യുഎസ് തെരഞ്ഞെടുപ്പ്: പുടിനെതിരെ തെളിവുമായി രഹസ്യാന്വേഷണ ഏജൻസി
യുഎസ് തെരഞ്ഞെടുപ്പ്: പുടിനെതിരെ തെളിവുമായി രഹസ്യാന്വേഷണ ഏജൻസി
Saturday, January 7, 2017 2:16 PM IST
വാഷിംഗ്ടൺ: നവംബറിൽ നടന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഹില്ലിരി ക്ലിന്റണെ പരാജയപ്പെടുത്താൻ റഷ്യൻ പ്രസിഡന്റ് വ്ളാദിമർ പുടിൻ ഇടപെട്ടെന്നു തെളിയിക്കുന്ന രേഖകളുമായി അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസി.

ഹില്ലരിയുടെ പ്രതിച്ഛായ തകർക്കുന്ന വിധത്തിൽ സൈബർ ആക്രമണത്തിനു പുടിൻ നിർദേശം നൽകിയതായി രഹസ്യാന്വേഷണ വിഭാഗം സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

അമേരിക്കയുടെ തെരഞ്ഞെടുപ്പ് പ്രക്രിയയെ വിലകുറച്ചു കാണിക്കുക, ഡെമോക്രാറ്റിക് പാർട്ടി സ്‌ഥാനാർഥി ഹില്ലരി ക്ലിന്റന്റെ ജനപ്രീതി തകർക്കുക എന്നീ ലക്ഷ്യങ്ങളോടെയാണു സൈബർ ആക്രമണത്തിനു പുടിൻ ഉത്തരവിട്ടതെന്നു യുഎസ് ദേശീയ രഹസ്യാന്വേഷണ ഏജൻസി ഡയറക്ടറുടെ 31 പേജുള്ള റിപ്പോർട്ടിൽ ആരോപിക്കുന്നു. വീക്കിലിക്സിന്റെ കൈവശമുള്ള അമേരിക്കക്കെതിരായ പല രേഖകളും റഷ്യ ഇടപെട്ടു മാധ്യമങ്ങൾക്കു കൈമാറിയതായും റിപ്പോർട്ടിൽ പറയുന്നു.


റിപ്പോർട്ട് അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയ്ക്കു വ്യാഴാഴ്ച നൽകിയിരുന്നു. റിപ്പോർട്ടിന്റെ പകർപ്പ് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിനും നിയുക്‌ത വൈസ് പ്രസിഡന്റ് മൈക്ക് പെൻസിനും രഹസ്യാന്വേഷണ ഏജൻസി കൈമാറിയിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടൽ സ്വാധീനം ചെലുത്തിയിട്ടില്ലെന്നു നിയുക്‌ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.

റഷ്യ, ചൈന എന്നീ രാജ്യങ്ങൾ അമേരിക്കയുടെ രഹസ്യങ്ങൾ ചോർത്താൻ സൈബർ ആക്രമണം നടത്താൻ ശ്രമിക്കുന്നുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു. താൻ ചുമതലകൾ ഏറ്റെടുത്താൽ ഇത്തരം ശ്രമങ്ങളെ കർശനമായി പ്രതിരോധിക്കാനുള്ള സംവിധാനം ശക്‌തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.