ഹാക്കിംഗ്: റഷ്യൻ ഏജന്റുമാരെ തിരിച്ചറിഞ്ഞെന്നു യുഎസ്
ഹാക്കിംഗ്: റഷ്യൻ ഏജന്റുമാരെ തിരിച്ചറിഞ്ഞെന്നു യുഎസ്
Friday, January 6, 2017 2:44 PM IST
വാഷിംഗ്ടൺ ഡിസി: നവംബറിലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സൈബർ ആക്രമണം നടത്തിയ റഷ്യൻ ഏജന്റുമാരെ തിരിച്ചറിഞ്ഞെന്നു യുഎസ് ഇന്റലിജൻസ് ഉദ്യോഗസ്‌ഥർ വ്യക്‌തമാക്കി. പ്രസ്തുത ഏജന്റുമാർ ഡെമോക്രാറ്റിക് പാർട്ടിയുടെ ഇ മെയിലുകൾ മോഷ്‌ടിച്ച് വിക്കിലീക്സിന് കൈമാറി.

ഇമെയിലുകൾ പുറത്തായത് ട്രംപിന് അനുകൂലമായ തരംഗം സൃഷ്‌ടിക്കുകയും എതിരാളിയായിരുന്ന ഹില്ലരിക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തു. ഏജന്റുമാരുടെ പേരുകൾ പുറത്തുവിട്ടിട്ടില്ല.

ഇന്റലിജൻസ് മേധാവികളുമായി ട്രംപ് കൂടിക്കാഴ്ച നടത്താനിരിക്കേയാണ് ഏജന്റുമാരെ തിരിച്ചറിഞ്ഞ വിവരം അധികൃതർ പുറത്തുവിട്ടത്. എന്നാൽ തങ്ങൾക്കു ഇമെയിൽ സന്ദേശങ്ങൾ കിട്ടിയത് മോസ്കോയിൽനിന്നല്ലെന്നു വിക്കിലീക്സ് സ്‌ഥാപകൻ ജൂലിയൻ അസാൻജ് പറഞ്ഞു.

ഇതേസമയം ഡെമോക്രാറ്റിക് പാർട്ടിയെ മാത്രമല്ല റഷ്യൻ ഹാക്കർമാർ ലക്ഷ്യമിട്ടതെന്ന് എൻബിസി റിപ്പോർട്ടു ചെയ്തു. വൈറ്റ്ഹൗസ്, ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ്, സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റ്, വൻകിട യുഎസ് കമ്പനികൾ എന്നിവയെയും ഹാക്കർമാർ ലക്ഷ്യമിട്ടുവത്രെ.റഷ്യൻ ഇടപെടൽ സംബന്ധിച്ച വാർത്തകളിൽ നേരത്തെ ട്രംപ് സംശയം പ്രകടിപ്പിച്ചിരുന്നു.ഇതിനു പിന്നിൽ രാഷ്ര്‌ടീയമാണെന്നും കുറ്റപ്പെടുത്തി.


ട്രംപിന്റെ വിജയത്തിൽ മുതിർന്ന റഷ്യൻ ഉദ്യോഗസ്‌ഥർ ആഹ്ളാദം പ്രകടിപ്പിച്ചതു സംബന്ധിച്ച വിവരങ്ങളും യുഎസ് ഇന്റലിജൻസിനു കിട്ടിയിട്ടുണ്ട്. റഷ്യൻ ഇടപെടൽ എല്ലാ അമേരിക്കക്കാരെയും ആശങ്കാകുലരാക്കേണ്ടതാണെന്ന് സെനറ്റിന്റെ സായുധസേനാ കമ്മിറ്റി ചെയർമാൻ ജോൺ മക്കെയിൻ ചൂണ്ടിക്കാട്ടി.

റഷ്യൻ പ്രസിഡന്റ് പുടിൻ നേരിട്ടാണ് ഹാക്കിംഗിനു നിർദേശം നൽകിയതെന്നു നാഷണൽ ഇന്റലിജൻസ് ഡയറക്ടർ ജെയിംസ് ക്ലാപ്പർ കമ്മിറ്റിയിൽ നൽകിയ മൊഴിയിൽ വ്യക്‌തമാക്കി.

ഇന്റലിജൻസ് ഏജൻസികളെക്കാൾ വിവരം തനിക്കുണ്ടെന്നു കരുതുന്ന ട്രംപിന്റെ നിലപാടിനെ യുഎസ് വൈസ്പ്രസിഡന്റ് ബൈഡൻ അപലപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.