമിച്ചു. സാന്റോസ് പറഞ്ഞപ്പോൾ പലാസിയോ തലകുലുക്കി സമ്മതിച്ചു. സദസ്യർ ഹർഷാരവം മുഴക്കി. മറ്റ് അഞ്ചുവിഭാഗങ്ങളിലുള്ള നൊബേൽ പുരസ്കാര ജേതാക്കൾക്ക് സ്റ്റോക്ഹോമിലെ ചടങ്ങിലാണു പുരസ്കാരം നൽകിയത്. പുരസ്കാരം വാങ്ങാൻ എത്തില്ലെന്നു സാഹിത്യനൊബേൽ ജേതാവ് ബോബ് ഡിലൻ അറിയിച്ചിരുന്നു. മുൻകൂട്ടി നിശ്ചയിച്ച മറ്റു പരിപാടികൾ ഉണ്ടെന്നാണ് അദ്ദേഹം നൊബേൽ കമ്മിറ്റിയെ അറിയിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.