ഇന്ത്യൻ വംശജ യുഎസ് സ്റ്റുഡന്റ് അഡ്വൈസറി ബോർഡിൽ
Saturday, January 7, 2017 1:14 AM IST
വാഷിംഗ്ടൺ: ഇന്ത്യൻ വംശജയായ പതിനാറുകാരി ശ്വേത പ്രഭാകരനെ അമേരിക്കൻ പ്രഥമവനിത മിഷേൽ ഒബാമ തന്റെ വിദ്യാഭ്യാസ ക്യാമ്പയിന്റെ സ്റ്റുഡൻസ് അഡ്വൈസറി ബോർഡിലേക്ക് തെരഞ്ഞെടുത്തു. യുഎസിലെ യുവതീയുവാക്കൾക്ക് വിദ്യാഭ്യാസ അവസരം ഒരുക്കുകയാണ് മിഷേലിന്റെ വിദ്യാഭ്യാസ ക്യാമ്പയിന്റെ ലക്ഷ്യം.

ബെറ്റർ മേക്ക് റൂം എന്ന ക്യാമ്പയിനിൽ ശ്വേതയുടെ ചുമതല കംപ്യൂട്ടർ സയൻസ് രംഗത്ത് കൗമാരക്കാർക്കു വിദ്യാഭ്യാസം നൽകുകയെന്നതാണ്. 12 ഹൈസ്കൂൾ വിദ്യാർഥികളും അഞ്ച് കോളജ് വിദ്യാർഥികളും അടങ്ങുന്നതാണ് സ്റ്റുഡൻസ് അഡ്വൈസറി ബോർഡ്. വിർജീനിയയിലെ തോമസ് ജെഫേഴ്സൺ ഹൈസ്കൂളിലെ വിദ്യാർഥിനിയാണ് ശ്വേത. ഒപ്പം എൻജിനിയറിംഗ് രംഗത്തെ പുതു സാങ്കേതിക തത്വങ്ങൾ കൗമാരക്കാർക്കു പരിചയപ്പെടുത്തുന്ന ലാഭരഹിത സ്‌ഥാപനമായ എവരിബെഡി കോഡ് നൗ എന്ന സ്‌ഥാപനത്തിന്റെ സിഇഒകൂടിയാണ്.


അമേരിക്കയിലെ ഇന്ത്യാനാപോളീസിൽ ജനിച്ച ശ്വേതയുടെ മാതാപിതാക്കൾ 1998ൽ തമിഴ്നാട്ടിലെ തിരുനെൽവേലിയിൽനിന്നും കുടിയേറിയവരാണ്.വിദ്യാഭ്യാസരംഗത്ത് അമേരിക്കയെ മുൻനിരയിലേക്ക് കൊണ്ടുവരികയാണ് മിഷേലിന്റെ ബെറ്റർ മേക്ക് റൂം ക്യാമ്പയിന്റെ ലക്ഷ്യം.2016ൽ അന്താരാഷ്ട്ര സാക്ഷരതാ അസോസിയേഷന്റെ 30 വയസിനു താഴെയുള്ളവരുടെ പട്ടികയിലും ശ്വേത ഇടംപിടിച്ചിരുന്നു. 2015ൽ ഭരതനാട്യ കലാകാരി എന്ന നിലയിലും ശ്വേതയെ വൈറ്റ് ഹൗസ് ആദരിച്ചിരുന്നു.