മൊസൂളിൽ ഇറാക്കി സൈന്യം മുന്നേറുന്നു
Saturday, January 7, 2017 2:16 PM IST
ബാഗ്ദാദ്: രാജ്യത്തെ ഐഎസിന്റെ അവസാന ശക്‌തികേന്ദ്രമായ മൊസൂളിൽ ഇറാക്കി സൈന്യത്തിനു മുന്നേറ്റം. മധ്യ മൊസൂളിലെ ഐഎസ് നിയന്ത്രിത മേഖലയിൽ കൂടി ഒഴുകുന്ന ടൈഗ്രീസ് നദിയുടെ സമീപംവരെ ഇറാക്കി സൈന്യം മുന്നേറിയതായാണു റിപ്പോർട്ട്. ഇതിനിടെ മൊസൂളിനു സമീപമുള്ള ബാഷിക്വ നഗരത്തിൽനിന്നു തുർക്കി സൈന്യത്തെ പിൻവലിക്കുന്ന കാര്യത്തിൽ ഇറാക്കും തുർക്കിയും തമ്മിൽ ധാരണയായി.

ഇറാക്ക് പ്രധാനമന്ത്രി ഹൈദർ അൽ അബാദിയും തുർക്കി പ്രധാനമന്ത്രി ബിനാലി യിൽദിറിം തമ്മിൽ നടന്ന ചർച്ചയിലാണു ബാഷികയിൽനിന്നു തുർക്കി സൈന്യത്തെ ഒഴിപ്പിക്കാൻ ധാരണയായത്. ഇരുരാജ്യങ്ങളും പരസ്പരം ബഹുമാനത്തോടെ ഉഭയകക്ഷി ബന്ധം തുടരാനും ചർച്ചയിൽ തീരുമാനമായി.


എന്നാൽ, ധാരണയിലെത്തിയതായി സമ്മതിക്കാൻ തുർക്കി പ്രധാനമന്ത്രി ബിനാലി യിൽദിറിം തയാറായിട്ടില്ല. പ്രശ്നം പരിഹരിക്കുമെന്നു മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വടക്കൻ ഇറാക്കിലെ ബാഷികയിലെ തുർക്കി സൈനികരുടെ സാന്നിധ്യം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും സ്‌ഥാനപതികളെ വിളിച്ചുവരുത്തി താക്കീതു നൽകുകയും ചെയ്തിരുന്നു.